പി എം ശ്രീയെന്ന ഇരുതലമൂരി

ഡോ. രതീഷ് കാളിയാടൻ

ദേശീയ വിദ്യാഭ്യാസനയം 2020 പ്രാബല്യത്തിൽ വന്നതോടെ വിദ്യാഭ്യാസത്തെ ഭാരതീയ വൽക്കരിക്കുന്നതിന്റെ ഭാഗമായി പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും കാര്യമായ മാറ്റം പ്രതിഫലിച്ചു. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠപുസ്‌തകങ്ങളിൽ നിന്നും “സംഘപരിവാരത്തിന് ഹിതമല്ലാത്ത’ പാഠഭാഗങ്ങൾ നിഷ്‌കരുണം വെട്ടിമാറ്റി.

ചരിത്ര പാഠപുസ്തകങ്ങളിൽ നിന്നും മുഗൾ ഭരണകാലം കുടിയിറക്കപ്പെട്ടു, ഇന്ത്യാ വിഭജനം വെട്ടിമാറ്റി, പരിണാമസിദ്ധാന്തം നിഷ്‌കാസനം ചെയ്യപ്പെട്ടു. സ്വാതന്ത്ര്യസമരത്തിന് പുതിയ വ്യാഖ്യാനങ്ങളും നേതൃനിരയും അവതരിപ്പിക്കപ്പെട്ടു. ധനതത്ത്വശാസ്ത്രം ഉൾപ്പെടെ സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിൽ നിന്നും ദാരിദ്ര്യം എന്ന വാക്കും സങ്കല്പവും മുക്തമാക്കപ്പെട്ടു. വികസനം സംബന്ധിച്ച ചർച്ചകളെല്ലാം നീക്കം ചെയ്യപ്പെട്ടു. ഭാരതവൽക്കരണ ബുദ്ധിജീവികൾ ശാസ്ത്രത്തെയും വെറുതെ വിട്ടില്ല. ഗണിതവും ആയുർവേദവും ഉൾപ്പെടെ പലതും ഭാരതീയ ശാസ്ത്രവിചാരമായി ഉൾപ്പെടുത്തി. ഭാരതീയ ജ്ഞാനവ്യവസ്ഥ (ഇന്ത്യൻ നോളജ് സിസ്‌റ്റം) മറയാക്കി അന്ധവിശ്വാസങ്ങളും ആചാരാനുഷ്‌ഠാനങ്ങളുമെല്ലാം ക്ലാസ് മുറി വിനിമയത്തിന്റെ പരിധിയിലെത്തിക്കാൻ അവസരമൊരുക്കി.

നാനാത്വത്തിൽ ഏകത്വമെന്ന സങ്കൽപ്പത്തിന് വിരുദ്ധമായി ബഹുസ്വര സമൂഹത്തിന്റെ നൈതികതയ്ക്ക് നിരക്കാത്തവിധം ഒഴിവാക്കലുകൾക്കും കൂട്ടിച്ചേർക്കലുകൾക്കും അപരവൽക്കരണത്തിന്റെ ധ്വനി പ്രകടമായി. വെട്ടിമാറ്റിയ പാഠഭാഗങ്ങൾ പഠിപ്പിക്കുമെന്ന നിലപാട് പ്രഖ്യാപിച്ചാണ് കേരളം ഈ സമീപനത്തോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയത്. ഇടതുപക്ഷ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനമെന്ന നിലയിൽ ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തി പ്രത്യേക പാഠപുസ്തകങ്ങൾ തയ്യാറാക്കുകയും ചെയ്തു. ഭാരതീയതയുടെ പേരിൽ സങ്കുചിത ദേശീയതയുടെ അടയാളങ്ങൾ പാഠ്യപദ്ധതിയുടെയും പഠനോപകരണങ്ങളുടെയും ഭാഗമാക്കി അപരവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നത് വലിയതോതിൽ വിമർശന വിധേയമായിക്കൊണ്ടിരുന്ന സാഹചര്യത്തിൽ തന്നെയാണ് കേന്ദ്രസർക്കാർ പി എം ശ്രീ പദ്ധതി പ്രഖ്യാപിച്ചത്. 2022 സെപ്തംബർ 7ന് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 2027 വരെ നീണ്ടുനിൽക്കുന്ന പഞ്ചവത്സര പദ്ധതിയായാണ് ഇത് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.

പി എം ശ്രീ മാതൃകാ വിദ്യാലയങ്ങൾ
ദേശീയ വിദ്യാഭ്യാസനയം 2020ലെ നിർദ്ദേശങ്ങളെല്ലാം നടപ്പിലാക്കുന്ന മാതൃക വിദ്യാലയങ്ങൾ സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ എന്ന പി എം ശ്രീ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഒരു ബ്ലോക്കിൽ പരമാവധി രണ്ടു വീതം ആകെ 14,500 വിദ്യാലയങ്ങളെയാണ് പി എം ശ്രീ വിദ്യാലയങ്ങളായി പരിവർത്തിപ്പിക്കുക. ഇതിനായി 27,360 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. പദ്ധതി നടത്തിപ്പിന് ആവശ്യമായി വരുന്ന തുകയുടെ 60% കേന്ദ്രസർക്കാർ വഹിക്കും. 40% സംസ്ഥാന സർക്കാരുകൾ വഹിക്കണം.

പദ്ധതി സംബന്ധിച്ച്‌ മൂന്ന് വോള്യങ്ങളുള്ള മാർഗരേഖ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ, നടത്തിപ്പ്, മോണിറ്ററിംഗ് മുതലായ എല്ലാ കാര്യങ്ങളും മാർഗരേഖയിൽ വിശദീകരിച്ചിട്ടുണ്ട്.

ദേശീയ വിദ്യാഭ്യാസ നയം 2020ലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന മാതൃകാ വിദ്യാലയങ്ങൾ എന്ന ടാഗ് ലൈനാണ് മാർഗനിർദ്ദേശങ്ങളിൽ ഏറ്റവും കൂടുതൽ ആവർത്തിച്ചിട്ടുള്ളത്. ആറ് ആരക്കാലുകളാൽ പടുത്തുയർത്തുന്ന വിദ്യാഭ്യാസ സൗധമായാണ് പി എം ശ്രീയെ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ ആരക്കാലും ദേശീയ വിദ്യാഭ്യാസ നയത്തിലെ അധ്യായങ്ങളെ പ്രതിനിധാനം ചെയ്യുന്നു.

ഒന്ന്: പാഠ്യപദ്ധതി സമീപനം, വിനിമയ രീതികൾ, മൂല്യനിർണയം – ദേശീയ വിദ്യാഭ്യാസ നയത്തിലെ 1, 2, 4 , 24 അധ്യായങ്ങൾ.

രണ്ട്: പ്രാപ്യത, ഭൗതിക സൗകര്യങ്ങൾ ദേശീയ വിദ്യാഭ്യാസ നയത്തിലെ 3, 7 അധ്യായങ്ങൾ.

മൂന്ന്: മാനവ വിഭവം, സ്കൂൾ നേതൃത്വം ദേശീയ വിദ്യാഭ്യാസ നയത്തിലെ 5, 15 അധ്യായങ്ങൾ.

നാല്: ഉൾച്ചേർക്കൽ രീതികൾ, ലിംഗ നീതിദേശീയ വിദ്യാഭ്യാസ നയത്തിലെ 6‐ാം അധ്യായം.

അഞ്ച്: മാനേജ്മെൻ്റ്,മോണിറ്ററിംഗ്, ഭരണപരമായ കാര്യങ്ങൾ – ദേശീയ വിദ്യാഭ്യാസ നയത്തിലെ 8‐ാം അധ്യായം.

ആറ്: ഗുണഭോക്തൃ സംതൃപ്തി – ദേശീയ വിദ്യാഭ്യാസ നയത്തിലെ 8‐ാം അധ്യായം.

ചുരുക്കത്തിൽ ദേശീയ വിദ്യാഭ്യാസ നയം 2020ലെ നിർദ്ദേശങ്ങൾ എല്ലാം മികവാർന്ന രീതിയിൽ നടപ്പിലാക്കുന്ന വിദ്യാലയങ്ങളാണ് പി എം ശ്രീ വിദ്യാലയങ്ങൾ.

പി എം ശ്രീ നടപ്പിലാക്കൽ ഘട്ടങ്ങൾ
പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നതിന് 3 ഘട്ടങ്ങളായുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളാണ് നിർദ്ദേശിച്ചിട്ടുള്ളത്. മൂന്ന് ഘട്ടങ്ങളും പൂർത്തീകരിക്കുന്ന മുറയ്ക്ക് മാത്രമേ പദ്ധതി നടപ്പിലാക്കാനാകൂ.

ഘട്ടം 1: ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കി തുടർച്ചയായ പിന്തുണ നൽകി നിർദ്ദിഷ്ട ഗുണത ഉറപ്പാക്കി അവയെ പിഎം ശ്രീ സ്കൂളുകളായി ഉയർത്തുന്നതിനുള്ള ധാരണാപത്രം സംസ്ഥാനങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ഒപ്പുവയ്ക്കൽ.

ഘട്ടം 2: പി എം ശ്രീ സ്കൂളുകളായി മാറ്റാൻ കഴിയുന്ന നിശ്ചിത യോഗ്യതകളുള്ള സ്കൂളുകളെ യുഡയസ് പ്ലസ് ഡാറ്റ പ്രകാരം കണ്ടെത്തൽ

ഘട്ടം 3: യുഡയസ് പ്ലസ് ഡാറ്റ പ്രകാരം കണ്ടെത്തിയ സ്കൂളുകളെ നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് വിലയിരുത്തൽ. സ്കൂളുകൾ സന്ദർശിച്ച് വിലയിരുത്തി സർട്ടിഫിക്കറ്റ് നൽകേണ്ടത് സംസ്ഥാനമാണ്.

കേന്ദ്രം നൽകുന്ന ധാരണാ പത്രം ഒപ്പുവയ്ക്കൽ, സാമ്പത്തികം കൈമാറുന്നതിനായി പ്രത്യേക സിംഗിൾ നോഡൽ ഏജൻസി അക്കൗണ്ട് സജ്ജമാക്കൽ, സംസ്ഥാന തലത്തിൽ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തൽ, പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കൽ, ജില്ലകളിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിനും പദ്ധതി നടത്തിപ്പിനുമായി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ജില്ലാതല കമ്മിറ്റികൾ രൂപീകരിക്കൽ, പദ്ധതി നടത്തിപ്പ് കാലയളവിൽ സംസ്ഥാന ബജറ്റ് വിഹിതം ഉറപ്പാക്കൽ, ധാരണാപത്രം ഒപ്പുവെച്ചുകഴിഞ്ഞാൽ ഉടൻ സംസ്ഥാനങ്ങളിലെ സ്കൂളുകളെ തിരഞ്ഞെടുക്കൽ എന്നിവയാണ് പി എം ശ്രീപദ്ധതി നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ ചെയ്യേണ്ടത്.

ധാരണാപത്രം ഒപ്പുവെച്ചുവെങ്കിലും പി എം ശ്രീ പദ്ധതി സംബന്ധമായ തുടർനടപടികളിലേക്ക് പിണറായി സർക്കാർ കടക്കുകയോ ഏതെങ്കിലും വിധത്തിലുള്ള ഫണ്ട് കൈപ്പറ്റുകയോ ചെയ്തിട്ടില്ല. കിട്ടിയെന്ന് പ്രചരിപ്പിക്കപ്പെടുന്ന 92.41 കോടി രൂപ 2023 – 24 മുതൽ 2025‐26 വർഷം വരെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം കുട്ടികൾക്ക് ലഭ്യമാക്കേണ്ട ഇനങ്ങളിൽ ചിലവഴിച്ച തുകയുടെ റീ ഇംമ്പേഴ്സ്മെന്റ് തുകയുടെ ഒരു ഭാഗമാണ്.

കേരളം പിഎം ശ്രീയുടെ ഭാഗമോ?
ദേശീയ വിദ്യാഭ്യാസ നയം 2020 പൂർണതോതിൽ നടപ്പിലാക്കുന്നതിനായി വിഭാവനം ചെയ്ത പി എം ശ്രീ പദ്ധതി നടപ്പിലാക്കേണ്ടതില്ലെന്ന കൃത്യമായ രാഷ്ട്രീയ തീരുമാനമാണ് തുടക്കം മുതൽ പിണറായി വിജയൻ സർക്കാർ കൈക്കൊണ്ടത്. മതേതര കേരളം കയ്യടിയോടെ സ്വീകരിച്ച ധീരമായ നിലപാട്.

പി എം ശ്രീ പദ്ധതിയുടെ ഭാഗമാകുന്നതിനും ധാരണാപത്രത്തിൽ ഒപ്പിടുന്നതിനും പലതലങ്ങളിൽ പലരീതിയിലുള്ള സമ്മർദ്ദം ചെലുത്തിയെന്നത് നമ്മുടെ അനുഭവമാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, സെക്രട്ടറിമാരായ സഞ്ജയ് കുമാർ ഐ എ എസ്, അനിത അകർവാൾ ഐ എ എസ്, ജോയിൻ്റ് സെക്രട്ടറി വിപിൻ കുമാർ ഐ എ എസ്, ഡയറക്ടർ ജെ.പി പാണ്ഡെ മുതലായവർ നിരന്തരം കത്തുകൾ അയച്ചു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രണ്ടിലധികം തവണ മുഖ്യമന്ത്രിക്ക് നേരിട്ട് കത്തെഴുതി. നേരിട്ടും അല്ലാതെയും പലവിധ തന്ത്രങ്ങൾ പ്രയോഗിച്ചു. സമ്മർദ്ദ തന്ത്രങ്ങളിൽ ഒന്നും വഴങ്ങാതെ പിടിച്ചുനിൽക്കാൻ സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങളെല്ലാം കേരളീയ സമൂഹത്തിന് മുന്നിലുണ്ട്. ധർമ്മേന്ദ്ര പ്രധാൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച ഒരു കത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അയച്ച വിവിധ തീയതികളിലെ കത്തുകളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. മറ്റൊരു കേന്ദ്രാവിഷ്കൃത പദ്ധതി നടപ്പിലാക്കുന്നതിനും ഇങ്ങനെ നിരന്തരം കത്തുകൾ അയച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പദ്ധതി നടപ്പിലാക്കലിലെ കേന്ദ്ര താൽപര്യത്തിന്റെ തീക്ഷ്ണത ഇതിൽ നിന്നുതന്നെ വ്യക്തമാണ്.

സമഗ്ര ശിക്ഷ കേരളത്തിന് ലഭിക്കേണ്ട ഫണ്ടുകളാകെ കുടിശ്ശികയാക്കി സമ്മർദ്ദം തുടർന്നു. ഒരേ ഒരു ന്യായം മാത്രമേ കേന്ദ്രത്തിന് പറയാനുള്ളൂ. നിങ്ങൾ പി എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പ് വയ്ക്കൂ; പണം നൽകാം. പി എം ശ്രീ പദ്ധതിയിൽ ഒപ്പിടാതെ ചെറുത്തുനിന്ന തമിഴ്നാടും ഒഡീഷയും അപ്പോഴേക്കും പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് കത്ത് സമർപ്പിച്ചിരുന്നു. ഒടുക്കം കേന്ദ്ര സർക്കാരിലെ ജോയിന്റ്‌ സെക്രട്ടറി വിപിൻകുമാർ ഐഎസുമായി നടത്തിയ ചർച്ചയിൽ ഇപ്പോൾ ഒപ്പിടാനാകില്ലെങ്കിൽ തമിഴ്നാട് മാതൃകയിൽ കത്ത് നൽകിയാൽ 2023‐24 സാമ്പത്തിക വർഷത്തിലെ കുടിശിക തുക അനുവദിക്കാമെന്ന ധാരണയിലെത്തി. തുടർന്നാണ് തമിഴ്നാടും ഒഡീഷയും നൽകിയ മാതൃകയിൽ 2023 മാർച്ച് 31ന് കേരളം കത്ത് നൽകിയത്.

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാന തല കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തി തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2024‐25 അക്കാദമിക വർഷം പി എം ശ്രീ പദ്ധതി നടപ്പിലാക്കൽ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുന്ന കാര്യം തീരുമാനിക്കാം എന്നതാണ് കത്തിന്റെ ഉള്ളടക്കം. ഈ കത്തിൽ എവിടെയും പി എം ശ്രീ പദ്ധതി സംസ്ഥാനം നടപ്പിലാക്കുമെന്ന് ഉറപ്പ് നൽകിയിട്ടില്ല. ഈ കത്ത് കാട്ടി കേന്ദ്ര സർക്കാർ വൃത്തങ്ങൾ കേരളം പി എം ശ്രീ പദ്ധതിയുടെ ഭാഗമാകാൻ സന്നദ്ധമായിയെന്ന് വലിയതോതിൽ പ്രചരിപ്പിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. പക്ഷേ ലെഗസി ഡാറ്റ ക്ലിയറൻസ് നടത്തിയില്ലെന്ന തട്ടിക്കൂട്ട് ന്യായം പറഞ്ഞ് പണം അനുവദിച്ചില്ല. അതോടെ കമ്മിറ്റി രൂപീകരണാനന്തര നടപടികളും അനുബന്ധകാര്യങ്ങളും സംസ്ഥാന സർക്കാരും ഉപേക്ഷിച്ചു.

വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങളെയെല്ലാം പ്രതിരോധിക്കാൻ ആവനാഴിയിലെ അമ്പുകളെല്ലാം ഇടതുപക്ഷം പ്രയോഗിച്ചു. ഗവർണറിലൂടെയും വൈസ് ചാൻസലർമാരിലൂടെയും കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെയും മറ്റും മറ്റും നടത്തിയ ശ്രമങ്ങൾക്കെതിരെ ഇടത് വിദ്യാർത്ഥി, – യുവജന, – അധ്യാപക സംഘടനകൾ തെരുവിലിറങ്ങി. ഫെഡറൽ തത്ത്വങ്ങൾക്ക് നിരക്കാത്തവിധം അർഹമായ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാതെ ശ്വാസംമുട്ടിക്കുന്നതിനും അപ്രഖ്യാപിത സാമ്പത്തിക ഉപരോധം നടപ്പിലാക്കുന്നതിനും എതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ദില്ലിയിൽ ചെന്ന് സമരം നടത്തി. നവകേരള സദസ്സിലൂടെ ലക്ഷക്കണക്കിന് മനുഷ്യരോട് സ്ഥിതിഗതികൾ വിശദീകരിച്ചു. സുപ്രീംകോടതിയിൽ നിയമ യുദ്ധം നടത്തി. എല്ലാ പ്രതിരോധ പ്രവർത്തനങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് കേന്ദ്രം അപ്രഖ്യാപിത സാമ്പത്തിക ഉപരോധം അനുസ്യൂതം തുടർന്നതോടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പുതുജീവൻ കൈവരിച്ച പൊതുവിദ്യാഭ്യാസ രംഗം പ്രതിസന്ധിയിലായി. 2009ലെ ദേശീയ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച്‌ കുട്ടികൾക്ക് ലഭ്യമാക്കേണ്ട മിനിമം കാര്യങ്ങൾ പോലും ചെയ്യാനാകില്ലെന്ന സ്ഥിതി വന്നു.

കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷ കേരളത്തിന് ₹1,151.48 കോടി രൂപയാണ് കുടിശ്ശികയായത്. സൗജന്യ പാഠപുസ്തകം, യൂണിഫോം, ഉച്ചഭക്ഷണം, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള വിവിധ സാമ്പത്തിക സഹായം, ഔട്ട് ഓഫ് ചിൽഡ്രൺ പദ്ധതികൾക്കായുള്ള പിന്തുണ എന്നിവ പൂർണമായും നിലയ്ക്കുന്ന സ്ഥിതി സംജാതമായി. പട്ടികജാതി വിദ്യാർത്ഥികൾക്കായി ആസൂത്രണം ചെയ്ത പ്രതിഭാ കേന്ദ്രങ്ങളുടെയും പട്ടികവർഗ കുട്ടികൾക്കായുള്ള ഊരു വിദ്യാ കേന്ദ്രങ്ങളുടെയും പ്രവർത്തനം താറുമാറായി. സമഗ്ര ശിക്ഷ കേരളം ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും സമയബന്ധിതമായി നൽകാനാകാതെ വന്നതോടെ കുടുംബ ബജറ്റുകൾ താളംതെറ്റി; കുറഞ്ഞ വരുമാനക്കാരായ ജീവനക്കാർ ആത്മഹത്യയുടെ വക്കിലായി. പിടിച്ചുനിൽക്കാനാകാത്തവിധം സാമ്പത്തിക ഞെരുക്കത്തിന്റെ നിലയില്ലാ കയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ഘട്ടത്തിലാണ് പി എം ശ്രീ പദ്ധതി സംബന്ധിച്ച പുനരാലോചനക്ക് ജീവൻ വെച്ചത്. ഫെഡറൽ തത്ത്വങ്ങളെല്ലാം കാറ്റിൽപ്പറത്തി കേന്ദ്ര സർക്കാർ നടപ്പാക്കിയ അപ്രഖ്യാപിത ധനസഹായ വിലക്കിനെ പ്രതിരോധിക്കാനുള്ള താൽക്കാലിക അടവുതന്ത്രമെന്ന നിലയ്‌ക്ക് 2025 ഒക്ടോബർ 25ന് ഒപ്പുവെച്ചു. എന്തുതന്നെയായാലും പി എം ശ്രീ പദ്ധതി നടപ്പിലാക്കുക എന്ന ഉദ്ദേശ്യമല്ല; സമഗ്ര ശിക്ഷ കേരളത്തിന് ന്യായമായും ലഭിക്കേണ്ട ഫണ്ട് നേടിയെടുക്കുക എന്ന തീർത്തും ന്യായമായ ലക്ഷ്യം മാത്രമായിരുന്നു ഒപ്പിടലിനു പിന്നിൽ. അത് തിരിച്ചറിയാതെ വ്യാപകമായ വിമർശനം ഉയർന്നുവന്നതോടെ ഒപ്പിട്ട നടപടി മരവിപ്പിക്കാൻ പിണറായി വിജയൻ സർക്കാർ തീരുമാനിച്ചു. ഇതു സംബന്ധിച്ച് 2025 നവംബർ 12ന് കേന്ദ്രത്തിലേക്ക് കത്ത് അയക്കുകയും ചെയ്തു. l

Hot this week

അനുഭൂതിയുടെ തിരക്കാഴ്ച

രേഖകളില്ലാതെ നമ്മുടെ വ്യവ്യസ്ഥയിൽനിന്നും പുറന്തള്ളപ്പെടുന്ന മനുഷ്യരുടെ പ്രതിനിധികളാണ്‌ ബാലനിലെ അമ്മയും മകനും....

വി ഡി സതീശന്റെ ഡീലിനു പിന്നിൽ വർഗതാൽപര്യം തന്നെ

"മുതലാളിത്ത വികസനപാത പിന്തുടരുന്നതിനായി വിദേശ ഫിനാൻസ് മൂലധനവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്നതും...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 30

‘‘ജനങ്ങൾക്കിടയിൽ വിപ്ലവാവേശം ശക്തിപ്പെടുകയായിരുന്നു. 1917 ജൂൺ 10ന്‌ ഒരു പ്രകടനം നടത്താൻ...

ഐ.വി.ദാസ് മനുഷ്യന്റെ പച്ച

കടമ്മനിട്ടയുടെ 'മകനോട്' എന്ന കവിതയിൽ “മകനേ നീ മാന്യനാകാതിന്ന് മനുഷ്യന്റെ പച്ചയായ്ത്തീരൂ”...

ആരാണ് മുണ്ടു മുറുക്കി ഉടുക്കേണ്ടത്?

മേയ് 10-ന് തെലങ്കാനയിലെ ഹൈദരാബാദിൽ ബി.ജെ.പി. റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി...

Topics

അനുഭൂതിയുടെ തിരക്കാഴ്ച

രേഖകളില്ലാതെ നമ്മുടെ വ്യവ്യസ്ഥയിൽനിന്നും പുറന്തള്ളപ്പെടുന്ന മനുഷ്യരുടെ പ്രതിനിധികളാണ്‌ ബാലനിലെ അമ്മയും മകനും....

വി ഡി സതീശന്റെ ഡീലിനു പിന്നിൽ വർഗതാൽപര്യം തന്നെ

"മുതലാളിത്ത വികസനപാത പിന്തുടരുന്നതിനായി വിദേശ ഫിനാൻസ് മൂലധനവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്നതും...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 30

‘‘ജനങ്ങൾക്കിടയിൽ വിപ്ലവാവേശം ശക്തിപ്പെടുകയായിരുന്നു. 1917 ജൂൺ 10ന്‌ ഒരു പ്രകടനം നടത്താൻ...

ഐ.വി.ദാസ് മനുഷ്യന്റെ പച്ച

കടമ്മനിട്ടയുടെ 'മകനോട്' എന്ന കവിതയിൽ “മകനേ നീ മാന്യനാകാതിന്ന് മനുഷ്യന്റെ പച്ചയായ്ത്തീരൂ”...

ആരാണ് മുണ്ടു മുറുക്കി ഉടുക്കേണ്ടത്?

മേയ് 10-ന് തെലങ്കാനയിലെ ഹൈദരാബാദിൽ ബി.ജെ.പി. റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി...

1991 ആവർത്തിക്കുമോ?

മറ്റു പ്രമുഖ സമ്പദ്‌വ്യവസ്ഥകളേക്കാൾ മികച്ച പ്രകടനമാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കാഴ്ചവയ്ക്കുന്നത് എന്ന...

സാരിയും കാൻസറുണ്ടാക്കുമോ?

ഇന്ത്യൻ സ്‌ത്രീകളുടെ പരമ്പരാഗത വസ്‌ത്രമാണ്‌ സാരി. ഏതുതരം ശരീരഘടനയുള്ളവർക്കും ഏത്‌ സന്ദർഭത്തിനും...

മേഘം വന്ന് തൊടാതെ പോകുമ്പോൾ ….

കാത്തിരിപ്പിന്റെ ഒടുവിൽ എന്താണ് ബാക്കിയുള്ളത് ? വീണ്ടുമൊരു കണ്ടുമുട്ടൽ? പണ്ടെങ്ങോ ഓർക്കാൻ...
spot_img

Related Articles

Popular Categories

spot_imgspot_img