
പാലക്കാടൻ ഗ്രാമീണ പശ്ചാത്തലത്തിൽ സന്തോഷ് ഏച്ചിക്കാനം എഴുതിയ നോവലാണ് മാതംഗലീല. ചെറുകഥകളിലൂടെ സാഹിത്യരംഗത്ത് തന്റെ സാന്നിധ്യം ഉറപ്പിച്ച എഴുത്തുകാരനായതുകൊണ്ട് നോവലിലേക്കുള്ള ചുവടുമാറ്റത്തിനായി എഴുത്തുകാരൻ സ്വീകരിച്ച മുന്നൊരുക്കങ്ങളും പഠനങ്ങളും നോവൽ വായനയിൽ നിന്നും വ്യക്തമാണ്. ഗ്രാമീണതയുടെ വിശ്വാസത്തെയും ഒടിവിദ്യയെയും, കുടിയാന്മാർക്ക് നേരെ നീളുന്ന ജന്മിത്വത്തിന്റെ കരങ്ങളേയും, അധികാരികളുടെ നിലയ്ക്കാത്ത ഉറച്ച ശബ്ദവും, തല്ലുകൊള്ളുന്നവന്റെയും തല്ലുന്നവന്റെയും അലർച്ചയും, അടിച്ചമർത്തലുകൾക്കൊടുവിൽ സഹനം മറന്ന് എതിർക്കാൻ തുനിയുന്നവരുടെ രാഷ്ട്രീയവും,സവർണ്ണരുടെയും അവർണരുടെയും ഇടപെടലും ഒപ്പം തിരുമിറ്റക്കോട് ബാലകൃഷ്ണൻ എന്ന ആന ബാലന്റെയും കഥയാണ് മാതംഗലീല.
ഈ നോവൽ മനുഷ്യ ജീവിതത്തിന്റെ അടരുകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന ശക്തമായ രചനകൂടിയാണ് . സന്തോഷ് ഏച്ചിക്കാനം തന്റെ ആദ്യ നോവലിൽ തന്നെ മനുഷ്യബന്ധങ്ങളുടെ സങ്കീർണതയും സമൂഹത്തിന്റെ ഇരുണ്ട വശങ്ങളും അതി സൂക്ഷ്മമായി വിവരിക്കുന്നു. ആന ബാലേട്ടൻ എന്ന തിരുമിറ്റക്കോട് ബാലകൃഷ്ണന്റെ മരണത്തെ തുടർന്ന് എഴുതുന്ന ഒരു എഫ്ഐആറിലൂടെയാണ് നോവലിന്റെ ആഖ്യാനം നടക്കുന്നത്. മൃഗങ്ങളും പക്ഷികളും പ്രകൃതിയും മനുഷ്യരും ഒന്നിച്ച് കഥാപാത്രങ്ങൾ ആവുകയും ഭാവനയും ഒടിവിദ്യയും കഥാപ്രമേയം ആകുന്നതും നോവലിന്റെ ഘടനയ്ക്ക് ശക്തി കൂട്ടുന്നു. മാജിക്കൽ റിയലിസത്തിന്റെ സാധ്യതകളെ ആവോളം എഴുത്തിലേക്ക് സന്നിവേശിപ്പിച്ചതിനോടൊപ്പം ചരിത്രം എത്തിനോക്കാൻ മടിക്കുന്ന കീഴാള ജീവിതത്തിലേക്ക് കൂടി നോവൽ വെളിച്ചം വീശുന്നു. മാതംഗലീല എന്ന പേര് തന്നെ നാനാർത്ഥങ്ങൾ തുറന്നു കൊടുക്കുന്നുണ്ട് അധികാരവും അധീനതയും മനുഷ്യന്റെ ഉള്ളിലെ മൃഗീയതയും സ്നേഹത്തിന്റെയും കരുണയുടെയും നിസ്സഹായതയുടെയും സന്ദർഭങ്ങൾ നോവലിനെ ഭംഗി കൂട്ടുന്നു.

ലളിതമായ ഭാഷ കവിത തുളുമ്പുന്ന സൗന്ദര്യവും നോവലിന് ശക്തി നൽകുന്നതോടൊപ്പം സാധാരണ വായനക്കാരെ കൂടി ആകർഷിക്കാൻ പാകത്തിനുള്ളതാണ് കഥാപാത്രങ്ങളുടെ വേദനയും മൗനവും നിസ്സഹായതയുമെല്ലാം വായനക്കാരുടെ ഉള്ളിലേക്കും യഥേഷ്ടം കടന്നെത്തുന്നു.
ആനയാവാൻ കൊതിച്ച് സ്വയം ആനയെന്ന് വിശ്വസിച്ചിരുന്ന ബാലകൃഷ്ണൻ എന്ന കഥാപാത്രം ആനയായി തീരുകയാണ്. തന്റെ പ്രിയപ്പെട്ടവളെ ഇല്ലാതാക്കിയ അധികാരികളോട് പ്രതികാരത്തിനായി അവൻ കാടിറങ്ങി നാട്ടിലേക്ക് കയറുന്നു. ഈ നോവലിൽ ആന ഒരു മൃഗം എന്ന നിലയിൽ മാത്രം നിലനിൽക്കുന്നില്ല.അത് ശക്തിയുടെ പ്രതീകമാണ്. കേരള നവോത്ഥാന കാലഘട്ടത്തിലെ രാഷ്ട്രീയവും പകയും പ്രതികാരവും പ്രണയവും രതിയും കുറ്റവും ശിക്ഷയും നീതിയും നിയമം ജാതിയും വർണ്ണവും വർണവെറികളും നോവലിലുടനീളം വായനക്കാർക്ക് ദർശിക്കാം
നോവലിലെ കഥാപാത്രങ്ങളെല്ലാം തന്നെ ആൺ പെൺ ഭേദമില്ലാതെ, മൃഗമെന്നോ മനുഷ്യനെന്നോ വ്യത്യാസം ഇല്ലാതെ കഥയുടെ ഗതി നിർണയിക്കുന്നുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാൽ സമ്പന്നമാണീ നോവൽ. ബാലകൃഷ്ണൻ, തെച്ചോരൻ എന്ന ഒടിയൻ ആശാൻ, ചിത്തിരശെൽവി,കണ്ണാന്തളി,പാർവതി , താഴമ്പൂ,സുഭദ്ര,ആര്യ അന്തർജനം എന്ന മുംതാസ്, പച്ചോല,ഹൈദരലി,,മാധവ പണിക്കർ , ഈശ്വര പണിക്കർ, നമ്പീശൻ ഹോട്ടലിന്റെ നടത്തിപ്പുകാരായ നമ്പീശനും ഭാര്യയും എന്ന് വേണ്ട ചെറുതും വലുതുമായി എല്ലാ കഥാപാത്രങ്ങളും കഥാപാത്രമികവുകൊണ്ട് ശ്രദ്ധയാകർഷിക്കുന്നു.കൂടാതെ നീലകണ്ഠൻ എന്ന ആന, കടമ്പനെന്ന മയിൽ, ചിത്തിര ശെൽവിയുടെ കാവൽക്കാരായ അനേകം പാമ്പുകൾ, വെള്ളാങ്കരിയുടെ ഒടിരൂപമായ പോത്ത്, ഈശ്വര പണിക്കരുടെ ആത്മാവ് കുടികൊള്ളുന്ന നെല്ലിമരം എന്നിങ്ങനെ ഒരു ജൈവവ്യവസ്ഥയുടെ മുഴുവൻ സാന്നിധ്യവും നോവലിൽ പ്രകടമാണ്.
താൻ സ്നേഹിച്ച ചിത്തിര ശെൽവിക്ക് നേരിട്ട അപമാനത്തിനും ദുരിതങ്ങൾക്കും പ്രതികാരം ചെയ്യാനാണ് ബാലകൃഷ്ണൻ ഒടിവിദ്യ പഠിക്കാൻ തച്ചോരൻ മുത്താപ്പന്റെ അടുത്തെത്തുന്നത്. ആനയാവുക എന്ന തീവ്രമായ ആഗ്രഹത്തോടൊപ്പം പ്രതികാര ദാഹവും കൂടിച്ചേർന്നപ്പോൾ ബാലകൃഷ്ണന്റെ പഠനം എളുപ്പമായിരുന്നു. അതുവരെ ജീവിച്ച ലോകത്ത് നിന്നും വിഭിന്നമായ മറ്റൊരു ലോകത്തിലെ വാതിലുകൾ അയാൾക്ക് മുന്നിൽ തുറക്കപ്പെട്ടു. ആനകളുടെ ഭാഷ സ്വായത്തമാക്കിയതിനാൽ തന്നെ ആനകളുമായി സംവദിക്കാൻ കഴിഞ്ഞത് ബാലകൃഷ്ണന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.
ചിത്തിര ശെൽവി എന്ന കഥാപാത്രം സർപ്പയജ്ഞക്കാരിയായാണ്. നോവലിൽ രംഗപ്രവേശനം ചെയ്യുന്നത് താൻ നിയന്ത്രിക്കുന്ന അനേകം പാമ്പുകളുടെ ഇടയിൽ അവയെ പരിചരിച്ചും ലാളിച്ചും ശാസിച്ചും ഭയരഹിതയായി കഴിയുന്നവൾ. ആരെയും കുസാത്ത മനോഭാവമുള്ള അവൾ ബാലകൃഷ്ണനോട് അടുക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.ഒരു നിർണായകഘട്ടത്തിൽ ശരീരം നഷ്ടപ്പെട്ട ശെൽവി സവർണ്ണ ജാതിക്കാരിയായ പാർവതിയുടെ ശരീരത്തിലേക്ക് ആവാഹിക്കപ്പെടുന്നുണ്ട്. എന്നാൽ ജാതിയുടെ മേൽക്കോയ്മ അവിടെയും അവളെ അടിമപ്പെടുത്തുന്നു. ബാലകൃഷ്ണനോടുള്ള അടങ്ങാത്ത സ്നേഹം മൂലം ശെൽവി പലതും സഹിക്കുന്നത് നോവലിൽ പ്രകടമാണ്.

പോലീസുകാരോട് അക്ഷരശ്ലോക മത്സരം ജയിച്ച് ജീവൻ തിരികെ ലഭിക്കുന്ന ആര്യ മറ്റൊരു കരുത്തുറ്റ സ്ത്രീ കഥാപാത്രമാണ്. അതിജീവനത്തിന്റെ പാതയിൽ നാട്ടുകാരാലും വീട്ടുകാരാലും ഉപേക്ഷിക്കപ്പെട്ട അവൾ ഹൈദരലിയുടെ ജീവിതപങ്കാളിയാകുന്നത് തികച്ചും വിപ്ലവകരമായ ഒരു തീരുമാനമായിരുന്നു. അതിക്രൂരനായ ഡി ഐ ജി ബൽറാമിനെ ഇടശ്ശേരി കവിതകൾ ചൊല്ലി പരാജയപ്പെടുത്തിയ ആര്യയ്ക്ക് വാക്കുകൾ ഒരു നെയ്തുശാലയാണെന്ന തോന്നൽ ഉണ്ടായി. അതിലെ തറികളിൽ നിന്നുണ്ടാക്കിയെടുത്ത കറുത്ത ചേലകൾ കൊണ്ട് ഇരുട്ടിൽ നിർത്തിയിരിക്കുന്ന അനേകം സ്ത്രീകളെ അവൾ ഒടുപ്പിച്ചു.സ്നേഹത്തിനും സന്തോഷത്തിനും സ്വന്തം നിലനിൽപ്പിനു വേണ്ടി ആര്യ ഹൈദരലിയുടെ മുംതാസ് ആയി രൂപാന്തരം നടത്തി. തന്നെ ദ്രോഹിച്ച ഈശ്വര പണിക്കരുടെ തലയാണ് മുംതാസ് മഹറായി ഹൈദരാലിയോട് ചോദിക്കുന്നത്.
താഴമ്പൂ എന്ന അതിശക്തമായ കഥാപാത്രം നോവലിനെ മറ്റൊരു തരത്തിലേക്ക് ഉയർത്തുന്നുണ്ട്. കാട്ടിൽ നിന്ന് കിട്ടിയ മയിൽമുട്ട സംരക്ഷിച്ച്, സ്വന്തം അടിവയറ്റിൽ കെട്ടിവച്ച് ചൂട് നൽകി വിരിയിപ്പിച്ച് സ്വന്തം മകനെ എന്ന പോലെ താഴമ്പു കൊണ്ടുനടക്കുന്ന രംഗം നോവലിന്റെ കരുത്ത് വർധിപ്പിക്കുന്നു. മയിലിനെ വളർത്തുകയും അതിന്റെ പുറത്ത് കയറി സഞ്ചരിക്കുകയും ചെയ്ത താഴമ്പൂ ക്രമേണ അനീതിക്കും അക്രമങ്ങൾക്കും നീതി നിഷേധങ്ങൾക്കും എതിരെ ശബ്ദമുയർത്തുന്ന തൊഴിലാളി നേതാവായി പരിണമിക്കുന്നുണ്ട്. സ്നേഹത്തിന്റെ പര്യായമാണ് താഴമ്പൂ. കടമ്പനെ അംഗീകരിക്കുന്ന ഒരാളെ മാത്രമേ വിവാഹം കഴിക്കൂ എന്ന നിബന്ധന അംഗീകരിച്ച ബാലകൃഷ്ണനെ വിവാഹം കഴിച്ചെങ്കിലും ചിത്തിര ശെൽവിയുടെ ആത്മാവിന്റെ പക മൂലം ആ ദാമ്പത്യം മുന്നോട്ടു പോയില്ല. എന്നിരുന്നാലും ബാലകൃഷ്ണനോടുള്ള സ്നേഹം എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന നൈർമല്യമുള്ള കഥാപാത്രമായി താഴമ്പൂ മാറുന്നു.ഒപ്പം കടമ്പനെ പിടിച്ചുകൊണ്ടുപോകുന്ന മൃഗശാല അധികാരികൾക്ക് കൂടി അവളുടെ സ്നേഹത്തിന്റെ തോത് മനസ്സിലാക്കാനും മൃഗശാലയിൽ തന്നെ മകനെ എന്നും കാണാൻ പാകത്തിലുള്ള ഒരു ജോലി തരപ്പെടുത്താനും സാധിക്കുന്ന താഴമ്പൂ വായനക്കാരുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുന്നു. അടിച്ചമർത്തലുകൾക്കൊടുവിൽ പാവപെട്ട ജനതയുടെ ശബ്ദമായി താഴമ്പൂ മാറുന്നുണ്ട്. വെട്ടവും വെളിച്ചവും വന്നാൽ മനുഷ്യരുടെ പേടി പോകുമെന്നും അതോടെ ഒടിയനും പോകുമെന്നും പിന്നെ പാവങ്ങളെ സംരക്ഷിക്കാൻ എ. കെ. ജി യും ഇ. എം. എസും മാത്രമേ ഉണ്ടാവൂ എന്നും അവൾക്ക് വിശ്വാസമായിരുന്നു. തൊഴിലാളി വർഗ്ഗത്തിന്റെ നേതാവായി താഴമ്പൂ ഉയർത്തെപ്പെട്ടു. പറഞ്ഞിട്ട് പോലും കടമ്പനെ ഉപേക്ഷിക്കാൻ താഴമ്പൂ തയ്യാറാകുന്നില്ല.പറക്കലാണ് ഒരു പക്ഷിയുടെ സ്വാതന്ത്ര്യം എന്നും ഒരു പക്ഷിയെ കൊണ്ട് പറക്കണ്ട എന്ന് പറയാൻ ഈ ലോകത്ത് ഒരുത്തനും അവകാശമില്ലെന്നും താഴമ്പൂ ഉറക്കെ പറയുന്നുണ്ട്. പക്ഷിയെ പോലും നേരാം വണ്ണം പറക്കാൻ വിടാത്ത എന്തൊരു നാടാണ് ഇതൊന്നും അവൾ ആകുലപ്പെടുന്നുണ്ട്.
അമ്മയും മകളും ഒരേ പുരുഷനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുക എന്ന അപൂർവ്വ സന്ദർഭവും നോവലിലുണ്ട്. സുഭദ്ര അന്തർജനവും പാർവതിയും വിക്കി എന്ന് ത്രിവിക്രമനെ ഒരുപോലെ സ്നേഹിച്ചു. അമ്മയുടെ രണ്ടാം ഭർത്താവാണെന്ന് അറിഞ്ഞിട്ടും പാർവതി വിക്കിയെ ആരാധിക്കുന്നതും അയാളുടെ കുഞ്ഞിന്റെ അമ്മയാവാൻ മോഹിക്കുന്നതും സുഭദ്രയിൽ കടുത്ത വിദ്വേഷം ഉണർത്തുന്നു.സ്നേഹത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത ഒരു സ്ത്രീയായി സുഭദ്ര മാറുന്നു. ഒരു സ്ത്രീ ഒരാണിനെ മനസ്സറിഞ്ഞ് ഇഷ്ടപ്പെട്ടാൽ അവൾ അവനെ ജീവിതത്തിലൊരിക്കലും മനസ്സിൽ നിന്നും പറിച്ചു കളയില്ല എന്ന സത്യം നോവൽ പറഞ്ഞു വയ്ക്കുന്നു. അതിലൂടെ ഉടലെടുക്കുന്ന അസൂയ ചിത്തിര ശെൽവിയിലൂടെയും താഴമ്പൂവിലൂടെയും സുഭദ്ര അന്തർജ്ജനത്തിലൂടെയും പാർവതിയിലൂടെയും വ്യക്തമാകുന്നു. പാർവതിയുടെ വയറ്റിലെ കുഞ്ഞിനെ ഇല്ലാതാക്കാൻ സുഭദ്ര മുന്നിട്ടിറങ്ങുന്നത് നമുക്ക് കാണാം. സ്വന്തം മകൾ ഇല്ലാതായാലും താൻ സ്നേഹിച്ച പുരുഷനെ മറ്റൊരാൾക്കും വിട്ടുകൊടുക്കില്ലെന്ന് ഉറച്ച തീരുമാനമായിരുന്നു ആ നീക്കത്തിന് പിന്നിൽ.
സ്ത്രീയെ ഭോഗവസ്തുവായി ചിത്രീകരിക്കുന്നതിനപ്പുറം ആണിന് കരുത്ത് നൽകുന്ന,സാന്ത്വനം പകരുന്ന, തണലായി നിൽക്കുന്ന സ്ത്രീകളെയാണ് മാതംഗലീലയിൽ കാണാൻ കഴിയുക ആര്യ അന്തർജനവും താഴമ്പൂവും കണ്ണാന്തളിയും പച്ചോലയും ചിത്തിര ശെൽവിയും അതിനുദാഹരണമാണ്.
ഭാഷയ്ക്ക് മാത്രമേ ആയുധങ്ങളെ തോൽപ്പിക്കാനുള്ള ശക്തിയുള്ളൂ’ എന്ന് ബാലകൃഷ്ണൻ ചിന്തിക്കുന്നുണ്ട്. ശരീരം നശ്വരമാണ്, ആത്മാവാണ് പ്രധാനം എന്നൊക്കെ പറയുമെങ്കിലും ഒരു വ്യക്തിയെ നിർണയിക്കുന്നതിൽ അതിന് രണ്ടിനും തുല്യഅളവിൽ പ്രാധാന്യമുണ്ട് എന്ന് ഈ നോവൽ വായിച്ചാൽ സ്പഷ്ടമാകും. ‘മനുഷ്യർ ശരീരത്തിന് മേൽ ആസക്തിയുടെ പുഴുക്കളെപ്പോലെ നുരയുകയാണ് ഇനി കാഴ്ചയുടെ കാലമാണ് മോളെ എന്ന് പാർവതി ചിത്തിര ശെൽവിയോട് പറയുന്നുണ്ട്.മൃതയായ പാർവതിയുടെ ശരീരത്തിലേക്ക് ഹീന ജാതിക്കാരിയായ ചിത്തിര സെൽവിയുടെ ആത്മാവ് കയറുമ്പോൾ അവിടെ ഒരു സംഘർഷം ഉടലെടുക്കുന്നുണ്ട്. പാർവതിയുടെ സവർണശരീരത്ത സെൽവിയുടെ ആത്മാവ് നിയന്ത്രിക്കാൻ ശ്രമിക്കുന്നെങ്കിലും പരാജയപ്പെടുന്നു.” തന്നെയിപ്പൊ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് ശരീരമാണ്. ആത്മാവിന് മേൽ ശരീരം ആധിപത്യം നേടിയിരിക്കുന്നു” എന്ന് സെൽവി തിരിച്ചറിയുന്നിടത്ത് അവളുടെ പരാജയം പൂർണമാകുന്നു. ഓരോ ആവശ്യങ്ങൾ പറഞ്ഞ് പാർവതിയെ അനുസരിപ്പിക്കുമ്പോഴൊക്കെ ഇത്രയും കാലം താനും തന്റെ തലമുറയും സഹിച്ചു പോന്ന വിവേചനത്തിനെതിരെയുള്ള ആത്യന്തിക വിജയമായിട്ടാണ് തെച്ചോരൻ കണ്ടത്. വെളുപ്പിൽ കറുപ്പിനെ കലക്കണം എന്നും അല്ലാതെ നാട്ടിൽ ജാതിയ്‌ക്കൊരു അവസാനം ഉണ്ടാകില്ലെന്നും അയാൾ വിശ്വസിച്ചിരുന്നു.
മാജിക്കൽ റിയലിസത്തിന്റെ സാന്നിധ്യം നോവലിൽ വളരെ സ്പഷ്ടമായി തന്നെ നോവലിസ്റ്റ് പ്രയോഗിച്ചിട്ടുണ്ട് ബാലകൃഷ്ണൻ ആനയായി മാറുന്നതും പാലമരവുമായുള്ള സംഭോഗവും വെള്ളാങ്കരി പോത്തായി മാറുന്നതും മയിലിന്റെ പുറത്ത് കയറി താഴമ്പൂ സഞ്ചരിക്കുന്നതും പാർവതിയിൽ പ്രവേശിക്കുന്ന ചിത്തിര ശെൽവിയും ഈശ്വര പണിക്കർ നെല്ലിമരമാകുന്നതും തുടങ്ങി നിരവധി ഉദാഹരണങ്ങൾ നമുക്ക് കാണാം.
ജാതിമതങ്ങൾക്കതീതമായ സ്‌നേഹം എന്ന സങ്കൽപം ‘മാതംഗലീല’യിലുണ്ട്. ഹൈദരലിയും ആര്യ അന്തർജനവും തമ്മിലുള്ള പ്രണയം ഇതിന് ഏറ്റവും മികച്ച ദൃഷ്ടാന്തമാണ്. തന്റെ പൂർവചരിത്രം വിശദമായി പറഞ്ഞിട്ടും ഹൈദരലിയ്ക്ക് തന്നോടുള്ള പ്രണയം അൽപം പോലും കുറഞ്ഞിട്ടില്ല എന്നത് ആര്യയെ വിസ്മയിപ്പിക്കുന്നുണ്ട്. ‘ ബാലകൃഷ്ണനും ചിത്തിര സെൽവിയും തമ്മിലുള്ള പ്രണയം ദിവ്യമാണ്. തന്റെ ശരീരം ഇല്ലാതായിട്ടും ബാലകൃഷ്ണന് തന്നോടുള്ള പ്രണയം കുറയുന്നില്ല എന്ന് മനസ്സിലാക്കിയ സെൽവിയുടെ ആത്മാവ് അയാളെ പിന്തുടരുന്നുണ്ട്. താഴമ്പൂവിന് ബാലകൃഷ്ണനോടുള്ള നിർമലമായ പ്രണയവും നോവലിൽ കാണാം. ഇത്തരത്തിൽ പ്രണയവും പകയും ഇടകലർത്തിയ ആഖ്യാനം വായനക്കാരെ പലപ്പോഴും മുൾമുനയിൽ നിർത്തുന്നുണ്ട്.
മാതംഗലീലയിലെ സ്ത്രീകഥാപാത്രങ്ങളെല്ലാം വൈവിധ്യം നിറഞ്ഞവരാണ്. ശരീരമില്ലാതിരുന്നിട്ടും ബാലകൃഷ്ണനെ സ്നേഹിക്കുന്ന ചിത്തിര ശെൽവി, കർഷക സമരങ്ങളിൽ പങ്കെടുത്ത് നേതൃസ്ഥാനത്തേക്ക് ഉയർന്ന താഴമ്പൂ, ഇടശ്ശേരിയുടെ കവിത ചൊല്ലി ഉണ്ണിയെ രക്ഷിക്കുകയും തന്റെ ജീവിതം തകർത്തവരോട് പക തീർക്കുകയും ചെയ്ത ആര്യ അന്തർജനം, ബ്രാഹ്മണ്യത്തിന്റെ അധികാരം സ്ഥാപിക്കുന്ന പാർവതി, നക്സലറ്റിനെ ഒറ്റു കൊടുക്കുന്ന നമ്പീശന്റെ ഭാര്യ ലക്ഷ്മി അമ്മ,പോത്തായി മാറിയിട്ടും ഭർത്താവിനെ സ്നേഹിക്കുകയും ഒടുവിൽ മകനുവേണ്ടി അയാളെ തള്ളിപ്പറയുകയും ചെയ്ത പച്ചോല തുടങ്ങി നിരവധി സ്ത്രീ കഥാപാത്രങ്ങൾ ഈ നോവലിലുണ്ട് ആസ്വാദകഹൃദയങ്ങളിൽ വ്യത്യസ്ത അനുഭൂതികൾ ഉണ്ടാക്കാൻ ഈ കഥാപാത്രങ്ങൾക്ക് സാധിക്കുന്നു.
തെച്ചോരൻ ഒടിയനായി മാറുന്നത് ദളിത് പ്രത്യയശാസ്ത്രത്തിൽ വളരെ പ്രധാനപ്പെട്ട വിഷയമാണ് . കേരളീയ പശ്ചാത്തലത്തിൽ ഒടിവിദ്യ എന്നത് കീഴാളർ രാത്രിയുടെ മറവിൽ തങ്ങളുടെ സ്വയ രക്ഷക്കായി ഉപയോഗിച്ചിരുന്ന ഒരു മിത്താണ്. പകൽവെളിച്ചത്തിൽ യജമാനന് മുന്നിൽ താഴ്മയോടെ നിൽക്കാൻ വിധിക്കപ്പെട്ട തെച്ചോരൻ, ഇരുട്ടിന്റെ മറവിൽ ഒടിയനായി മാറുമ്പോൾ അധികാരം അവനിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ജന്മികൾ നിർമ്മിച്ച നിയമ വ്യവസ്ഥിതിക്ക് പിടികൊടുക്കാത്ത ഒരദൃശ്യ ശക്തിയായി അവൻ മാറുന്നു. അവനെ മറ്റുള്ളവർ കാണുന്ന കണ്ണ് ഭയത്തിന്റേതാണ്. പകൽ സമയത്ത് അവനെ മോശമായി കണ്ടവർ രാത്രിയിൽ അവനെ പേടിയോടെ വീക്ഷിക്കുന്നു. ഈ ഭയം തന്നെയാണ് കീഴാളന്റെ ധൈര്യവും. തന്റെ ജനതയുടെ മേൽ നടന്ന അടിച്ചമർത്തലുകൾക്കെതിരെയുള്ള പ്രതികാര രീതിയാണ് ഒടിവിദ്യയിലൂടെ തെച്ചോരൻ പുറത്തെടുക്കുന്നത്.
തിരുമിറ്റക്കോട് ബാലകൃഷ്ണൻ എന്ന ആന ഈ നോവലിൽ വെറുമൊരു മൃഗമല്ല; മറിച്ച് ചങ്ങലകളാൽ തളയ്ക്കപ്പെട്ട കീഴാള ജനതയുടെ രൂപമാണ് . ആനയെ മെരുക്കാൻ ഉപയോഗിക്കുന്ന മാതംഗലീല എന്ന ശാസ്ത്രം യഥാർത്ഥത്തിൽ മനുഷ്യനെ അടിമയാക്കാൻ ജന്മികൾ നിയമസംഹിതകളുടെ പ്രതീകവും. ആനയെ പട്ടിണിക്കിട്ടും, തല്ലിയും, മുറിവേൽപ്പിച്ചും അതിന്റെ വന്യതയെ ഇല്ലാതാക്കി ഉത്സവവിഗ്രഹമാക്കുന്നതുപോലെയാണ് ജാതിവ്യവസ്ഥ ദളിത് മനുഷ്യരെ മെരുക്കി അച്ചടക്കമുള്ള പ്രജകളാക്കി മാറ്റുന്നത്.
മനുഷ്യന്റെ സ്നേഹം അവന്റെ വാക്കിലല്ല നാക്കിലാണ്. മറ്റെല്ലാ രുചികളും നാക്ക് സ്വീകരിക്കുമ്പോൾ സ്നേഹത്തിന്റെ രുചി മാത്രം അത് തിരിച്ചു നൽകുന്നു. ഒന്നിലധികം വീക്ഷണരീതികൾ കടന്നുവരുന്ന ആഖ്യാനങ്ങളും വിവിധ മാർഗങ്ങളിലൂടെ സഞ്ചരിക്കുന്ന ശബ്ദങ്ങളും എഴുത്തുകാരൻ നോവലിൽ ആവിഷ്കരിക്കുന്നു. വേറിട്ട ശൈലിയിലൂടെ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയിലെ സങ്കീർണതകളും ഈ നോവൽ എടുത്തു പറയുന്നുണ്ട്. പാർശ്വവൽക്കരിക്കപ്പെടുന്ന ആളുകൾക്ക് ശബ്ദം നൽകാൻ ശ്രമിക്കുന്ന ആഖ്യാന രീതി കൂടിയാണ് മാതംഗലീലയുടേത്. യഥാർത്ഥ ജീവിതത്തിൽ സങ്കൽപ്പിക്കാൻ സാധിക്കാത്ത വിഷയങ്ങൾ ഭ്രമാത്മക രീതിയിൽ നോവലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ കുറിച്ചും അടിസ്ഥാന വർഗ്ഗക്കാരുടെ ജീവിത സാഹചര്യങ്ങളെ പറ്റിയും സൂക്ഷ്മമായി ചിന്തിപ്പിക്കാനും നോവൽ ശ്രമിക്കുന്നു.. കഥകൾക്ക് മാന്ത്രിക പരിവേഷം നൽകുകയും കഥകൾക്കതീതമായ രാഷ്ട്രീയം നൈസർഗിക ഭാവത്തിൽ ലയിക്കുകയും ചെയ്യുന്നതോടെ നോവലിന്റെ ഗതി തന്നെ മാറുന്നു. അങ്ങനെ നോക്കുമ്പോൾ സന്തോഷ് ഏച്ചിക്കാനം തന്റെ ആദ്യ നോവലായ മാതംഗലീലയിലെ ആഖ്യാന പരീക്ഷണങ്ങളിൽ വിജയിച്ചിരിക്കുന്നു എന്ന് വേണം പറയാൻ.




