

ഉറക്കമുണർന്നിട്ടും എഴുന്നേൽക്കാൻ മടിച്ച്, പുതപ്പിനുള്ളിൽചുരുണ്ടുകൂടിക്കിടക്കുമ്പോഴാണ്, ഫോണിൽ വാട്സ് ആപ്പ് കോൾ
വരുന്നതു കണ്ടത്. തല തെളിഞ്ഞു വരുന്നതേ ഉണ്ടായിരുന്നുള്ളൂ.
അതുകൊണ്ട്, എടുത്തു കഴിഞ്ഞപ്പോഴാണ്, വീഡിയോ കോളാണല്ലോ എന്ന
ബോധം മിന്നിയത്. “റേനു, ദിസ് ഈസ് മുസ്തഫ,” എന്ന് കേട്ടപ്പോൾ
ബോധം മുഴുവനായും വന്നു. ജെനിൻ ക്യാമ്പിൽ നിന്ന്, ഫ്രീഡം
തിയേറ്ററിൽ നിന്ന്, മുസ്തഫാ ഷേതാ!

അതായത്, പാലസ്തീനിൽ നിന്ന്!
വെസ്റ്റ് ബാങ്കിലെ ജെനിനിൽ പ്രവർത്തിക്കുന്ന ഫ്രീഡം തിയേറ്ററിന്റെ
സ്ഥാപകനായ മുസ്തഫ ഷേതയുമായി ഒരു ഇൻ്റർവ്യൂവിനായി
ശ്രമിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായിരുന്നു. ഇമെയിൽ സന്ദേശങ്ങൾ
പലവട്ടം കൈമാറിയിട്ടും സമയം ഒത്തുകിട്ടിയില്ല. പതിനഞ്ചു
മാസത്തോളം ഇസ്രയേൽ തടവിൽ വെച്ചിരുന്ന മുസ്തഫ ഷേത
മോചിപ്പിക്കപ്പെട്ടത് 2025 മാർച്ച് 31-നായിരുന്നു. ജീവിതത്തിലെ ഓരോ
നിമിഷവും അക്ഷരാർത്ഥത്തിൽ പോരാടിക്കൊണ്ട് ജീവിക്കുന്ന
പാലസ്തീനിയൻ ജീവിതം. അതിനിടയിൽ, ഇങ്ങു കേരളത്തിൽ നിന്നുള്ള
അഭിമുഖാഭ്യർത്ഥനക്ക് സമയം കണ്ടെത്തിയാലല്ലേ അത്ഭുതപ്പെടാനുള്ളൂ.
ഇമെയിലുകൾ എവിടെയുമെത്തുന്നില്ലെന്ന് കണ്ട്, ഫോൺ നമ്പർ മെയിൽ
ചെയ്തത് തലേന്നു രാത്രിയായിരുന്നു. ഒട്ടും സമയം കളയാതെ, അവിടെ
നേരം വെളുത്തയുടൻ, വിളിച്ചതാണ് മുസ്തഫാ ഷേത.
“ഒരു പത്തു മിനിട്ട് തരാമോ, എനിക്കൊന്ന് ‘പ്രസൻ്റബിൾ’ ആവാൻ?”
എന്നു ചോദിച്ചു കൊണ്ട് തട്ടിപ്പിടഞ്ഞെഴുന്നേൽക്കുമ്പോഴേക്കും “ശരി,
പത്തു മിനിട്ടിനുള്ളിൽ ഞാൻ ലിങ്കയക്കാം,” എന്നു പറഞ്ഞ് മുസ്തഫ കട്ട്
ചെയ്തു.
പത്തുമിനിട്ടിനുള്ളിൽ, മുടിയെല്ലാം വാരിക്കെട്ടി, ലാപ്പ് ടോപ്പെടുത്തു വച്ച്
തയ്യാറായി. ലിങ്ക് വന്നു. സ്ക്രീനിൽ മുസ്തഫ ഷേത പ്രത്യക്ഷപ്പെട്ടു.
ആ സമയത്തും, മുസ്തഫയുടെ ഫോണിനു വിശ്രമമില്ല. നിരന്തരം ഫോൺ
വിളികൾ വരുന്നുണ്ട്. ഒഴിവാക്കാനാവാത്ത ഫോണുകളാണെന്ന് വ്യക്തം.
ക്ഷമാപണത്തോടെ ഓരോന്നും മുസ്തഫ എടുക്കുന്നുണ്ട്. പാലസ്തീനിയൻ
അറബിയിൽ തുടരുന്ന സംസാരം. “ക്ഷമിക്കണം, ഇവിടെ ഒരുപാട്
പ്രശ്നങ്ങളുണ്ട്,” എന്നു പറഞ്ഞുകൊണ്ട് മുസ്തഫ അഭിമുഖത്തിലേക്ക്
തിരിച്ചു വന്നു.
ഗാസയിൽ വെടി നിർത്തലെന്ന് പ്രഖ്യാപിച്ച ശേഷവൂം, ആക്രമണങ്ങൾ
തുടരുന്നതിനൊപ്പം, വെസ്റ്റ് ബാങ്കിലെമ്പാടും ജനജീവിതം
ദുസ്സഹമാക്കിക്കൊണ്ട്, പട്ടാളനീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണല്ലോ ഇസ്രായേൽ സേന.
ജെനിൻ ക്യാമ്പിലെ വീടുകൾ ഇടിച്ചു തകർത്തു
കൊണ്ടിരിക്കുന്നതും, ദശകങ്ങൾക്കപ്പുറം നടന്ന ‘നക് ബ’യെ ഓർമ്മിപ്പിച്ചു
കൊണ്ട്, രായ്ക്കുരാമാനം കിടപ്പാടം നഷ്ടപ്പെട്ട മനുഷ്യർ തെരുവിലേക്ക്
ആട്ടിയിറക്കപ്പെടുന്നതും, വഴിയിലൂടെ നടന്നുപോകുന്ന കുട്ടികളുടെ നേരെ
ഇസ്രായേലി പട്ടാളക്കാർ നിഷ്കരുണം നിറയൊഴിക്കുന്നതും,
പാതിരായെന്നോ, നട്ടുച്ചയെന്നോ ഇല്ലാതെ വീടുകളിൽ നിന്ന് മനുഷ്യരെ
ബലമായി അറസ്റ്റെന്ന പേരിൽ തട്ടിക്കൊണ്ടുപോകുന്നതുമെല്ലാം കണ്ടു
കണ്ട് ചിരപരിചിതമായതിനാൽ, “എന്താണു പ്രശ്നങ്ങൾ?” എന്ന
ചോദ്യത്തിനു പോലും പ്രസക്തിയില്ലല്ലോ.
“ജെനിൻ അഭയാർത്ഥി ക്യാമ്പ് ഇപ്പോൾ ഏതാണ്ട് ആളൊഴിഞ്ഞ
അവസ്ഥയിലായിക്കഴിഞ്ഞു,” മുസ്തഫ ഷേത പറഞ്ഞു. അതായത്,
ഏതാണ്ട് 16,000 – 17,000 മനുഷ്യർ തിങ്ങിപ്പാർത്തിരുന്ന പ്രദേശം. ഈ
മനുഷ്യരെല്ലാം, 1948-ൽ, ഇസ്രായേൽ രൂപീകരിക്കാൻ വേണ്ടി നടന്ന യുദ്ധം
അഥവാ ആക്രമണത്തിന്റെ ഇരകളായ, ഇനിയൊരിക്കലും ജന്മദേശം
കാണില്ലെന്നറിയാതെ ഓടിപ്പോരേണ്ടി വന്നവരും. ദശകങ്ങൾ കഴിഞ്ഞിട്ടും
അഭയാർത്ഥികളെന്ന ലേബലിൽ ജീവിതം തള്ളി നീക്കുന്നവർ. വെസ്റ്റ്
ബാങ്കിലെ ജെനിൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ, അന്തർദ്ദേശീയ
സന്നദ്ധസംഘടനകളുടെയും, ഐക്യരാഷ്ട്രസഭയുടെയുമൊക്കെ
കാരുണ്യത്താൽ, ചെറിയ കിടപ്പാടങ്ങൾ സംഘടിപ്പിച്ച്, ജീവിതം
കരുപ്പിടിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നവർ. ഈ ക്യാമ്പുകളിലെ
പാർപ്പിടങ്ങൾ അധികമൊന്നും താമസക്കാരുടെ ഉടമസ്ഥതയിലുള്ളതല്ല.
UNRWA അഥവാ United Nations Relief and Works Agency for the Near East എന്ന
ഐക്യരാഷ്ട്രസംഘടനയുടെ ഏജൻസിയുടെ ഉടമസ്ഥതയിലുള്ള ഹൈഫയിലെ
കാർമൽ പ്രദേശത്തു നിന്നും നിഷ്കാസിതരായവരാണ് ജെനിൻ ക്യാമ്പിലെ
അഭയാർത്ഥികളിലധികവും. 1953-ലാണ് ജെനിൻ ക്യാമ്പ്
സ്ഥാപിക്കപ്പെടുന്നത്. സ്വാഭാവികമായും, പ്രതിരോധത്തിന്റെ നാമ്പുകൾ
മുളച്ചുയരുന്നതും ഇവിടങ്ങളിൽ ആയിരിക്കുമല്ലോ. അങ്ങനെ വെസ്റ്റ്
ബാങ്കിലെയും, ഗാസയിലെയും, ലെബനോണിലെയുമെല്ലാം
അഭയാർത്ഥിക്യാമ്പുകളിലാണ് പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ
ഓഫ് പാലസ്തീൻ (PFLP) മുതൽക്കിങ്ങോട്ടുള്ള സായുധപ്രതിരോധ
സംഘടനകളൊക്കെ രൂപം കൊണ്ടത്.
“പാലസ്തീൻ കാരുടെ ക്യാമ്പ്, അഥവാ അഭയാർത്ഥി ക്യാമ്പ്, എന്നു
പറയുന്നതിന് അത് പാലസ്തീനിലായാലും ശരി, ലെബനണിലായാലും
ശരി, കൃത്യമായൊരു രാഷ്ട്രീയവിവക്ഷയുണ്ട്,” മുസ്തഫ പറഞ്ഞു. ഈ
ക്യാമ്പുകളെല്ലാം തീക്ഷ്ണമായ രാഷ്ട്രീയബോധമുള്ള,
പ്രതിരോധപ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവായ പ്രദേശങ്ങളാണ്.
അതായത് അഭയാർത്ഥികളായ പാലസ്തീൻകാർക്ക് തങ്ങൾ കുടിയിറക്കപ്പെട്ട സ്വദേശത്തേക്ക് തിരിച്ചുപോകണമെന്ന ലക്ഷ്യത്തോടു
കൂടി നടന്നുവരുന്ന പ്രതിരോധപ്രവർത്തനങ്ങളുടെ കേന്ദ്രം. അതിനെ
തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേലിന്റെ
സൈനികനടപടികൾ. പ്രതിരോധശക്തികളെ തുടച്ചു നീക്കി ഇസ്രായേലിന്
അപകടമുണ്ടാക്കാത്ത ‘നൈബർഹുഡുകൾ’ (neighbourhoods) ആക്കി
മാറ്റാനാണു സിയോണിസ്റ്റുകൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ജെനിൻ അടക്കമുള്ള അഭയാർത്ഥിക്യാമ്പുകളിൽ നിന്ന് ഇപ്പോൾ
ഇറക്കിവിടപ്പെട്ടവർക്ക് പുതിയൊരു പേര് നൽകപ്പെട്ടിട്ടുണ്ടെന്ന് മുസ്തഫ
പറഞ്ഞു. അവരിപ്പോൾ ‘ഡിസ്പ്ലേസ് ഡ് പീപ്പിൾ,’ ആണത്രെ.
ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗികരേഖകളിൽ ‘നിഷ് പക്ഷത’യുടെ
നിറമുള്ള മറ്റൊരു പദം.

ജെനിൻ ക്യാമ്പിൽ 2006-ലാണ് ഫ്രീഡം തിയേറ്റർ ആരംഭിക്കുന്നത്.
ദുരിതങ്ങൾ നിറഞ്ഞ ജീവിതത്തിനിടയിൽ, യുവതലമുറയുടെ
സർഗാത്മകശേഷികൾക്കൊരു പിന്തുണ നൽകാനും, സർഗാത്മകതയിലൂടെ
പ്രതിരോധപ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കാനും വേണ്ടി. പക്ഷെ,
യഥാർത്ഥത്തിലുള്ള തുടക്കം അതിനും മുമ്പായിരുന്നു. ഇസ്രായേലി
കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗവും, രാഷ്ട്രീയ-
മനുഷ്യാവകാശപ്രവർത്തകയുമായിരുന്ന അർണ മെർ-ഖാമിസ് ആയിരുന്നു
1987-ൽ, പിന്നീട് ഫ്രീഡം തിയേറ്ററിന്റെ രൂപീകരണത്തിലേക്കു നയിച്ച
നാടകസംഘം ആരംഭിക്കുന്നത്.
ജെനിൻ ക്യാമ്പിലെ കുട്ടികൾക്കു വേണ്ടി
അർണ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ആ നാടകസംഘം
ആരംഭിച്ചത്. ജൂതസ്ത്രീയായിരുന്ന അർണ മെർ വിവാഹം കഴിച്ചത്
ഇസ്രായേലി കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന പാലസ്തീനിയൻ
വംശജൻ (പാലസ്തീനിയൻ ഈസ്റ്റേൺ ഓർത്തഡോക്സ് ക്രിസ്ത്യൻ)
സാലിബാ ഖാമിസിനെയായിരുന്നു. അവരുടെ പുത്രൻ ജൂലിയാനോ മെർ-
ഖാമിസ് ആണ് 2006-ൽ ഫ്രീഡം തിയേറ്റർ സ്ഥാപിക്കുന്നത്.

പാലസ്തീനിയൻ സ്വാതന്ത്ര്യപ്പോരാളിയായ സക്കറിയാ സുബൈദി,
സ്വീഡിഷ് – ഇസ്രായേലി ആക്റ്റിവിസ്റ്റായ ജൊനാഥൻ സ്റ്റാൻസാക്ക്,
സ്വീഡിഷ് – ഇസ്രായേലി കലാകാരനും, ഇടതുപക്ഷപ്രവർത്തകനുമായ
ഡ്രോർ ഫെയിലർ എന്നിവരൊത്തായിരുന്നു ജൂലിയാനോ, ഫ്രീഡം
തിയേറ്ററിനു തുടക്കം കുറിച്ചത്.

തന്റെ മാതാവ് അർണ, ജെനിൻ ക്യാമ്പിലെ കുട്ടികൾക്കു വേണ്ടി ഒരു
നാടകസംഘമുണ്ടാക്കാൻ എൺപതുകളിൽ നടത്തിയ ശ്രമത്തെപ്പറ്റി
ജൂലിയാനോ തയ്യാറാക്കിയ ‘അർണാസ് ചിൽഡ്രൻ’ എന്ന ഡോക്യുമെൻ്ററി
ഏറെ ശ്രദ്ധേയമായിരുന്നു. അർണ മെർ-ഖാമിസിന്റെ അന്നത്തെ ആ
നാടകസംഘത്തിലുണ്ടായിരുന്ന പത്തു കുട്ടികളിൽ പലരും പിൽക്കാലത്ത് വിമോചനപ്പോരാളികളായി മാറിയതും, രക്തസാക്ഷിത്വം വരിച്ചതുമായ
കഥ കൂടിയാണ് ആ ഡോക്യുമെൻ്ററിയിലൂടെ ജൂലിയാനോ പറഞ്ഞത്.
ഫ്രീഡം തിയേറ്ററിന്റെ സ്ഥാപകരിലൊരാളായ സക്കറിയാ സുബൈദിയും
ആ കുട്ടികളിൽ ഒരാളായിരുന്നു. പിൽക്കാലത്ത്, അൽ അക് സാ
മാർട്ടിയേഴ് സ് ബ്രിഗേഡ് എന്ന, ഫത്തേ പാർട്ടിയോട് അനുഭാവം
പുലർത്തുന്ന സായുധപ്പോരാട്ടസംഘത്തിന്റെ ജെനിനിലെ തലവനായി
പ്രവർത്തിർച്ചിരുന്നു സക്കറിയാ സുബൈദി. രണ്ടാം ഇൻ്റിഫാദയുടെ
സമയത്ത് സുപ്രധാനമായ പോരാട്ടങ്ങളിലേർപ്പെട്ടിട്ടുണ്ട് സുബൈദി. 2002-
ൽ, ഇസ്രായേലി പട്ടാളക്കാരുടെ വെടിയേറ്റ് സുബൈദിയുടെ അമ്മയും,
സഹോദരനും കൊല്ലപ്പെട്ടു. അന്നുവരെ, തങ്ങളുടെ വീട്ടിൽ നാടകം
കളിക്കാനെത്തുകയും, അമ്മയുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്ത
ഇസ്രായേലി സുഹൃത്തുക്കളാരും ആ സന്ദർഭത്തിൽ തുണയ്ക്കെത്തിയില്ല
എന്നത് സുബൈദിയെ നിരാശയിലാഴ്ത്തി. അധികം വൈകാതെ
അദ്ദേഹം, അൽ അക് സ ബിഗേഡിൽ ചേരുകയായിരുന്നു. 2023 മുതൽ
നടന്നുവരുന്ന ഗാസ യുദ്ധത്തി, ഹമാസിനൊപ്പം ചേർന്ന്
ഇസ്രായേലിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന പന്ത്രണ്ടു സംഘടനകളിൽ,
അൽ അക് സ ബ്രിഗേഡുമുണ്ട്.
അധിനിവേശഭരണത്തിനു കീഴിൽ, പാലസ്തീനിയൻ യുവാക്കൾ
അനുഭവിക്കുന്ന മാനസിക – വൈകാരിക സംഘർഷങ്ങളിൽ നിന്ന്
അവർക്ക് ആശ്വാസം പകരുകയെന്ന പ്രാഥമികലക്ഷ്യത്തോടെയായിരുന്നു
ജൂലിയാനോയും സുഹൃത്തുക്കളും ഫ്രീഡം തിയേറ്റർ സ്ഥാപിക്കുന്നത്.
പരീശീലനം കിട്ടിയ നാടകപ്രവർത്തകർ നയിക്കുന്ന ഡ്രാമാ തെറാപ്പി
സെഷനുകളിലൂടെ യുവാക്കൾക്ക് തങ്ങളനുഭവിച്ച ട്രോമകളെപ്പറ്റി
തുറന്നുപറയാനും, അവയെ മറികടക്കാനുമുള്ള ഒരു വഴി തുറന്നു
കൊടുക്കുകയെന്നത്. പ്രധാനമായും, അഗസ്തോ ബോലിന്റെ, മർദ്ദിതരുടെ
നാടകവേദി (തിയേറ്റർ ഓഫ് ദി ഒപ്രസ്സ്ഡ്) ഉപയോഗിച്ചു കൊണ്ടുള്ള
സമീപനമാണ് ഫ്രീഡം തിയേറ്ററിൽ ഉപയോഗിച്ചു വരുന്നത്.
സ്ഥാപകനായ ജൂലിയാനോവിനെ കാത്തിരുന്നത് പക്ഷെ ദുരന്തം
തന്നെയായിരുന്നു. പ്രധാനപ്പെട്ട പല പാലസ്തീനിയൻ – ഇസ്രായേലി
ചലച്ചിത്രങ്ങളിലും അഭിനയിച്ചിരുന്ന ജൂലിയാനോ, ടെൽ അവീവിലെ
അക്കാദമി ഓഫ് പെർഫോമിങ്ങ് ആർട്ടിൽ അഭിനയം
പഠിപ്പിക്കുന്നുമുണ്ടായിരുന്നു. പക്ഷെ, 2011 ഏപ്രിൽ 4-ന്, തിയേറ്ററിൽ
നിന്ന് കാറിൽ പുറത്തിറങ്ങിയ ജൂലിയാനോവിനെ മുഖം മൂടിയണിഞ്ഞ
ഒരക്രമി തടഞ്ഞു നിർത്തി വെടിവെച്ചു കൊല്ലുകയായിരുന്നു.
ജൂലിയാനോവിന്റെ മടിയിലുണ്ടായിരുന്ന കുഞ്ഞുമകനും, ഒപ്പമുണ്ടായിരുന്ന
കുഞ്ഞിന്റെ ബേബിസിറ്റർക്കും അപകടമൊന്നും പിണഞ്ഞില്ല. ജെനിനിൽ
തന്നെയുള്ള ഒരു പാലസ്തീൻകാരൻ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും, പിന്നീട് അയാളല്ല കൊല ചെയ്തതെന്ന് പോലീസ് അറിയിക്കുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇപ്പോഴും തെളിയിക്കപ്പെടാത്ത ഒരു കൊലപാതകം.
ഏറെ സങ്കീർണ്ണമാണ് പാലസ്തീൻ ജനതയുടെ ജീവിതം. ഭൂരിപക്ഷവും
ഇസ്ലാം മതവിശ്വാസികൾ. കടുത്ത യാഥാസ്ഥിതികതയാലും,
പാരമ്പര്യത്താലും വരിഞ്ഞുമുറുക്കപ്പെട്ടിരിക്കുന്ന സമൂഹം. അതോടൊപ്പം
ജന്മദേശത്തു നിന്ന് പുറംതള്ളപ്പെട്ട്, കാലു കുത്താൻ സ്വന്തമായൊരിഞ്ചു
മണ്ണില്ലാതെ അഭയാർത്ഥികളായി ജീവിക്കേണ്ടിവരുന്ന ദുര്യോഗം.
തലമുറകൾ കൈമാറിക്കൊണ്ടിരിക്കുന്ന പ്രതിരോധപ്പോരാട്ടങ്ങൾ.
വിശ്വാസികളായ പലർക്കും തിയേറ്റർ വിലക്കപ്പെട്ടതാണ്.
വിമോചനപ്പോരാട്ടങ്ങൾ തുടരുമ്പോഴും, യുവതലമുറ തിയേറ്ററുമായി
ബന്ധപ്പെടുന്നത് അവരെ വഴിതെറ്റിക്കുമോയെന്ന് ആശങ്കപ്പെടുന്നവരും
അവിടെയുണ്ട്. ഇതിനൊക്കെയിടയിൽ നിന്നുകൊണ്ടാണ് മുസ്തഫ
ഷേതയും സുഹൃത്തുക്കളും നാടകത്തിന്റെ ഭാഷ സംസാരിച്ചു
കൊണ്ടിരിക്കുന്നത്.
“സമ്പൂർണ്ണമായ സ്വാതന്ത്ര്യത്തെപ്പറ്റിയാണ് ഞങ്ങൾ പറയുന്നത്,” മുസ്തഫ
പറയുന്നു. “എന്നുവെച്ചാൽ അത് ഇസ്രായേലിൽ നിന്നുള്ള സ്വാതന്ത്ര്യം
മാത്രമല്ല. എല്ലാത്തരം അടിമത്തങ്ങളിൽ നിന്നുമുള്ള സ്വാതന്ത്ര്യം.
സ്ത്രീകളുടെ സ്വാതന്ത്ര്യം. ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യം.
ഇസ്രായേലിൽ നിന്ന് സ്വാതന്ത്ര്യം നേടിയാലും, ഞങ്ങളുടെ പോരാട്ടം
തുടരേണ്ടി വരും. വിശാലമായ അർത്ഥത്തിലുള്ള ‘ഫ്രീഡം’ ആണ്
ഞങ്ങൾ ലക്ഷ്യമാക്കുന്നത്. എല്ലാ അർത്ഥത്തിലുമുള്ള ഒരു
രാഷ്ട്രീയനാടകവേദിയാണു ഞങ്ങളുടേത്.”

ജെനിനിലെ ഫ്രീഡം തിയേറ്ററിന്റെ ഇടം പലവട്ടം ഇസ്രായേൽ
സൈന്യത്തിന്റെ ക്രൂരമായ ആക്രമണങ്ങൾക്കു വിധേയമായിട്ടുണ്ട്.
തുടർച്ചയായ ആക്രമണങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന ജെനിനിലെ
കുട്ടികൾക്ക് അല്പസമയം എല്ലാം മറന്ന് ഒരു സാധാരണ ജീവിതത്തിന്റെ
ചെറിയൊരു സാധ്യത അനുഭവിക്കാൻ കഴിയുന്നൊരിടം ഒരുക്കാനാണു
ഫ്രീഡം തിയേറ്ററിന്റെ പ്രവർത്തകർ ശ്രമിക്കുന്നത്.
അതില്ലാതാക്കുകയെന്നതാണു ഇസ്രായേലിന്റെ ലക്ഷ്യവും. ഒരു
തരത്തിലുള്ള ശാന്തിയോ, സമാധാനമോ, സാധാരണ ജീവിതത്തിന്റെ
ഏറ്റവും ചെറിയൊരംശം പോലുമോ പാലസ്തീൻകാർക്കു ലഭിക്കരുത്
എന്നതാണ് ഇസ്രായേലിന്റെ കാഴ്ചപ്പാട്. “അതുകൊണ്ടു തന്നെയാണു ഞങ്ങൾ തിയേറ്റർ ചെയ്തുകൊണ്ടേയിരിക്കുന്നത്,” മുസ്തഫ ഷേത
പറയുന്നു. “ഞങ്ങൾ തിയേറ്റർ ചെയ്യുന്നത് അവരെ പ്രകോപിപ്പിക്കുന്നു.”
“തെരുവിൽ, ഇസ്രായേലി പട്ടാളം വെടിവെപ്പു നടത്തുകയും, ആൾക്കാർ
മരിക്കുകയും ചെയ്യുമ്പോൾ, നാടകാവതരണം നിർത്തി
വെയ്ക്കണമെന്നാണു ഭൂരിപക്ഷം പേരും പറയുക; അതായിരിക്കും
ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പക്ഷെ, എന്റെ അഭിപ്രായമതല്ല.
എന്തു സംഭവിച്ചാലും, നാടകം അവതരിപ്പിച്ചു കൊണ്ടേയിരിക്കണം;
അതൊരിക്കലും നിർത്തരുത് എന്നാണ്,” മുസ്തഫ പറഞ്ഞു. കാരണം,
നാടകം വലിയൊരു പ്രതിരോധപ്രവർത്തനമായതു തന്നെ.

ഫ്രീഡം തിയേറ്ററിന്റെ ചരിത്രം പറയുകയെന്നു വെച്ചാൽ,
നാടകത്തെക്കുറിച്ചല്ല, നാടകസംഘത്തിന്റെ പ്രവർത്തകരും സ്ഥാപകരും
നേരിടേണ്ടി വന്ന, നേരിട്ടു കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ ചരിത്രം
പറയുകയെന്നാണ്. ജൂലിയാനോ കൊല ചെയ്യപ്പെട്ടതിനു ശേഷമുള്ള
വർഷങ്ങളിൽ, ഏറെ ബുദ്ധിമുട്ടിയാണ് ഫ്രീഡം തിയേറ്റർ നിലനിന്നത്.
തുടർന്നു കൊണ്ടേയിരിക്കുന്ന ആക്രമണങ്ങൾ. റെയ്ഡുകൾ.
കൂട്ടക്കൊലകൾ.
ഇതിനൊക്കെയിടയിലൂടെ അവർ നാടകം ചെയ്തുകൊണ്ടേയിരുന്നു.
യാത്രാവിലക്കുകളെ മറികടന്ന്, ലോകത്തിന്റെ നാനാഭാഗങ്ങളിൽ
നാടകമവതരിപ്പിച്ചു കൊണ്ടേയിരുന്നു. അങ്ങനെ, 2015-ലെ കേരളത്തിന്റെ
അന്തർദ്ദേശീയ നാടകവേദിയിലും, ഫ്രീഡം തിയേറ്റർ എത്തിയിരുന്നു.
ദക്ഷിണാഫ്രിക്കൻ നാടകകൃത്തായ അതോൾ ഫുഗാർഡിന്റെ ‘ദി ഐലൻഡ്’
എന്ന നാടകവുമായി, ഫ്രീഡം തിയേറ്ററിനെ പ്രതിനിധീകരിച്ച്, ഫൈസൽ
അബു അൽ- ഹൈജ, അഹ് മദ് അൽ- റോഖ് എന്നീ നടന്മാർ തൃശൂരിൽ,
ഇറ്റ് ഫോക്കിന്റെ വേദിയിലെത്തി. ആ വരവിൽ, ഡൽഹിയിൽ, ജന
നാട്യമഞ്ചിന്റെ ആഭിമുഖ്യത്തിൽ അവർ ‘അർണയുടെ കുട്ടികൾ’ എന്ന
ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുകയും ചെയ്തു. ഫ്രീഡം തിയേറ്ററും,
ജനനാട്യമഞ്ചും തമ്മിൽ സഹകരിച്ച് പല പരിപാടികളും പിന്നീട്
ചെയ്തിട്ടുണ്ട്.
“ഇസ്രായേലിൽ സിവിലിയന്മാർ ഇല്ല,” ഒരു ചിരിയോടെ മുസ്തഫ
പറഞ്ഞു. ഇസ്രായേൽ ജനത മുഴുവൻ ഒന്നുകിൽ സൈനികരോ,
അല്ലെങ്കിൽ റിസർവ് സേനാംഗങ്ങളോ, അല്ലെങ്കിൽ മുൻ സൈനികരോ
ആണ്. അല്ലെങ്കിൽ, ഇൻ്റലിജൻസ് വിഭാഗവുമായി ബന്ധപ്പെട്ടു
പ്രവർത്തിക്കുന്നവർ. തൊഴിലെന്തായാലും.

തുടർച്ചയായി നടന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ മൂലം, ജെനിനിലെ
ഫ്രീഡം തിയേറ്ററിന്റെ തിയേറ്റർ സ്പേസ് ഇപ്പോൾ ഉപയോഗിക്കാവുന്ന
അവസ്ഥയിലല്ല. തന്മൂലം, റാമള്ളയിൽ ഒരു സുഹൃത്തിന്റെ
ഇടമാണിപ്പോൾ അവരുപയോഗിക്കുന്നത്. ഈ സാഹചര്യത്തിലും ഫ്രീഡം
തിയേറ്റർ നാടകം ചെയ്തുകൊണ്ടേയിരിക്കുകയാണ്.
പതിറ്റാണ്ടുകൾക്കു മുമ്പേ, പാലസ്തീനുമായി ഐക്യദാർഢ്യം
പ്രഖ്യാപിച്ചിരുന്ന ഇന്ത്യയുടെ മാറുന്ന വിദേശനയങ്ങൾ, മുസ്തഫയെയും
സുഹൃത്തുക്കളെയും അലട്ടുന്നുണ്ട്. ഇന്ത്യ ഇസ്രായേലുമായി
അടുക്കുന്നതിനെ തങ്ങൾ ഏറെ ദുഃഖത്തോടെയാണു നിരീക്ഷിക്കുന്നതെന്ന്
മുസ്തഫ പറഞ്ഞു. പോരാട്ടങ്ങൾക്ക് ലോകത്തെല്ലായിടത്തും ഒരേ
നിറമാണുള്ളത് എന്നു മുസ്തഫ ഷേതക്ക് മനസ്സിലാവാൻ ബുദ്ധിമുട്ടില്ലല്ലോ.




