
സുപ്രീം കോടതി ജഡ്ജി യുവാക്കളെ പാറ്റ എന്ന് ഒരു സാഹചര്യത്തിലും വിശേഷിപ്പിക്കാൻ പാടില്ലാത്തതാണ്. തൊഴിൽരഹിതരായ ചെറുപ്പക്കാരെ വിശേഷിപ്പിക്കുന്നതിനാണ് സുപ്രീം കോടതി ജഡ്ജി ഈ അധമ പദപ്രയോഗം നടത്തിയത്. യുവാക്കൾക്ക് തൊഴിലില്ലാതാവുന്നത് അവരുടെ കുറ്റം കൊണ്ടല്ല; മറിച്ച് നാം ജീവിച്ചിരിക്കുന്ന മുതലാളിത്തവ്യവസ്ഥയുടെ കുറ്റംകൊണ്ടാണ്. അത് മറച്ചുപിടിച്ച് തൊഴിലില്ലാത്തവരാണ് കുറ്റം ചെയ്തത് എന്ന് വരുത്തിത്തീർക്കാനാണ് സുപ്രീം കോടതിയിൽ ഇരിക്കുന്ന ഒരു ജഡ്ജി തയ്യാറായത്. അതിൻ്റെ ഭാഗമായാണ് കോക്രോച്ച് ജനത പാർട്ടി എന്ന യുവജനപ്രസ്ഥാനം വളർന്നുവന്നത്.
ഇത് ഗൗരവമായി പരിശോധിക്കപ്പെടേണ്ട ഒരു വിഷയമാണ്. സുപ്രീം കോടതിയിൽ ഒരു കേസ് വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശങ്ങൾക്കെതിരെയുള്ള ആക്ഷേപഹാസ്യപരമായ ഒരു പ്രത്യാഘാതം എന്ന നിലയിലാണ് ഈ പ്രസ്ഥാനം ഉടലെടുത്തത്. സ്ഥാപനപരമായ അച്ചടക്കത്തെക്കുറിച്ച് പറയവെ, തൊഴിലില്ലാത്ത ചില ചെറുപ്പക്കാർ ‘പാറ്റകളെപ്പോലെ’ പെരുമാറുന്നുവെന്നും, നിലവാരമുള്ള ഒരു തൊഴിൽ ലഭിക്കാതെ വരുമ്പോൾ അവർ മാധ്യമങ്ങളിലേക്കും സാമൂഹ്യമാധ്യമങ്ങളിലേക്കും മറ്റും തിരിഞ്ഞ് എല്ലാവരെയും ആക്രമിക്കാൻ തുടങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവിലുള്ള വ്യവസ്ഥയെ പോലും ചോദ്യം ചെയ്യുന്ന അവരെ അദ്ദേഹം ‘പരാന്നഭോജികൾ’ എന്നാണ് വിശേഷിപ്പിച്ചത്.
ചീഫ് ജസ്റ്റിസ് ഈ പരാമർശം പിന്നീട് തിരുത്തുന്നുണ്ട്. എന്നാൽ അതിന് മുൻപ് തന്നെ, അതൊരു വലിയ ഡിജിറ്റൽ തരംഗമായി മാറിക്കഴിഞ്ഞിരുന്നു. അവഹേളനപരമായ ഈ പദത്തെ അർത്ഥവത്തായ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ച് നിരാശരായ യുവാക്കൾ അതിനെ തങ്ങളുടെ പുതിയൊരു സ്വത്വമായി സ്വീകരിച്ചു. പെട്ടെന്നുണ്ടായ ഈ വളർച്ചയിലൂടെ കോക്രോച്ച് ജനതാ പാർട്ടിക്ക് ഒറ്റരാത്രികൊണ്ട് രണ്ട് കോടിയിലധികം അനുയായികളെ ലഭിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയതും എന്നാൽ തൊഴിലില്ലാത്തതുമായ, ഡിജിറ്റൽ ലോകത്ത് ഒതുങ്ങിപ്പോയ ഒരു തലമുറയുടെ രോഷത്തെ ഈ പാർട്ടി തങ്ങളുടേതായ ശൈലിയിൽ അവതരിപ്പിച്ചു. ജെൻ-സിയുടെ ഭാഷയും ആക്ഷേപഹാസ്യവും ഉപയോഗിച്ച് അവർ ഭരണകൂടത്തിന്റെ ഭാഷയ്ക്ക് ശക്തമായ മറുപടി നൽകി.
ഇതൊരു ഡിജിറ്റൽ ക്യാമ്പയിനായിരുന്നുവെങ്കിലും , സിജെപിയുടെ എക്‌സ് (X) അക്കൗണ്ട് നീക്കം ചെയ്തുകൊണ്ട് ബിജെപി ഭരണകൂടം ഇതിനെ അടിച്ചമർത്താൻ ശ്രമിച്ചു. അവർ ഇവർക്കെതിരായി വലിയ പ്രചാരണം അഴിച്ചുവിട്ടു. പാകിസ്ഥാനികളാണ് സിജെപിക്ക് പിന്തുണ നൽകുന്നവർ എന്നായിരുന്നു അവരുടെ പ്രധാന ആരോപണം.
സിജെപി ആകെ മാറ്റിമറിച്ചത് രാഷ്ട്രീയ ആശയവിനിമയത്തിന്റെ രീതിയാണ്. മീമുകളും (ഇൻ്റർനെറ്റിലൂടെ പ്രചരിക്കുന്ന തമാശകൾ) ഇന്റർനെറ്റ് സ്ലാങ്ങുകളും ആക്ഷേപഹാസ്യവും മറ്റും ഉപയോഗിച്ച് നടത്തിയ ഈ പ്രചാരണത്തെ നേരിടാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചില്ല. പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് കാര്യമായി എത്തിപ്പെടാൻ കഴിയാത്ത യുവാക്കളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാൻ സിജെപിക്ക് ഇതിലൂടെ സാധിച്ചു. യുവാക്കളുടെ ഉള്ളിലുള്ള അതൃപ്തിയാണ് ഇതിലൂടെ പുറത്തുവന്നത്.
സിജെപിയുടെ മീമുകൾക്ക് അപ്പുറത്ത് പ്രവർത്തിക്കുന്ന അടിസ്ഥാനകാരണം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ്. ഇന്ത്യയിലെ ബിരുദധാരികളായ യുവതീ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ അതിരൂക്ഷമാണ്. എ ഐ പ്രയോഗം അത് വർധിപ്പിക്കുന്നുണ്ട്. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം, രാജ്യത്തെ പൊതുവായ തൊഴിലില്ലായ്മ നിരക്ക് 3.1 ശതമാനമാണെങ്കിൽ, ബിരുദധാരികൾക്കിടയിൽ അത് 11.2 ശതമാനമാണ്. നീറ്റ്-യുജി (NEET-UG) ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട അഴിമതി യുവാക്കളുടെ മനോവീര്യം തകർത്തു കളഞ്ഞു. ഇതിനുപുറമെ, യുവാക്കൾ പ്രധാനമായി ജോലി ചെയ്യുന്ന ഗിഗ് ഇക്കോണമിയിൽ ജോലി ചെയ്യുന്നവരുടെ ശമ്പളത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. അസീം പ്രേംജി സർവകലാശാലയുടെ ‘സ്റ്റേറ്റ് ഓഫ് വർക്കിംഗ് ഇന്ത്യ 2026’ റിപ്പോർട്ട് പ്രകാരം, ഒരു ഇന്ത്യൻ ബിരുദധാരിയുടെ ശരാശരി പ്രതിമാസ ശമ്പളം 2011-ലെ 30,000 രൂപയിൽ നിന്ന് 28,000 രൂപയായി കുറഞ്ഞിരിക്കുകയാണ്. പണപ്പെരുപ്പവും ജീവിതച്ചെലവും കണക്കിലെടുക്കുമ്പോൾ, ഇന്നത്തെ യുവാക്കൾ മുൻതലമുറയെക്കാൾ കുറഞ്ഞ വരുമാനത്തിലാണ് ജീവിക്കുന്നത്.
ഇന്നത്തെ യുവാക്കൾ നേരിടുന്നത് തകരുന്ന മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ പ്രത്യാഘാതങ്ങളാണ്. സ്ഥിര ജോലികൾ ഇല്ലാതാവുകയും, പകരം അസ്ഥിരമായ കരാർ ജോലികളും ആപ്പ് അധിഷ്ഠിത ജോലികളും (Gig work) വർദ്ധിക്കുകയും ചെയ്തു. സാങ്കേതികവിദ്യാ സ്ഥാപനങ്ങൾ യുവാക്കളെ വെറും ഡാറ്റാ ജനറേറ്ററുകളായി ചുരുക്കി. ഓൺലൈൻ മീമുകളിലൂടെയും മറ്റും സ്വന്തം സങ്കടങ്ങളെ പങ്കുവെക്കാൻ അവർ നിർബന്ധിതരാകുന്നു. യുവാക്കളല്ല, മറിച്ച് ഈ ചൂഷണാധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥയാണ് പരാജയപ്പെട്ടത്.
സിജെപി ഇതിനിടയിൽ ഒരു പ്രകടനപത്രിക പുറത്തിറക്കി. അതിൽ അഞ്ച് പ്രധാന ആവശ്യങ്ങളാണുള്ളത്:
വിരമിച്ച ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ സീറ്റുകൾ നൽകുന്നത് നിരോധിക്കുക. ഫലത്തിൽ ബിജെപിക്കും അവരുടെ എംപിമാരായി മാറുന്ന മുൻ ജഡ്ജിമാർക്കും എതിരാണിത്.
പൗരന്മാരുടെ വോട്ട് റദ്ദാക്കുന്നതിനെ ഭീകരപ്രവർത്തനമായി (UAPA) കണക്കാക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി നടപ്പിലാക്കിയ ഒരു പദ്ധതിയാണിത്.
പാർലമെന്റിലും മന്ത്രിസഭയിലും സ്ത്രീകൾക്ക് 50 ശതമാനം സംവരണം നൽകുക.
അദാനി, റിലയൻസ് തുടങ്ങിയ കോർപ്പറേറ്റ് മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും സ്വതന്ത്ര മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
കൂറുമാറുന്ന രാഷ്ട്രീയ നേതാക്കൾക്ക് 20 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തുക. (ഏറ്റവും കൂടുതൽ ബാധിക്കുക ബിജെപിയെയാണ്)
ഈ രോഷം ശരിയായ ദിശയിൽ നയിച്ചില്ലെങ്കിൽ, തീവ്രവലതുപക്ഷ ശക്തികൾ ഇത് മുതലെടുക്കാൻ സാധ്യതയുണ്ട്. ജർമ്മനിയിലെ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി (ജർമ്മനിക്കുവേണ്ടിയുള്ള ബദൽ) അല്ലെങ്കിൽ അർജന്റീനയിലെ ജാവിയർ മില്ലി എന്നിവയെപ്പോലെ, യുവാക്കളുടെ സാമ്പത്തിക മോഹഭംഗത്തെ വർഗീയമായ അജണ്ടകൾക്ക് വേണ്ടിയും വലതുപക്ഷവത്കരണത്തിന് വേണ്ടിയും ഉപയോഗിക്കാൻ ചില ശക്തികൾ ശ്രമിച്ചേക്കാം.
അതുകൊണ്ടു തന്നെ സിജെപിയുടെ ഈ മുന്നേറ്റത്തെ ഗൗരവത്തോടെ കാണാൻ ഇടതുപക്ഷത്തിന് ബാധ്യതയുണ്ട്. യുവതയുടെ ഈ ശബ്ദത്തെ ഉൾക്കൊള്ളാനും, അവരുടെ ഡിജിറ്റൽ ഊർജ്ജത്തെ ഒരു സംഘടിത രാഷ്ട്രീയ മുന്നേറ്റമായി മാറ്റാനും സമരൈക്യം രൂപപ്പെടുത്താനും ഇടതുപക്ഷത്തിന് സാധിക്കണം. സർവ്വകലാശാലകളിലും തൊഴിലിടങ്ങളിലും ഇവരുമായി ചേർന്ന് പ്രവർത്തിച്ച്, ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസത്തിലൂടെയും സംഘടനാ പ്രവർത്തനത്തിലൂടെയും ഈ തലമുറയുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ സഹായിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രധാന ദൗത്യം. l



