ത്രിപുരയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക സംഭാവന ചെയ്‌ത നേതാവാണ് ദശരഥ് ദേബ്. പാർട്ടിയുടെ ഉരുക്കുകോട്ടയായി ആ സംസ്ഥാനം നിലകൊണ്ടതിന്റെ പിന്നിൽ അദ്ദേഹത്തിന്റെ ധീരമായ നേതൃത്വവും സമർഥമായ സംഘടനാശേഷിയുമുണ്ടായിരുന്നു. സാമാന്യജനങ്ങളുടെയിടയിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം അനുപമമായിരുന്നു.
1916 ഫെബ്രുവരി രണ്ടിനാണ് ഖൊവായ് സബ് ഡിവിഷനിലുൾപ്പെട്ട അംബുരാ ഗ്രാമത്തിലെ തിക്‌നിലയിലെ ഒരു ദരിദ്ര ആദിവാസി കുടുംബത്തിൽ ദശരഥ് ദേബ് ജനിച്ചത്. കൃഷ്‌ണചന്ദ്ര ദേബ് ബർമയാണ് പിതാവ്. മാതാവ് കന്യാണി ദേബ് വർമ. ദരിദ്ര കുടുംബമായതിനാൽ വീട്ടിലെ ആബാലവൃദ്ധം ജനങ്ങളും ജോലിചെയ്‌തെങ്കിൽ മാത്രമേ അഷ്ടിക്കു വക ലഭിക്കുമായിരുന്നുള്ളൂ. കൊച്ചു ദശരഥിനും കൃഷിപ്പണിയിൽ അച്ഛനെ സഹായിക്കാൻ പോകണമായിരുന്നു. നേരം പുലരും മുമ്പുതന്നെ കൃഷിപ്പണിക്കായി അച്ഛൻ ഇറങ്ങും. ആ കൂടെ വീട്ടിലെ മറ്റെല്ലാവരും ഇറങ്ങും. അതിനിടയിൽ ദശരഥിനെ സ്‌കൂളിൽ ചേർക്കാനോ അക്ഷരം പഠിപ്പിക്കാനോ ഒന്നിനും അവസരം മാതാപിതാക്കൾക്ക് ലഭിച്ചില്ല.
എങ്കിലും സ്‌കൂളിൽ പോകാനും പഠിക്കാനുമുള്ള ആഗ്രഹം അതിതീവ്രമായിത്തന്നെ ദശരഥ് ദേവിനുള്ളിലുണ്ടായിരുന്നു. അങ്ങനെയാണ് 14‐ാം വയസ്സിൽ ഖൊവായ് പ്രൈമറി സ്‌കൂളിൽ അദ്ദേഹത്തെ ചേർത്തത്. അവിടുത്തെ പഠനത്തിനുശേഷം അഗർത്തലയിലെ ഉമാകാന്ത അക്കാദമിയിൽ പഠിക്കാൻ ചേർന്നു. ചെറിയ ഒരു തുക സ്‌കോളർഷിപ്പായി ലഭിച്ചതിനാൽ പഠനം സ്‌കോളർഷിപ്പായി ലഭിച്ചതിനാൽ പഠനം മുടങ്ങാതെ മുമ്പോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചു.
ഉമാകാന്ത അക്കാദമിയിൽ വിദ്യാർഥിയായിരിക്കെ അവിടെനിന്ന് രണ്ട് വിദ്യാർഥികളെ ഹെഡ്‌മാസ്റ്റർ പുറത്താക്കി. ദശരഥിന്റെ മനസ്സിനെ ആഴത്തിൽ മുറിവേൽപി ച്ച സംഭമായിരുന്നു അത്. പുറത്താക്കപ്പെട്ട വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ദശരഥും അവർക്കൊപ്പം ക്ലാസിൽനിന്നിറങ്ങിപ്പോയി. ദശരഥിന്റെ പ്രതിഷേധം അവിടംകൊണ്ടും അവസാനിച്ചില്ല. അദ്ദേഹം നേരെ വിദ്യാഭ്യാസമന്ത്രിയുടെ വീട്ടിലെത്തി. അവിടെ പ്രതിഷേധസൂചകമായി കുത്തിയിരിപ്പ് സമരം നടത്തി. വിദ്യാഭ്യാസമന്ത്രി എത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും കൊച്ച് ദശരഥ് അടങ്ങിയില്ല. ദശരഥിനെ മന്ത്രി നേരെ രാജാവിന്റെ മുന്പിൽ ഹാജരാക്കി. ബീർബിക്രം കിഷോർ ആയിരുന്നു അന്ന് രാജാവ്. രാജാവ് പയ്യനെ ശിക്ഷിക്കുമെന്നാണ് പൊതുവെ ആളുകൾ കരുതിയത്. എന്നാൽ പയ്യന്റെ സദുദ്ദേശ്യത്തിലും ആത്മാർഥതയിലും രാജാവിന് മതിപ്പാണ് തോന്നിയത്. രാജാവ് ആ കുട്ടിയെ ശിക്ഷിച്ചില്ലെന്നു മാത്രമല്ല സ്‌കോളർഷിപ്പ് തുകയിൽ വർധനവ് വരുത്തുകയും ചെയ്‌തു.
എന്നാൽ ഹെഡ്‌മാസ്റ്റർക്ക് ഖേദമുണ്ടാകാതെ നോക്കുകയും വേണം. അതിനായി രാജാവ് ഒരു തീരുമാനം പറഞ്ഞു: ‘‘ദശരഥ് ഈ സ്‌കൂളിൽനിന്ന് മാറി ഖൊവായ് ഹൈസ്‌കൂളിൽ ചേർന്നു പഠിക്കട്ടെ’’. അതോടെ ഖൊവായ് ഹൈസ്‌കൂളിലായി തുടർന്നുള്ള അദ്ദേഹത്തിന്റെ പഠനം. സമർഥനായ ആ വിദ്യാർഥി 1943ൽ ഒന്നാംക്ലാസോടെ മെട്രിക്കുലേഷൻ പാസായി.
ഹബീഗഞ്ചിലെ ബൃന്ദാവൻ കോളേജിലാണ് അദ്ദേഹം ബിഎയ്‌ക്ക് ചേർന്നത്. ഈ പ്രദേശം ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമാണ്. ഹിസ്റ്ററിയും സിവിക്‌സുമാണ് ഐച്ഛികവിഷയമായി എടുത്തത്. 1947ൽ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം ബിരുദാനന്തരബിരുദ പഠനത്തിനായി കൽക്കത്തയിലേക്ക് പോയി.
കൽക്കത്തയിൽ എംഎ പഠനത്തിന് പ്രവേശനമാഗ്രഹിച്ചു കഴിയവെ പട്ടാളത്തിൽ റിക്രൂട്ട്‌മെന്റ് നടക്കുന്നു. റോയൽ ആർട്ടിലറി റെജിമെന്റിൽ ജോലിയിൽ പ്രവേശിച്ചു. ബർമയിൽ യുദ്ധം ചെയ്യാനാണ് അദ്ദേഹം നിയോഗിക്കപ്പെട്ടത്. കുറച്ചുകാലം ജോലി ചെയ്‌തതിനുശേഷം ജോലി ഉപേക്ഷിച്ചു. കൽക്കത്തയിൽ എംഎയ്‌ക്ക് ചേർന്നു.
ഒന്നാംവർഷ ബിരുദവിദ്യാർഥിയായിരിക്കെ തന്നെ ദശരഥ് ദേബ് ജനശിക്ഷാ സമിതിയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദിവാസികളുടെയിടയിൽ വിദ്യാഭ്യാസം വ്യാപിപ്പിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. താമസിയാതെ ജനശിക്ഷാസമിതിയുടെ പ്രവർത്തനങ്ങൾക്ക് നല്ല ഫലമുണ്ടായി. 1947 ആയപ്പോഴേക്കും 488 പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു.
ആദിവാസികൾക്കിടയിൽ പുതിയ അവബോധം വളരാൻ ജനശിക്ഷാസമിതിയുടെ പ്രവർത്തനങ്ങൾ ഇടയാക്കി. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോട് അതിലെ പല പ്രവർത്തകർക്കും ആഭിമുഖ്യം വളർന്നു. അത് ക്രമേണ രാജാവിന്റെ ചെവിയിലുമെത്തി. വിദ്യാഭ്യാസം‐സാമൂഹിക പ്രവർത്തനം എന്നിവയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന സംഘടനയല്ല സമിതിയെന്ന് രാജാവിന് മനസ്സിലായി. സമിതിക്ക് മൂക്കുകയറിടുന്നതിനായി 1946ൽ ആദിവാസി മുഖ്യന്മാരുടെയും വളന്റിയർമാരുടെയും യോഗം രാജാവ് വിളിച്ചുചേർത്തു. സമിതിയുടെ പ്രവർത്തനങ്ങളിൽ പല നിയന്ത്രണങ്ങളും രാജാവ് നിർദേശിച്ചു.
എന്നാൽ രാജാവിന്റെ നിർദേശങ്ങൾ അനുസരിക്കാൻ ജനശിക്ഷാസമിതി നേതാക്കളും പ്രവർത്തകരും തയ്യാറായില്ല. അതോടെ പ്രതികാര നടപടികളുമായി രാജാവ് രംഗത്തുവന്നു. സമിതിയുടെ നേതാക്കളിൽ പലരെയും അറസ്റ്റ് ചെയ്‌തു. സുധാംശുംദേബ് ബർമ, ഹെമന്ത്‌ദേബ് ബർമ എന്നിവരുൾപ്പെടെയുള്ളവർ അറസ്റ്റിലായി. എന്നാൽ ദശരഥ് ദേബിനെ പിടികൂടാൻ പൊലീസ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കഴിഞ്ഞില്ല. നേതാക്കളെ അറസ്റ്റ് ചെയ്‌തതോടെ പ്രതിഷേധം കനത്തു. ആദിവാസികളൊന്നാകെ പ്രക്ഷോഭവുമായി രംഗത്തുവന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ വലിയൊരു പ്രതിഷേധ പരന്പരകൾ തന്നെ സംഘടിപ്പിക്കപ്പെട്ടു. അനാവശ്യ ഇടപെടലുകളെയോ ഭീഷണികളെയോ തങ്ങൾ വകവയ്‌ക്കില്ലെന്ന ആദിവാസികളുടെ ശക്തമായ മുന്നറിയിപ്പായിരുന്നു ഈ പ്രക്ഷോഭ പരന്പര.
ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോളും ജനശിക്ഷാസമിതി നേതാക്കളെ മോചിപ്പിക്കാൻ സർക്കാർ തയ്യാറായില്ല.
1948 ഫെബ്രുവരിയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം കോൺഗ്രസ് കൽക്കത്തയിൽ ചേർന്നു. ആ കോൺഗ്രസ് അംഗീകരിച്ച രാഷ്‌ട്രീയപ്രമേയത്തിന്റെ പേരിൽ കമ്യൂണിസ്റ്റ് പാർട്ടിയെ സർക്കാർ നിരോധിച്ചു. അതോടെ പാർട്ടി നേതാക്കൾ ഒ ളിവിൽ പോയി.
ആദിവാസിമേഖലകളിൽ ശക്തമായ പ്രക്ഷോഭം അനിവാര്യമാണെന്ന കാഴ്‌ചപ്പാട് പാർട്ടിക്കുണ്ടായിരുന്നു. അതിന്റെ കൂടി ഭാഗമായാണ് ത്രിപുര രാജ്യ ഗണമുക്തി പരിഷത്ത് രൂപീകരിക്കപ്പെട്ടത്. അതിന്റെ ആദ്യത്തെ പ്രസിഡന്റായി ദശരഥ് ദേബ് തിരഞ്ഞെടുക്കപ്പെട്ടു.
കമ്യൂണിസ്റ്റുകാരുടെ സഹായത്തോടെയാണ് ഗണമുക്തി പരിഷത്ത് അതിന്റെ മുഖപത്രം പുറത്തിറക്കിയത്. അതിലൂടെ ആദിവാസികൾ നേരിടുന്ന അതീവ ഗുരുതരമായ പ്രശ്‌നങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരാൻ പരിഷത്തിന് സാധിച്ചു.
ആദിവാസികളുടെ ഉന്നമനമെന്നത് ഭരണാധികാരികളുടെ അജൻഡയിലേയില്ലായിരുന്നു. ആദിവാസികളെ സംഘടിപ്പിക്കുന്നത് പ്രത്യേകിച്ച് കമ്യൂണിസ്റ്റുകാർ സംഘടിപ്പിക്കുന്നത് അവർക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല. ആദിവാസി നേതാക്കളെയും പ്രവർത്തകരെയും തെരഞ്ഞുപിടിച്ച് പൊലീസും ഗുണ്ടകളും ആക്രമിച്ചു. അതിനായി പൊലീസും പട്ടാളവും കൈകോർത്തു. ശത്രുസൈന്യത്തെയെന്നപോലെയാണ് ആദിവാസിളോട് അവർ പെരുമാറിയത്. സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ത്രിപുരയിൽ രാജഭരണം തന്നെ തുടർന്നു. രാജഭരണം നടത്തുന്ന ആക്രമണങ്ങളെ ചെറുക്കാൻ ആദിവാസികൾക്ക് ആയുധമെടുത്തേ മതിയാവൂ എന്ന അവസ്ഥ സംജാതമായി. അതോടെ ഗണമുക്തി പരിഷത്തിന്റെ നേതൃത്വത്തിൽ ആയുധമെടുത്ത് പോരാട്ടം ആരംഭിച്ചു. സായുധസമരത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനി ദശരഥ് ദേബ് ആയിരുന്നു.
ദശരഥ് ദേബിനെ എങ്ങനെയും പിടിക്കണമെന്ന വാശി അധികാരികൾക്കുണ്ടായി. ‘‘ദശരഥ് ദേബിനെ ജീവനോടെയോ അല്ലാതെയോ പിടിച്ചു നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം നൽകുന്നതായിരിക്കും’’ എന്ന് ഗവൺമെന്റ് പ്രഖ്യാപിച്ചു. അന്നത്തെ പതിനായിരം എന്നത് ഇന്നത്തെ കോടികളാണെന്ന് ഓർക്കുക.
ഈ സമയത്തും അദ്ദേഹം ആദിവാസികളുടെ സായുധസമരത്തെ നയിക്കുകയായിരുന്നു. ആദിവാസികൾ കണ്ണിലെ കൃഷ്‌ണമണി പോലെയാണ് തങ്ങളുടെ നേതാവിനെ സംരക്ഷിച്ചത്. ദശരഥ് ദേബ് ഒളിച്ചിരിക്കുന്ന സഥലം പറഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ട് നിരവധിപേരെയാണ് പൊലീസ് പീഡിപ്പിച്ചത്. എന്നാൽ ആരിൽനിന്നും ഒരു വിവരവും നേടാൻ പൊലീസിനായില്ല.
മാത്രമല്ല പിടിക്കാനെത്തുന്ന പൊലീസിനെയും പട്ടാളത്തെയും അദ്ദേഹം അതിവിദഗ്‌ധമായി കബളിപ്പിക്കുകയും ചെയ്‌തു. ഒരിക്കൽ ഒരുസംഘം പട്ടാളക്കാർ അദ്ദേഹത്തെയും കൂട്ടരെയും വളഞ്ഞു. പിടികിട്ടാപ്പുള്ളി ഉടൻ വലയിലാകുമെന്ന ആത്മവിശ്വാസത്തോടെ പട്ടാളക്കാർ മുമ്പോട്ടു നീങ്ങി. ദശരഥ് ദേബിന്റെ പ്രായോഗികബുദ്ധി മിന്നൽ വേഗത്തിൽ പ്രവർത്തിച്ചു. ദശരഥ് അതിവേഗം വിസിലടിച്ചിട്ട് പട്ടാളക്കാർക്ക് മുന്നറിയിപ്പ് നൽകി: ‘‘സൈനികരേ നിങ്ങൾ വളയപ്പെട്ടിരിക്കുകയാണ്. ജീവൻ വേണമെങ്കിൽ ആയുധങ്ങൾ ഉപേക്ഷിച്ച് സ്ഥലം വിട്ടോളുക’’. അതു വിശ്വസിച്ച പട്ടാളക്കാർ ആയുധങ്ങൾ ഉപേക്ഷിച്ച് ഓടി. ദശരഥിന് സ്വന്തം ജീവൻ രക്ഷിക്കാനും കഴിഞ്ഞു. സൈനികരുടെ കൈവശമുണ്ടായിരുന്ന നിരവധി ആയുധങ്ങൾ ലഭിക്കുകയും ചെയ്‌തു.
സായുധ ചെറുത്തുനിൽപ് 1952 വരെ തുടർന്നു. ഈ ചെറുത്തുനിൽപിനിടയിൽ 1950ൽ ഗണശക്തി പരിഷത്തിന്റെ 41 നേതാക്കൾ ബരാമുറ കുന്നിനു മുകളിൽ സമ്മേളിച്ചു. പരിഷത്തിനെ കമ്യൂണിസ്റ്റ് പാർട്ടിയിൽ ലയിപ്പിക്കാൻ അവർ തീരുമാനിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആസാമിലെ പ്രമുഖ നേതാവായ പ്രാണേശ് ബിശ്വാസാണ് കമ്യൂണിസ്റ്റ് പാർട്ടിയെ പ്രതിനിധീകരിച്ച് ആ യോഗത്തിൽ പങ്കെടുത്തത്. അങ്ങനെ ദശരഥ് ദേബ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.
1952ലെ ഒന്നാം പൊതുതിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. ത്രിപുര വെസ്റ്റ് നിയോജകമണ്ഡലത്തിൽനിന്ന് മത്സരിച്ചത് ദശരഥ് ദേബാണ്. ഒളിവിലാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത്. വൻ ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിച്ചു.
ലോക്‌സഭാംഗങ്ങളെ അക്ഷരമാലാ ക്രമത്തിൽ സത്യപ്രതിജ്ഞയ്‌ക്ക് വിളിച്ചപ്പോൾ അദ്ദേഹം നാടകീയമായി എത്തി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. അതുവരെ അദ്ദേഹം ഒളിവുജീവിതം നയിക്കുകയായിരുന്നു. രണ്ടുതവണകൂടി അദ്ദേഹം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദിവാസികളുടെയും മറ്റ് അരികുവത്‌കരിക്കപ്പെട്ടവരുടെയും പ്രശ്‌നങ്ങൾ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അവയ്‌ക്ക് പരിഹാരം കണ്ടെത്തുന്നതിനും അദ്ദേഹം പരമാവധി പ്രയത്‌നിച്ചു.
ഇന്ത്യാ വിഭജനത്തിന്റെ ദുരിതങ്ങൾ നിരവധി ത്രിപുരയ്‌ക്ക് ഏറ്റുവാങ്ങേണ്ടിവന്നു. കിഴക്കൻ ബംഗാളിൽനിന്നുള്ള അഭയാർഥിപ്രവാഹമായിരുന്നു അതിൽ പ്രധാനപ്പെട്ടത്. അത് ആ സംസ്ഥാനത്തെ ജനസംഖ്യാക്രമത്തെ തന്നെ അട്ടിമറിക്കുന്നതായിരുന്നു. ത്രിപുരയിൽ ആദിവാസികൾക്കായിരുന്നു ഭൂരിപഷം. എന്നാൽ ഈ അഭയാർഥി പ്രവാഹത്തോടെ ആദിവാസികൾ ന്യൂനപക്ഷമായി മാറി. വംശീയസംഘട്ടനത്തിലേക്ക് നയിക്കാൻ തൽപരകക്ഷികൾ കച്ചകെട്ടിയിറങ്ങിയെങ്കിലും ദശരഥ് ദേബിന്റെ നേതൃത്വത്തിൽ പാർട്ടിക്ക് അതൊഴിവാക്കാൻ സാധിച്ചു. ത്രിപുരയെ അസമിനോട് ചേർക്കണമെന്ന നിർദേശവും ചില കോണുകളിൽനിന്നുണ്ടായി. എന്നാൽ ആ നീക്കത്തെയും ചെറുക്കാൻ ദശരഥ് ദേബിനും പാർട്ടിക്കും സാധിച്ചു.
1977, 1983, 1988, 1993 എന്നീ വർഷങ്ങളിൽ രാമചന്ദ്രഗഢ് നിയമസഭാ മണ്ഡലത്തിൽനിന്ന് ദശരഥ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. നൃപൻ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള 1977ലെ ഇടതുമുന്നണി മന്ത്രിസഭയിൽ വിദ്യാഭ്യാസം, ആദിവാസിക്ഷേമം എന്നീ വകുപ്പുകളാണ് ദശരഥ് കൈകാര്യം ചെയ്‌തത്. വളരെ പ്രഗത്ഭനായ മന്ത്രിയെന്ന ഖ്യാതി വളരെ വേഗം നേടാൻ അദ്ദേഹത്തിന് സാധിച്ചു. എടുത്തുപറയത്തക്ക ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹം കൈകാര്യം ചെയ്‌ത വകുപ്പുകൾക്ക് സാധിച്ചു.
1983 മുതൽ 1988 വരെ ത്രിപുരയിലെ ഉപമുഖ്യമന്ത്രിയായും അദ്ദേഹം സേവനമനുഷ്‌ഠിച്ചു. 1993‐98 കാലയളവിൽ മുഖ്യമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു. ആദിവാസി വിഭാഗത്തിൽനിന്ന് ആദ്യമായി മുഖ്യമന്ത്രിയായതും ദശരഥ് ദേബായിരുന്നു.
1950ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ ദശരഥ്, 1953ൽ മധുരയിൽ ചേർന്ന മൂന്നാം പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1956ൽ പാലക്കാട്ട് നടന്ന നാലാം പാർട്ടി കോൺഗ്രസിൽ അദ്ദേഹം സെൻട്രൽ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 39 പേരായിരുന്നു അന്ന് എക്‌സിക്യുട്ടീവിലുണ്ടായിരുന്നത്. 1958ലെയും 1961ലെയും പാർട്ടി കോൺഗ്രസുകൾ അദ്ദേഹത്തെ ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു.
പാർട്ടിയിലെ പിളർപ്പിനെ തുടർന്ന് ദശരഥ് ദേബ് സിപിഐ എമ്മിനൊപ്പമാണ് നിലകൊണ്ടത്. ത്രിപുരയിലെ പാർട്ടി ഘടകത്തെ ഒന്നാകെ സിപിഐ എമ്മിനൊപ്പം നിർത്താൻ അദ്ദേഹത്തിന് സാധിച്ചു. ഏഴാം പാർട്ടി കോൺഗ്രസ് അദ്ദേഹത്തെ സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. പതിനാറാം പാർട്ടി കോൺഗ്രസ് വരെ അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗമായി തുടർന്നു. അനാരോഗ്യം മൂലം അദ്ദേഹം സിസിയിൽനിന്ന് കൽക്കത്തയിൽ നടന്ന പതിനാറാം കോൺഗ്രസിൽ ഒഴിവായി.
ഉശിരൻ പോരാളിയായിരുന്ന ദശരഥ് ആറരവർഷക്കാലം ഒളിവിലിരുന്നാണ് പാർട്ടപ്രവർത്തനം നടത്തിയത്. നാലരവർഷക്കാലം അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടിവന്നിട്ടുണ്ട്.
1988ൽ സുധീർരഞ്‌ജൻ മജുംദാറുടെ നേതൃത്വത്തിൽ എല്ലാ ജനാധിപത്യമര്യാദകളെയും അട്ടിമറിച്ചുകൊണ്ടാണ് കോൺഗ്രസ് ഭരണം പിടിച്ചത്. അന്ന് അറുപതംഗം നിയമസഭയിൽ കോൺഗ്രസിന് പല കൃത്രിമങ്ങൾ കാണിച്ചിട്ടും 29 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. സിപിഐ എം സ്ഥാനാർഥികൾ കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ച് രണ്ട് സീറ്റുകളിൽ വോട്ടെണ്ണുന്ന സമയത്ത് കോൺഗ്രസ് ഗുണ്ടകൾ കടന്നുകയറി കള്ളത്തരം കാണിച്ചു. അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ വോട്ടു ചെയ്യപ്പെട്ട ബാലറ്റുകൾ എടുത്ത് മറ്റു പല ചിഹ്നങ്ങളിലും കൂടി വോട്ടുചെയ്‌ത് അവയെ അസാധുവാക്കി. അങ്ങനെ ജനാധിപത്യത്തെ കശാപ്പുചെയ്‌താണ് കോൺഗ്രസ് ഭരണം നേടിയത്. പൊലീസും പട്ടാളവും കോൺഗ്രസ് ഗുണ്ടകളുടെ ചെയ്‌തികൾക്ക് ഒത്താശ നൽകി.
പിന്നീട് കടുത്ത മർദ്ദനനടപടികളാണ് പാർട്ടിക്കുനേരെ കോൺഗ്രസ് സർക്കാർ അഴിച്ചുവിട്ടത്. സിപിഐ എമ്മിന്റെ ത്രിപുര സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ദശരഥ് വളരെ സമർഥമായാണ് അതിനെ നേരിട്ടത്. എല്ലാ അടിച്ചമർത്തലുകളെയും ഫലപ്രദമായി ചെറുക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടിക്കു സാധിച്ചു. 1993ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിക്കാൻ ദശരഥിന്റെ നേതൃത്വത്തിന് സാധിച്ചു.
കോക്‌ബാറക് എന്നആദിവാസി ഭാഷയ്‌ക്ക് വ്യാകരണ നിയമം എഴുതിയുണ്ടാക്കിയത് ദശരഥ് ദേബാണ്. കോക്‌ബാറക്‐ബംഗാളി നിഖണ്ഡുവിന്റെ കർത്താവ് കൂടിയാണ് ദശരഥ് ദേബ്.
1998 ഒക്ടോബർ 14ന് ദശരഥ് ദേബ് അന്ത്യശ്വാസം വലിച്ചു. l