
ട്രൈകോണ്ടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ റിസർച്ച് അടുത്തിടെ പ്രസിദ്ധീകരിച്ച The Cooperative Movement in Kerala, India എന്ന പഠന റിപ്പോർട്ട്, കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ സമഗ്രമായ ചരിത്ര–രാഷ്ട്രീയ–സാമ്പത്തിക പശ്ചാത്തലത്തിൽ സ്ഥാപിച്ച് വിലയി രുത്തുന്ന ഒരു പ്രധാന പഠനമാണ്. ഡോ. വിജൂ കൃഷ്ണൻ, വിജയ് പ്രസാദ്, നിധീഷ് ജെ. വിലാട്ട്, അശ്വതി റെബെക്ക അശോക്, അഷീഖ് അലി തുപ്പിലിക്കട്ട്, നജീബ് വി.ആർ., നിതീഷ് നാരായണൻ, സർഗ ടി.കെ., സുബിൻ ഡെന്നിസ് എന്നിവരടങ്ങുന്ന ഗവേഷകസംഘമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
സഹകരണസംഘങ്ങളെ ഒരു വികസനോപാധിയായി മാത്രം കാണുന്ന സമീപനത്തിൽ നിന്ന് മാറി, അവയെ മുതലാളിത്ത / കോർപ്പറേറ്റ് സമ്പദ്വ്യവസ്ഥയ്ക്ക് ബദലായ സാധ്യതകളായി കാണേണ്ടതിന്റെ സൈദ്ധാന്തിക അടിസ്ഥാനമാണ് ഈ റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്നത്. ലാഭ കേന്ദ്രിത സ്ഥാപനങ്ങൾക്ക് പകരമായി, സാമൂഹ്യ–ജനാധിപത്യപരമായ സാമ്പത്തിക രൂപങ്ങളായി സഹകരണസംഘങ്ങളെ തിരിച്ചറിയേണ്ട തിന്റെ ആവശ്യകതയെ ഈ പഠനം ശക്തമായി അടിവരയിടുന്നു.
അതോടൊപ്പം, സഹകരണ പ്രസ്ഥാനത്തെ അതിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ പശ്ചാത്തലത്തിൽ നിന്ന് വേർതിരിച്ച്, സാങ്കേതികമോ നിർവാഹകപരമായതോ ആയ ഒരു ഘടനയായി മാത്രം കാണാനുള്ള സമകാലീന പ്രവണതകൾക്ക് എതിരായ ഒരു സൈദ്ധാന്തിക പ്രതിരോ ധമായും ഈ പഠനം വായിക്കാം.
ഈ റിപ്പോർട്ടിന്റെ മുഖ്യ വാദങ്ങളും വിശകലനരീതികളും ആശയപ രമായ സംഭാവനകളും വിലയിരുത്തുന്നതിനൊപ്പം, കേരള സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള വിപുലമായ ബൗദ്ധിക ചർച്ചകളിൽ അതി ന്റെ സ്ഥാനവും പ്രാധാന്യവും ഊട്ടിയുറപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ വെറും സ്ഥാപനപരമായോ ഭരണപരമായോ ഒരു സംവിധാനമായി മാത്രം കാണാതെ, അതിന്റെ സാമൂഹ്യ–രാഷ്ട്രീയ അർത്ഥവും സാമ്പത്തിക ഇടപെടലുകളും ചരിത്രപരമായ വളർച്ചയും ഒരുമിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നതാണ് ഈ പഠനത്തിന്റെ പ്രധാന സവിശേഷത.
ഈ റിപ്പോർട്ടിന്റെ പ്രധാന സംഭാവന, കേരളത്തിലെ സഹകരണ പ്രസ്ഥാനം ഉദ്യോഗസ്ഥാധിഷ്ഠിതമായ ആസൂത്രണത്തിന്റെ ഫലമല്ല , മറിച്ച്, ജാതിവിരുദ്ധ സാമൂഹ്യപരിഷ്കാരങ്ങൾ, കർഷക–തൊഴിലാളി വർഗ്ഗസമരങ്ങൾ, ശക്തമായ ഇടതുപക്ഷ രാഷ്ട്രീയധാരകൾഎന്നിവയുടെ ചരിത്രപരമായ തുടർച്ചയിൽ നിന്നാണ് ഈ പ്രസ്ഥാനം രൂപം കൊണ്ടത്.
1957–59 കാലഘട്ടത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ശക്തമായ സ്ഥാപനപരമായ പിന്തുണയും, തുടർന്ന് വന്ന സർക്കാരുകൾ തുടർച്ചയായി നൽകിയ പിന്തുണയും, സഹകരണങ്ങൾക്ക് സമൂഹത്തിൽ ലഭിച്ച ആഴമുള്ള അംഗീകാരത്തെ പ്രതിഫലിപ്പിക്കുന്നു.
പ്രവർത്തനക്ഷമതയുടെ കാര്യത്തിൽ, തൊഴിലാളികളുടെ അവകാശങ്ങ ളെയോ സാമൂഹിക ലക്ഷ്യങ്ങളെയോ തകർക്കാതെ തന്നെ നിരവധി സഹകരണസംഘങ്ങൾ വിപണിയിൽ ഫലപ്രദമായി മത്സരിക്കുന്നുവെ ന്ന് പഠനം കാണിക്കുന്നു. അതോടൊപ്പം, സ്ഥാപിത താല്പര്യക്കാരു ടെയും പണമിടപാടുകാരുടെയും ആധിപത്യം ദുർബല പ്പെടു ത്തുകയും, ഗ്രാമീണ അധികാരബന്ധങ്ങൾ പുനഃക്രമീകരിക്കുകയും ചെയ്തതിലൂടെ, കേരളത്തിന്റെ സാമൂഹ്യ–സാമ്പത്തിക പരിവർത്തനത്തിൽ സഹ കരണ പ്രസ്ഥാനം നിർണായക പങ്ക് വഹിച്ചതായും റിപ്പോർട്ട് ബോധ്യ പ്പെടുത്തുന്നു.
കോർപ്പറേറ്റ് ആധിപത്യം, ധനവൽക്കരണം, പൊതുമേഖലാ പിന്തു ണയുടെ ക്ഷയം എന്നിവ ശക്തമാകുന്ന ഇന്നത്തെ സാഹചര്യത്തിൽ, കേരളത്തിലെ സഹകരണ സംഘങ്ങൾ പരമാവധി ലാഭം ലക്ഷ്യമിടുന്ന സ്ഥാപനങ്ങൾക്ക് പകരം, ജനാധിപത്യപരവും പ്രായോഗികവുമായ സാമ്പ ത്തിക സാധ്യതകൾ തുറക്കുന്നു. വിവിധ മേഖലകളിലായി പ്രവർത്തി ക്കുന്ന ഈ സ്ഥാപനങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ, മിതമായ വായ്പ, അനിവാര്യ സേവനങ്ങൾ എന്നിവ നൽകി, കേരള ത്തി ന്റെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായി മാറിയിട്ടു ണ്ട്.
ലോകമെമ്പാടുമുള്ള സഹകരണ പ്രസ്ഥാനങ്ങളും, പ്രത്യേകിച്ച് ഇന്ത്യ യിലെ സഹകരണ സംവിധാനങ്ങളും, ഇന്ന് ഒരു നിർണായക വഴിത്തി രിവിലൂടെ കടന്നുപോകുകയാണ്. സഹകരണ പ്രസ്ഥാനത്തിന്റെ ആശ യങ്ങളും സാമൂഹിക–സാമ്പത്തിക ഉള്ളടക്കവും പുതുക്കി ചിന്തി ക്കപ്പെടുന്ന ഈ സാഹചര്യത്തിൽ, ഈ പഠനം വളരെ പ്രസക്തമായ ഒരു ബൗദ്ധിക ഇടപെടലായി മാറുന്നു.
“സാധ്യമായ കമ്മ്യൂണിസം”
“സാധ്യമായ കമ്മ്യൂണിസം” എന്ന ആമുഖഅദ്ധ്യായത്തോടെയാണ് ഈ പഠന റിപ്പോർട്ട് തുടങ്ങുന്നത്. ഇന്നത്തെ ലോകത്തെ ആഴമുള്ള പ്രതിസന്ധികളിൽ നിന്ന്—വർധിച്ചുവരുന്ന ദാരിദ്ര്യം, കാലാവസ്ഥാ ദുരന്തങ്ങൾ, യുദ്ധങ്ങൾ, കൂടാതെ കാപിറ്റലിസത്തിന് പകരം മറ്റൊരു വ്യവസ്ഥ ചിന്തിക്കാനാകില്ലെന്ന പൊതുബോധം—ഇവയ്ക്കൊക്കെ പകര മായി മറ്റൊരു വഴി സാധ്യമാണോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
ഇന്ത്യയിലെ കേരളത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന സഹകരണ പ്രസ്ഥാനം, ഈ ചോദ്യം വാഗ്ദാനങ്ങളിലൂടെ അല്ല, മറിച്ച് നിലനിൽക്കുന്ന മാതൃകകളിലൂടെ തന്നെ അത് സാധ്യമാണെന്ന് മറുപടി പറയുന്നു.
കാൾ മാർക്സിനെ ആധാരമാക്കിയുള്ള ലേഖനത്തിന്റെ അവതരണരീതി അതിന്റെ ഏറ്റവും വലിയ ശക്തികളിലൊന്നാണ്. ഇന്റർനാഷണൽ വർകിംഗ് മെൻസ് അസോസിയേഷൻ (1864) എന്ന സംഘടനയുടെ ഉദ്ഘാടന പ്രസംഗം, ക്യാപിറ്റൽ — മൂന്നാം വാള്യം, ഫ്രാൻസിലെ ആഭ്യന്തര യുദ്ധം എന്നീ കൃതികളെ ആശ്രയിച്ചുകൊണ്ട്, സഹകരണസംഘങ്ങളെ വെറും പരിഷ്കരണപരമായ വ്യതിചലനങ്ങളായി ലേഖനം കാണുന്നില്ല. മറിച്ച്, മൂലധനവ്യവസ്ഥയ്ക്ക് ശേഷമുള്ള ഒരു പുതിയ ഉൽപാ ദനരീതിയുടെ ചരിത്രപരമായി മുൻകൂട്ടി പ്രതീക്ഷിക്കപ്പെട്ട മുളകളായി അവയെ ലേഖനം സ്ഥാപിക്കുന്നു.
പ്രത്യേകിച്ച് ശ്രദ്ധേയമാകുന്നത് മാർക്സിന്റെ “സാധ്യമായ കമ്മ്യൂണിസം” എന്ന ആശയം ലേഖനം കൈകാര്യം ചെയ്യുന്ന രീതിയാണ്. ഈ സമീപനം യൂട്ടോപ്യൻ സ്വപ്നരാഷ്ട്രീയത്തിലേക്കുള്ള വീഴ്ചയും, സഹകരണ സംഘ ങ്ങളെ മൂലധന വ്യവസ്ഥയുടെ ഉള്ളിൽ കുടുങ്ങിയ പരാജിത രൂപങ്ങളായി തള്ളിക്കളയുന്ന നിസ്സഹായ നിസ്സാരവൽക്കരണവും ഒരുപോലെ ഒഴി വാക്കുന്നു. അതിന് പകരമായി, സഹകരണസംഘങ്ങളെ വൈരുദ്ധ്യങ്ങൾ നിറഞ്ഞതായിരുന്നാലും, സാമൂഹിക പരിവർത്തനത്തിലേക്കുള്ള വഴിയിൽ അനിവാര്യമായ ഇടക്കാല ഘടനകളായി അവതരിപ്പിക്കുന്നു.
പ്രധാന കേസ് പഠനങ്ങൾ, നിഗമനങ്ങൾ
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി (ULCCS)
1925-ൽ സാമൂഹ്യപരിഷ്കർത്താവായ വാഗ്ഭടാനന്ദ ഗുരുവിന്റെ അനുയായികൾ സ്ഥാപിച്ച ഈ തൊഴിലാളി സഹകരണം, വടക്കൻ കേരളത്തിലെ ജാതിവിവേചനം, തൊഴിലൊഴിവാക്കൽ, സാമ്പത്തിക അകറ്റൽ എന്നിവയ്ക്കെതിരായ ഒരു സമൂഹാധിഷ്ഠിത പ്രതികര ണമായാണ് ഉദയം കൊണ്ടത്. ഇന്ന് ഈ സ്ഥാപനം കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു നിർണായക സ്ഥാപനമായി വളർന്ന് , ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി സഹകരണസംഘമായി നിലകൊള്ളുന്നു. വലിയ അടിസ്ഥാനസൗകര്യ പദ്ധതികളിൽ വൻകിട കോർപ്പറേഷനുകളോട് വിജയകരമായി മത്സരി ക്കുമ്പോഴും, തൊഴിലാളി ഉടമസ്ഥതയും ജനാധിപത്യ നിയന്ത്രണവും കർശനമായി പാലിക്കുന്നതിലൂടെ തൊഴിലാളി സഹകരന സംഘത്തിന് വിജയകരമായി പ്രവർത്തിക്കാമെന്ന് ഇത് തെളിയിക്കുന്നു. അതോ ടൊപ്പം, തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം, തൊഴിൽസുരക്ഷ, സാമൂ ഹിക സംരക്ഷണം എന്നിവ ഉറപ്പാക്കാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
അറിവ് അധിഷ്ഠിത മേഖലകൾ, വിദ്യാഭ്യാസം, ഗവേഷണം, സാംസ്കാരിക വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിലേക്കുള്ള വൈവിധ്യമാക്കൽ, സഹകരണ മൂല്യങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള സ്ഥാപനത്തിന്റെ ശേഷി പ്രകടമാക്കുന്നു.
ആദ്യകാലങ്ങളിൽ കരാർലഭ്യതയുടെ കുറവ്, മൂലധനക്കുറവ്, സ്വകാര്യ കരാറുകാരുമായി അസമമായ മത്സരം തുടങ്ങിയ വെല്ലുവിളികൾ ULCCS നേരിട്ടെങ്കിലും, അംഗങ്ങളുടെ ഐക്യം, സമൂഹപിന്തുണ, പ്രാദേശിക ഭരണകൂടങ്ങളുടെ സഹകരണം എന്നിവയിലൂടെ ഈ പ്രതിസന്ധികൾ അതിജീവിച്ചു. കാലക്രമേണ, നൈപുണ്യവികസനം, സംഘടനാപരമായ അച്ചടക്കം, ശക്തമായ തൊഴിൽനൈതികത എന്നിവ സ്ഥാപനം കാര്യ ക്ഷമവും വിശ്വസനീയവുമായ നിർമാണസംഘടനയായി രൂപപ്പെടു ത്താൻ സഹായിച്ചു. ഇതോടെ, തൊഴിലാളി ഉടമസ്ഥതയും ജനാധിപത്യ നിയന്ത്രണവും സ്ഥാപനത്തിന്റെ മത്സരക്ഷമതയെ തന്നെ ശക്തി പ്പെടുത്തുന്ന ഘടകങ്ങളായി മാറി.
ആകെപ്പറയുമ്പോൾ, തൊഴിലാളി ഉടമസ്ഥതയിലുള്ള ജനാധിപത്യ സംരംഭങ്ങൾ വലിപ്പം, കാര്യക്ഷമത, പ്രതിരോധശേഷി എന്നിവ കൈവരിക്കാൻ അപ്രാപ്തമാണെന്ന ധാരണയെ ശക്തമായി ചോദ്യം ചെയ്യുന്ന ഒരു പ്രായോഗിക മാതൃകയാണ് ULCCS. സാമൂഹ്യനീതിയെയും സാമ്പത്തിക കാര്യക്ഷമതയെയും ഏകോപിപ്പിക്കുന്ന ഈ അനുഭവം, അസമത്വവും വിപണി കേന്ദ്രീകരണവും വർധിക്കുന്ന സാഹ ചര്യങ്ങളിൽ, സഹകരണ വികസനത്തിനും തൊഴിലാളി സംഘട നയ്ക്കും ഉൾക്കൊള്ളുന്ന വികസന നയങ്ങൾക്കും നിർണായകമായ സിദ്ധാന്തപരവും പ്രായോഗികവുമായ ഉൾക്കാഴ്ചകൾ നൽകുന്നു.
കേരള ദിനേശ് ബീഡി തൊഴിലാളികളുടെ കേന്ദ്ര സഹകരണസംഘം
ഇന്ത്യയിലെ തൊഴിലാളി–ഉടമസ്ഥതയിലുള്ള സഹകരണ സംരംഭ ങ്ങളുടെ ഏറ്റവും പ്രാധാന്യമുള്ള ചരിത്രപരമായ പരീക്ഷണ ങ്ങളിലൊന്നാണ് കേരളം ദിനേശ് ബീഡി വർക്കേഴ്സ് സെൻട്രൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി (ദിനേശ് ബീഡി). 1969-ൽ തൊഴിലാളി സമര ങ്ങളിൽ നിന്ന് ഉദിച്ച ദിനേശ് ബീഡി, സ്വകാര്യ ഫാക്ടറികൾ അടച്ചുപൂട്ടിയ പ്രതിസന്ധിയെ തൊഴിലാളി ഐക്യത്തിലൂടെ മറികടന്ന അപൂർവ്വ ഉദാഹരണമാണ്. പിന്നീട് വൈവിധ്യവൽക്കരണത്തിലൂടെ, ഉപജീവനം സംരക്ഷിച്ചും വികസിപ്പിച്ചും, തൊഴിലാളി സ്വയംഭരണത്തിന്റെ ശക്ത മായ മാതൃകയായി ഇത് മാറി.
1969 ഫെബ്രുവരി 15-ന് രജിസ്റ്റർ ചെയ്ത ഈ സഹകരണം, വടക്കൻ കേരള ത്തിലെ ബീഡി വ്യവസായത്തിൽ നടന്ന പോരാളിത്തപരമായ തൊഴിലാളി സമരങ്ങളുടെയും 1967-ലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് പിന്നാ ലെ നടപ്പിലാക്കിയ പുരോഗമനപരമായ തൊഴിൽ നിയമനി ർമ്മാണ ത്തിന്റെയും നേരിട്ടുള്ള ഫലമായാണ് രൂപംകൊണ്ടത്. പ്രത്യേകിച്ച്, എ.കെ.ഗോപാലൻ മുന്നോട്ടുവച്ച ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ആക്ടിന്റെ നടപ്പാക്കലിനെതിരെ സ്വകാര്യ ഉടമകൾ ഫാക്ടറികൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ, തൊഴിലാളികൾ സഹകരണ സംഘം വഴിയാണ് തൊഴിലും മാന്യതയും സംരക്ഷിച്ചത്. E. M. S. മുഖ്യ മന്ത്രി യായിരുന്ന കാലഘട്ടത്തിൽ സംസ്ഥാന പിന്തുണ ഈ പ്രക്രിയയ്ക്ക് നിർണായകമായി.
ഏകദേശം 3,000 തൊഴിലാളി–ഉടമകളുമായി ആരംഭിച്ച ദിനേശ് ബീഡി, ഗ്രാസ്റൂട്ട് മൊബിലൈസേഷനും ജനാധിപത്യ സംഘടനാപ്രവർത്തനവും വഴി വിപണി വിരോധങ്ങളെ അതിജീവിച്ചു. 1980-കളോടെ 42,000-ത്തിലധികം തൊഴിലാളികൾക്ക് തൊഴിൽ നൽകുന്ന ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി സഹകരണസംഘങ്ങളിൽ ഒന്നായി ഇത് വളർന്നു. സ്വകാര്യ മേഖലയെക്കാൾ മെച്ചപ്പെട്ട വേതനം, സാമൂഹ്യസുരക്ഷ, തൊഴിൽ അവകാശങ്ങൾ, കോൺട്രാക്ട് ചൂഷണത്തിന്റെ ഇല്ലാതാക്കൽ എന്നിവയിലൂടെ, തൊഴിലാളി സ്വയംഭരണത്തിന്റെ ശക്തമായ മാതൃ കയായി ദിനേശ് ബീഡി മാറി.
1990-കളിൽ ബീഡി ഉപഭോഗത്തിലെ ഇടിവും വിപണി സമ്മർദ്ദങ്ങളും നേരിട്ടപ്പോഴും, സഹകരണ മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ സ്ഥാപനം വൈവിധ്യവൽക്കരണത്തിലേക്ക് നീങ്ങി. സംസ്ഥാന പിന്തുണയും ആന്തരിക ജനാധിപത്യ ചർച്ചകളും ചേർന്നാണ് ദിനേശ് ഫുഡ്സ്, കഫേ ദിനേശ്, ദിനേശ് ഐടി സിസ്റ്റംസ്, ദിനേശ് അപ്പാരൽ തുടങ്ങിയ സംരംഭങ്ങൾ ഉൾപ്പെടുന്ന ഒരു വിപുലമായ സഹകരണ പരിസ്ഥിതി രൂപപ്പെട്ടത്—ഒരു വ്യവസായ സംരംഭം മാത്രമല്ല; തൊഴിലാളി ഐക്യവും ജനാധിപത്യ ഉടമസ്ഥതയും രാഷ്ട്രീയ ബോധവും ചേർന്നാൽ വിപണി പ്രതിസന്ധികളെ സാമൂഹ്യനീതിയോടെയും പ്രതിരോധ ശേഷി യോ ടെയും നേരിടാൻ കഴിയുമെന്ന് തെളിയിക്കുന്ന ഒരു ജീവിച്ചിരിക്കുന്ന ചരിത്രാനുഭവമാണ് ഈ സഹകരണ സംഘം.
സഹ്യ ടീ: ഒരു കാർഷിക വായ്പ സംഘത്തിന്റെ ഒരു നവീന മാതൃക
ഇടുക്കിയിലെ തങ്കമണി സർവീസ് സഹകരണ ബാങ്കിന്റെ നവീന സംരംഭമാണ് സഹ്യ ടീ. 2017-ൽ രൂപംകൊണ്ട സഹ്യ, ആഗോള “ബിഗ് ടീ” കോർപ്പറേഷനുകളുടെ മൂല്യശൃംഖല ആധിപത്യത്തിന് നേരെയുള്ള ഒരു പ്രതികരണമാണ്. ന്യായവില, ഉയർന്ന വേതനം, ബ്രാൻഡിംഗിലേക്കുള്ള മേലോട്ടുള്ള നീക്കം—ഇവയെല്ലാം ജനാധിപത്യ ഉടമസ്ഥതയുടെ കരുത്ത് എത്രമാത്രം പ്രായോഗികമാണെന്ന് തെളിയിക്കുന്നു.
ആഗോള ടീ വ്യവസായത്തിന്റെ രാഷ്ട്രീയ–സാമ്പത്തിക ഘടനയെ ശക്തമായി വിശകലനം ചെയ്യുന്ന പഠനം , “ബിഗ് ടീ” കോർപ്പറേഷനുകൾ ഉൽപ്പാദനത്തിൽ നിന്ന് പിന്മാറി ബ്രാൻഡിംഗ്, ബ്ലെൻഡിംഗ്, വിതരണം തുടങ്ങിയ ഘട്ടങ്ങളിൽ അധികാരം കേന്ദ്രീകരിച്ചതിലൂടെ എങ്ങനെ അസമമായ മൂല്യശൃംഖലകൾ സൃഷ്ടിച്ചതെന്ന് വ്യക്തമായി കാണി ക്കുന്നു. വില മാനിപ്പുലേഷൻ, ഏജന്റ് കമ്മീഷനുകൾ, ലേലംവ്യ വസ്ഥയിലെ വളച്ചൊടിക്കൽ, ചെറുകർഷകരോടുള്ള അവഗണന തുടങ്ങിയ ഘടകങ്ങൾ ചേർന്ന് കാർഷിക ദുരിതം ആകസ്മികമല്ല, ഘടനാപരമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് പഠനം വാദിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് 2017-ൽ രൂപംകൊണ്ട സഹ്യ ടീ സഹകര ണസംഘത്തെ പഠനം അവതരിപ്പിക്കുന്നത്—ഏകോപന മൂലധന ആധി പത്യത്തോടുള്ള ഒരു നേരിട്ടുള്ള പ്രതിബലമായി. പച്ചഇലക്ക് ന്യായവില, തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം, തൊഴിൽ സൃഷ്ടി, മൂല്യ ശൃംഖലയിൽ മേലോട്ടുള്ള നീക്കം എന്നിവയിലൂടെ സഹ്യ, ജനാധിപത്യ ഉടമസ്ഥതയുടെ പ്രായോഗിക ശക്തി തെളിയിക്കുന്നു. പ്രളയവും മഹാമാരിയും കടബാധ്യതകളും പോലുള്ള പ്രതിസ ന്ധികൾക്കിടയിലും, കർഷകർക്ക് കൂടുതൽ നൽകാൻ സഹ്യയ്ക്ക് കഴിഞ്ഞത്, അസംസ്കൃത വസ്തു വിതരണക്കാരനെന്ന നിലയിൽ ഒതുങ്ങാതെ ബ്രാൻഡിംഗിലേക്കും മാർക്കറ്റിംഗിലേക്കും കടന്ന തന്ത്ര പരമായ തീരുമാനത്തിന്റെ ഫലമാണ്.
സഹ്യ ടീ മാതൃക, സഹകരണസംഘങ്ങൾ വിപണി അനുകൂലനത്തിന്റെ ഉപാധിയല്ല, മറിച്ച് വർഗ്ഗാധികാരത്തെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയമായി വ്യക്തമായ ഉപകരണങ്ങളാക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന സമ്പന്നമായ ഒരു കേസ് സ്റ്റഡിയാണ്. “സാധ്യമായ കമ്മ്യൂണിസം” എന്നത് ഒരു സങ്കൽപ്പമല്ല, മറിച്ച് സംഘർഷങ്ങളിലൂടെ മുന്നേറുന്ന, ജീവിച്ചി രിക്കുന്ന സമൂഹ്യപ്രക്രിയയാണെന്നതിന്റെ ശക്തമായ ഉദാഹരണമായി ഈ അനുഭവം നിലകൊള്ളുന്നു.
കേരളത്തിലെ ക്രെഡിറ്റ് സഹകരണസംഘങ്ങൾ : സാമൂഹ്യ–കാർഷിക പരിവർത്തനത്തിന്റെ ധനകാര്യ അടിത്തറ
കേരളത്തിലെ ക്രെഡിറ്റ് സഹകരണങ്ങളെ ധനകാര്യ സ്ഥാപനങ്ങളായി മാത്രം കാണാതെ, സംസ്ഥാനത്തിന്റെ സാമൂഹ്യ–കാർഷിക പരിവ ർത്തനത്തിന്റെ കേന്ദ്രഘടകങ്ങളായി അവതരിപ്പിക്കുന്ന ശക്തമായ വിശകലനമാണ് നടത്തുന്നത്. ചരിത്രാധിഷ്ഠിത സമീപനമാണ് പഠന ത്തിന്റെ മുഖ്യബലം. 1956-ന് മുമ്പുള്ള ഘട്ടങ്ങളിലേക്കും ട്രിവാൻഡറും സെൻട്രൽ കോപ്പറേറ്റിവ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളിലേക്ക് വേരുകൾ പിന്തുടരുന്നതിലൂടെ, സഹകരണ ക്രെഡിറ്റിന്റെ ഘടനാപരമായ പങ്ക് വ്യക്തമായി തെളിയിക്കുന്നു.
പുതുതായി ഭൂമി ലഭിച്ച കർഷകരെ പണമിടപാടുകാരുടെ പിടിയിൽ നിന്ന് മോചിപ്പിക്കുകയും, ഭൂമിയുടെ വീണ്ടും കേന്ദ്രീകരണം തടയുകയും ചെയ്തതിലെ സഹകരണ ക്രെഡിറ്റിന്റെ പങ്ക് വിശ്വാസയോഗ്യമായ തെളിവുകളോടെ അവതരിപ്പിക്കപ്പെടുന്നു.
ബാങ്കിംഗ് ഔട്ട്രീച്ചിനെക്കുറിച്ചുള്ള ചർച്ച, പരമ്പരാഗത “സാമ്പത്തിക ഉൾക്കൊള്ളൽ” സൂചികകളെ ഫലപ്രദമായി ചോദ്യം ചെയ്യുന്നു. വാണിജ്യ ബാങ്കുകളുടെ സാന്ദ്രത ഉയർന്നിരുന്നാലും, സഹകരണ സ്ഥാപനങ്ങൾ ഇല്ലാതെ യഥാർത്ഥ ഗ്രാമീണ പ്രവേശനം പരിമിതമാണെന്ന നിരീക്ഷണം ശക്തമായി മുന്നോട്ടുവെക്കുന്നു. സഹകരണസംഘങ്ങളെ ഉൾപ്പെടു ത്തിയാൽ ഗ്രാമീണ ശാഖാവ്യാപ്തി ഗണ്യമായി ഉയരുന്നുവെന്ന കണ്ടെ ത്തൽ, ഊന്നിപ്പറയുന്നു.
2019-ന് ശേഷം രൂപംകൊണ്ട കേരളം ബാങ്ക് ഈ പശ്ചാത്തലത്തിൽ അത്യന്തം പ്രസക്തമാണ്. പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊ സൈ റ്റികൾ (PACSs) നൽകുന്ന ഗ്രാസ്റൂട്ട് പ്രവേശനം ദുർബല പ്പെടുത്താതെ തന്നെ, സംയോജനത്തിലൂടെ കാര്യക്ഷമതയും സ്ഥാപ നശേഷിയും എങ്ങനെ ശക്തിപ്പെട്ടുവെന്ന് ഇത് വ്യക്തമാക്കുന്നു. ഇതോടെ PACS കൾ ഗ്രാമീണ ധനവിനിമയത്തിന്റെ നട്ടെല്ലായി ഉയർന്നുവരുന്നു.
ദളിതർ, ആദിവാസികൾ, ഗ്രാമീണ ദരിദ്രർ തുടങ്ങിയ അതിരുകളിലായ വിഭാഗങ്ങൾ വാണിജ്യ ബാങ്കുകളേക്കാൾ സഹകരണ ബാങ്കുകളെ മുൻ ഗണന നൽകുന്നത്, സാമ്പത്തിക ഉൾക്കൊള്ളലിൽ സാമൂഹിക പ്രവേശ നക്ഷമത ഭൗതികമോ ഡിജിറ്റൽമോ ആയ പ്രവേശനത്തേക്കാൾ തുല്യ പ്രാധാന്യമുള്ളതാണെന്ന വാദം ശക്തിപ്പെടുത്തുന്നു.
മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങളെ ആധാരമാക്കിയ കേസ് പഠനങ്ങൾ, ക്രെഡിറ്റ് സഹകരണങ്ങൾ വായ്പ നൽകുന്നതിലപ്പുറം പ്രാദേശിക സമ്പദ്വ്യവസ്ഥകളെ സജീവമായി രൂപപ്പെടുത്തുന്നതെങ്ങനെ എന്നത് വ്യക്തമാക്കുന്നു. പ്രത്യേകിച്ച് പള്ളിയക്കൽ ഉദാഹരണം, ക്രെഡിറ്റിനെ ഉൽപ്പാദനത്തോടും തൊഴിലാളി സംഘടനയോടും വിപണി സൃഷ്ടിയോടും ബന്ധിപ്പിക്കുമ്പോൾ കാർഷിക തളർച്ച മറികടക്കാനും തിരിച്ചടവ് ശേഷി പുനഃസ്ഥാപിക്കാനും കഴിയുമെന്ന് തെളിയിക്കുന്നു.
പ്രളയങ്ങളും COVID-19 മഹാമാരിയും പോലുള്ള പ്രതിസന്ധികളിൽ ദുരന്ത പുനരധിവാസം, ക്ഷേമവിതരണം, അടിയന്തര സഹായം എന്നി വയിൽ ക്രെഡിറ്റ് സഹകരണങ്ങൾ വഹിച്ച പങ്ക്, അവ വികസന ത്തിന്റെയും സാമൂഹിക സംരക്ഷണത്തിന്റെയും സംഗമസ്ഥാനത്താണ് പ്രവർത്തി ക്കുന്നതെന്ന വാദം ശക്തിപ്പെടുത്തുന്നു.
പൊതുവിൽ നോക്കിയാൽ കേരളത്തിലെ ക്രെഡിറ്റ് സഹകരണങ്ങൾ സാമ്പത്തിക ജീവിതത്തിനുമപ്പുറം സാമൂഹ്യനീതിയും സംയോജി പ്പിക്കുന്ന ജനകേന്ദ്രിത ധനകാര്യ സ്ഥാപനങ്ങളായി പ്രവർത്തി ക്കുന്ന തിന്റെ ശക്തവും നയപരമായി പ്രസക്തവുമായ വിവരണമാണ് ഈ വിഭാഗം.
കുടുംബശ്രീ: സഹകരണ തത്വങ്ങളിൽ വളർന്ന സ്ത്രീശക്തീകരണ മാതൃക
48 ലക്ഷത്തിലധികം സ്ത്രീകളെ ഉൾക്കൊള്ളുന്ന കുടുംബശ്രീ, നിയമപരമായി സഹകരണസംഘമല്ലെങ്കിലും സഹകരണ തത്വങ്ങളിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്ത്രീനേതൃത്വ ശൃംഖല കളിലൊന്നാണ്. വരുമാനം, ഭക്ഷ്യസുരക്ഷ, സാമൂഹ്യ–രാഷ്ട്രീയ പങ്കാളിത്തം എന്നിവയിൽ സൃഷ്ടിച്ച മാറ്റങ്ങൾ, സഹകരണം ഒരു സാമൂഹ്യ പരിവർത്തന ഉപകരണമാണെന്ന് വ്യക്തമായി തെളിയിക്കുന്നു.
1998-ൽ ദാരിദ്ര്യനിർമാർജ്ജന പദ്ധതിയായി ആരംഭിച്ച കുടുംബശ്രീ, ഇന്ന് സർക്കാർ മിഷനും അടിത്തട്ടിലെ ജനകീയ പ്രസ്ഥാനവും ചേർന്ന ഒരു സവിശേഷ വികസന മാതൃകയായി വളർന്നു. NHG–ADS–CDS എന്ന മൂന്ന് തലങ്ങളുള്ള സംഘടനാ ഘടനയിലൂടെ, സ്ത്രീകളുടെ കൂട്ടായ പ്രവർത്തനവും ജനാധിപത്യ നിയന്ത്രണവും ഉറപ്പാക്കുന്നു.
മൈക്രോഫിനാൻസ്, കൂട്ടായ കൃഷി, ചെറുകിട സംരംഭങ്ങൾ, പൊതു സേവന വിതരണം, ക്ഷേമപദ്ധതി നടപ്പാക്കൽ തുടങ്ങിയ മേഖലകളിൽ കുടുംബശ്രീ വഹിക്കുന്ന പങ്ക് നിർണായകമാണ്. ഇതിലൂടെ സ്ത്രീകളുടെ വരുമാനം, ആസ്തി നിയന്ത്രണം, ആത്മവിശ്വാസം, സാമൂഹിക സാന്നിധ്യം എന്നിവയിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. വികേന്ദ്രീകൃത ഭരണ സംവിധാനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തി, സാമൂഹിക ശക്തീകരണം രാഷ്ട്രീയ പ്രതിനിധ്യതയായി മാറുന്നതി നുള്ള വഴികളും കുടുംബശ്രീ തുറന്നു.
ചുരുക്കത്തിൽ കുടുംബശ്രീ ഒരു പദ്ധതി മാത്രമല്ല; ലിംഗബന്ധങ്ങളും ഉപജീവന മാർഗങ്ങളും ജനാധിപത്യ പങ്കാളിത്തവും അടിസ്ഥാനപരമായി പുനഃസംഘടിപ്പിച്ച, കേരളത്തിന്റെ സാമൂഹിക വികസനത്തിൽ ദീർ ഘകാല സ്വാധീനം ചെലുത്തുന്ന പരിവർത്തനാത്മക സ്ഥാപനമാണ്.
ഒരു ചെറിയ ഗ്രാമം സ്വന്തം തൊഴിൽ സഹകരണസംഘം രുപപ്പെടുത്തിയതെങ്ങനെ
പ്രാദേശികമായി വേരൂന്നിയ കൂട്ടായ പ്രവർത്തനം ദീർഘകാലമായി നിലനിന്നിരുന്ന തൊഴിൽ ചൂഷണത്തെയും കരാറുകാരുടെ ആധിപ ത്യത്തെയും എങ്ങനെ വെല്ലുവിളിക്കാമെന്നതിന്റെ ശക്തമായ ഉദാഹരണ മാണ്കോടോം–ബേളൂരിലെ അനുഭവം, ഗൾഫ് കുടിയേറ്റ പണമൊഴുക്കുകളിൾ നിന്നുള്ള നേട്ടങ്ങൾ പരിമിതമായ ഈ പ്രദേശത്ത്, നിർമാണ തൊഴിലാളികൾ അനുഭവിച്ച തൊഴിലില്ലായ്മയും കുറഞ്ഞ വേതനവും ഘടനാപരമായ അസമത്വങ്ങളുടെ ഫലമായിരുന്നു.
1996-ൽ ആരംഭിച്ച ജനകീയ ആസൂത്രണ ക്യാമ്പെയ്ൻ ഈ സാഹചര്യ ത്തിൽ നിർണായക വഴിത്തിരിവായി. രാഷ്ട്രീയബോധവും പങ്കാളി ത്തവും വർധിപ്പിച്ച ഈ പ്രക്രിയ, തൊഴിലാളികളെ അഴിമതി പരമായ പൊതുമരാമത്ത് സംവിധാനങ്ങളെ ചോദ്യം ചെയ്യാനും വികസന പദ്ധതികളിൽ നേരിട്ട് ഇടപെടാനും പ്രേരിപ്പിച്ചു.
1997-ൽ എ. സി. മാത്യുവിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഹൊസ്ദുർഗ് ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി പിന്നീട് ഉദയപുരം ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ആയി ഈ പോരാട്ടത്തെ സ്ഥാപനവൽക്കരിച്ചു. തൊഴിലിനെ ഏകീകരിക്കുകയും, സമ്പാദ്യങ്ങൾ സമാഹരിക്കുകയും, ജനാധിപത്യപരമായ തീരുമാ നമെടുക്കൽ ഉറപ്പാക്കുകയും ചെയ്തതിലൂടെ, സഹകരണസംഘത്തിന് തൊഴിലാളികൾക്ക് നേരിട്ട് പൊതുമരാമത്ത് കരാറുകൾ ഏറ്റെടുക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാനായി.
221 അംഗങ്ങളോടെ ആരംഭിച്ച ഈ സംരംഭം ഇന്ന് ഏകദേശം 3,000 അംഗങ്ങളിലേക്ക് വളർന്നു; അതിൽ ഷെഡ്യൂൾഡ് ട്രൈബ് വിഭാഗ ങ്ങളുടെ ഗണ്യമായ പങ്കാളിത്തവും ഉൾപ്പെടുന്നു. സഹകരണ ബാങ്കു കളുടെയും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുടെയും പിന്തു ണയോടെ, പൊതുമരാമത്ത് വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കായി വലിയ പദ്ധതികൾ വിജയകരമായി നടപ്പിലാക്കാൻ ഈ സഹകരണത്തിന് സാധിച്ചു. 2011-ന് ശേഷം കൃഷിയിലേക്കും അനുബന്ധ മേഖലയിലേക്കുമുള്ള വൈവിധ്യവൽക്കരണവും ഇതിന്റെ ഭാഗമാണ്.
ഉദയപുരം സഹകരണസംഘത്തിന്റെ അനുഭവം, വികേന്ദ്രീകരണം, സഹകരണ ഉടമസ്ഥത, പരസ്പരസഹായം എന്നിവ ചേർന്നാൽ കരാറു കാരുടെ ആധിപത്യം തകർക്കാനും, ന്യായമായ വേതനം ഉറപ്പാക്കാനും, അതിരുകളിലേക്ക് തള്ളപ്പെട്ട തൊഴിലാളി സമൂഹങ്ങളെ വികസന ത്തിന്റെ പ്രാദേശിക ഏജൻറുകളാക്കി മാറ്റാനും കഴിയുമെന്ന് തെളിയി ക്കുന്ന ശക്തമായ മാതൃകയാണ്.
ഉപസംഹാരം
ഈ പഠനം സഹകരണസംഘങ്ങളെ ഒരു പൂർണ്ണ പരിഹാരമായി അവ തരിപ്പിക്കുന്നില്ല. കാപിറ്റലിസ്റ്റ് വിപണിയുടെ പരിധികളിലും സമ്മർദ്ദ ങ്ങളിലുമാണ് അവ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും, അവ നൽകുന്ന സന്ദേശം അതിലേറെ പ്രസക്തമാണ്:
കൂട്ടായും ജനാധിപത്യപരവുമായ സാമ്പത്തിക ജീവിതം ഒരു സ്വപ്നമല്ല — ജീവിച്ചിരിക്കുന്ന യാഥാർത്ഥ്യമാണ്. കേരളത്തിലെ സഹകരണ സംഘ ങ്ങൾ ഇന്നത്തെ ലോകത്തിന് നൽകുന്നത് ഒരു വാഗ്ദാനം അല്ല; ഒരു ഉദാഹരണങ്ങളും മാതൃകകളുമാണ്. കാപിറ്റലിസത്തിന്റെ പരിധികൾക്കുള്ളിലും കൂടുതൽ നീതിയുള്ളതും മാനുഷികവുമായ ഭാവിയുടെ വിത്തുകൾ നട്ടുവളർത്താനാകുമെന്ന് ഓർമ്മിപ്പിക്കുന്ന മാതൃകകൾ. ഈ മാതൃ കകൾ മറ്റൊരു ലോകം സാധ്യമാണെന്ന് നമ്മെ സദാ ഉദ്ബോദിപ്പിച്ചു കൊണ്ടിരിക്കുന്നു. l




