ജോർജ് ചടയംമുറി: കൊച്ചിയിലെ ആദ്യകാല ട്രേഡ്‌ യൂണിയൻ സംഘാടകൻ

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 72

കൊച്ചിരാജ്യത്തെ തൊഴിലാളികളെ വർഗാടിസ്ഥാനത്തിൽ സംഘടിപ്പിക്കാൻ ഏറ്റവുമാദ്യം നേതൃത്വംനൽകിയ ത്യാഗിവര്യനായ വിപ്ലവകാരിയാണ് ജോർജ് ചടയംമുറി . ആ മഹാനായ വിപ്ലവകാരിയാരാമെന്നറിയാൻ പി ഭാസ്കരൻ എഴുതിയ അനുസ്മരണ കവിത ഏറെ സഹായകമാകുമെന്നതിനാൽ ആ ദീർഘകവിത ഇവിടെ എടുത്തുചേർക്കുകയാണ്. പുതിയതലമുറയിലെയെന്നല്ല ഇപ്പോഴത്തെ മുതിർന്ന തലമുറയിൽ ഭൂരിഭാഗത്തിനും ചടയംമുറി ആരെന്നറിയില്ല, പി.ഭാസ്കരൻ ചടയംമുറിയെപ്പറ്റി ഇങ്ങനെയൊരു കവിതയെഴുതിയിട്ടുണ്ടെന്നറിയില്ല എന്നതിനാലാണ് ഔചിത്യത്തെക്കുറിച്ചൊന്നും നോക്കാതെ ആ കവിത അപ്പാടെ ആമുഖമായി ചേർക്കുകയാണ്.

ഒരിക്കൽ വിയ്യൂർ ജയിലിൽവെച്ചൊരു
യമകം ഞാൻ നിർമിച്ചു
സ്മരിച്ചിടുന്നൂ ഞാനത് ചടയ‐
ന്മുറിയെ നിനയ്ക്കുംനേരം
ചുടുചായയിലാർത്തിപൂണ്ടവൻ
സ്ഥിരമായി മാർക്സിസഭാഷ ചൊല്ലുവോൻ
“ചടയൻ, മുറിവിട്ടുപോകണം
ചടയംമുറി വിട്ടുപോകണം’

അതിനുശേഷം സംഭവചക്ര
പരമ്പരയെത്ര തിരിഞ്ഞു
അതിനുശേഷം വർഷപ്പക്ഷികളെ‐
ത്ര പറന്നുകടന്നു
ചരിത്രമാം ഗുരു ബോഡിൽ വരച്ചു
മായ്ചൂ നവനവചിത്രം
തിരപ്പടംപോൽ ഞാനതുകാണ്മൂ
പരിണാമോജ്ജ്വലചിത്രം
ചുവന്നചോരയിൽ മഞ്ഞയി,ലൂതയി‐
ലടരിൽ പലരും ചേർന്നി
ട്ടൊരുക്കിവെച്ചൊരു വർണക്കൂട്ടിൽ
വരച്ച കേരളചിത്രം

കനത്ത ജയിലഴിവാതിൽ തുറന്ന്
പുറത്തുകടന്നവർ ഞങ്ങൾ
കരംപിടിച്ചു കുലുക്കിനടന്നു
പലപല വഴിയിൽക്കൂടി
പരുക്കനാകിയ കൈകൊണ്ടെന്നുടെ
പുറത്തടിച്ചന്നാളിൽ
ചിരിച്ചുകൊണ്ടേ ചടയൻ ചൊന്നതു
മുഴങ്ങിടുന്നൂ കാതിൽ

ഒരിക്കലിവിടംവിട്ടീച്ചടയൻ
തനിക്കുമുമ്പേ പോകും
തനിച്ചുതാനീത്തടവിലിരിക്കും
പാട്ടും മൂളിക്കൊണ്ടേ
പറഞ്ഞുവെച്ചതു നടപ്പിലാക്കി
കടന്നുപോയീ ചടയൻ
ചെറുപ്പകാലത്തെന്നുടെ വഴികളിൽ
മുന്നിൽനടന്നൊരു ചടയൻ
യുവതത്വസമയം പൂവേണികളുടെ
പുറകിൽ നടക്കും സമയം
കളിച്ചുക്ലാസിൽ ബഹളംവെച്ചിടു
മുന്മേഷത്തിൻ പ്രായം
വിളിച്ചിറക്കി രഹസ്യമായൊരു
ദീർഘശരീരൻ ചൊല്ലി
“മനുഷ്യജീവിതമിങ്ങനെ പോക്കി
യിരുന്നാലെന്തതിനർഥം?
അടിമത്തത്തിൻ ചങ്ങല വെട്ടി
പ്പൊട്ടിക്കാനും നാട്ടിൽ
പുതിയൊരു മനുജനെയുണ്ടാക്കാനും
വരുന്നുവോ താൻ കൂടെ?

മനുഷ്യജീവിതസമതാസുന്ദര
സൗധം തീർന്നിടുമടരിൽ
മരിക്കുവാനുംകൂടിയൊരുങ്ങി
യിറങ്ങിവരുന്നുവോ കൂടെ?

പറഞ്ഞുവെച്ചതുകേൾക്കെപ്പഴകിയ
പാഠം ദൂരെയെറിഞ്ഞേൻ
തുറന്നുവെച്ചേൻ പുതിയൊരു ഗ്രന്ഥം
പുതിയൊരു ക്ലാസിലിരുന്നേൻ
വിശപ്പുതിന്നേൻ വീടുവെടിഞ്ഞേൻ
ഉറ്റവരുടയവരെല്ലാം
നനഞ്ഞ കണ്ണായ് നോക്കിയിരിക്കെ
നാടുമുഴക്കെയലഞ്ഞേൻ
ചെരിപ്പുവാങ്ങാൻ കാശില്ലാതെ
പൊള്ളുംകാലിൽ നടന്നേൻ
കിടക്കുവാനൊരു പായില്ലാതെ
ലോക്കപ്പ് മുറിയിലിരുന്നേൻ

ഏനമ്മാവുപെരിങ്ങോട്ടുകര
റോഡന്നേറെ വിജനം
ഏറിയ കല്ലും ചരലും രാവിൽ
കണ്ണിൽക്കുത്തുമിരുട്ടും
സ്മരിച്ചിടുന്നു ചടയംമുറിയുടെ
കൂടെപ്പണ്ടൊരു നാളിൽ
ഇരുട്ടുമൂടിയ രാവിൽ, ഷെൽട്ടറിൽ
വഴികാണിക്കാനായി
നടന്നുപോയൊരു കഥ ഞാൻ, നാഴിക
യേഴെട്ടുണ്ടുനടക്കാൻ
ഇരുന്നുപോയീ വഴിയിൽ, നിദ്രയി
ലിമകൾ പാതിയടഞ്ഞു
വിശന്ന വയറും വിയർത്ത തനുവും
കീറിയ ഷർട്ടും മുണ്ടും
അടുത്ത റോഡിൽ ഐഡികൾ സൈക്കിളിൽ
ചടയൻ ചൊല്ലി മെല്ലെ
“തനിക്കുറങ്ങണമെങ്കിലുറങ്ങൂ
താനേ ഞാൻ പൊയക്കൊള്ളാം
പിടിക്കയാണെന്നാകിൽ വിവരം
ഡീസിയിലറിയിച്ചേക്കൂ’

വഴികാണിപ്പവനാണെന്നാലും
എന്നും പിറകിൽ നടന്നോൻ
വഴിയിൽ ശങ്കിക്കാത്തൊരു ചടയൻ
എന്നും മുന്നിൽ നടന്നാൻ
ഇരുണ്ട ബ്രിട്ടീഷിന്ത്യയിലിടിയും
മിന്നലുമേറ്റിക്കൊണ്ടേ
യിരുന്ന മാമലനാട്ടിലുറങ്ങിയ
ചെറിയൊരു കൊച്ചിക്കുള്ളിൽ
നിരന്ന തെങ്ങുകൾ നീർത്തിയ
നീലക്കുടകൾക്കെല്ലാം മേലെ
ഇരുട്ടിലേറിച്ചൊങ്കൊടിനാട്ടി
ചടയന്മാർ പണ്ടേ
നിറഞ്ഞ മാട്ടം പകർന്നുനൽകിയ
മദിരാലഹരിയെ മാറ്റി
നിറച്ചുവെച്ചൂ കുടിലുകൾ തോറും
നവമൊരു ജീവിതബോധം
ചകരിക്കുഴിയുടെ കരകൾ തോറും
ഞങ്ങൾ സ്വപ്നം കണ്ടൂ
നിഖിലസമുജ്ജ്വല സമൂഹമുണരും
സൗഗന്ധിക സുമവാടം
ഏനാമ്മാവുപെരിങ്ങോട്ടുകര
റോഡിനുവന്നൂ മാറ്റം
ഏറിയ പ്രഭ ചൊരിയുന്നൂ വൈദ്യുത
ദീപാവലികൾ മുറ്റും
താറും മെറ്റലുമിട്ടൊരു റോട്ടിൽ
രാപ്പകലെന്യെ ദിനവും
കാറുകൾ ബസ്സുകളേറീടുന്നൂ
സൈക്കിൾ യാത്രക്കാരും
യാത്രാസൗഖ്യം കൂടീ, പല സഹ
യാത്രികർ കൂടെക്കൂടീ
യാത്രക്കാരുടെ നിലയും വിലയും
കേറീ, കാലം മാറി

എങ്കിലുമാവഴിയോർക്കുമ്പോളെൻ
കൺമുന്നിൽ തെളിയുന്നു
പണ്ടാച്ചരലിൽ ചടയന്മുറിമാർ
കാൽനടപോകും രൂപം
കാറിൽച്ചാരിയിരുന്നു ഗമിക്കും
നേരവുമെന്നുടെ കണ്ണിൽ
ക്കാണും ഞാൻ ചടയന്മുറിമാർ
കൈവണ്ടിവലിക്കും കാഴ്ച
കനത്ത ശബ്ദം കാതിലലയ്ക്കും
ചടയന്മാരുടെ ശബ്ദം
“തനിക്കുറങ്ങണമെങ്കിലുറങ്ങൂ
ഞങ്ങൾ തനിയെപ്പോകാം’
കടന്നുപോയൊരു ചടയനെയോർക്കെ
ക്കണ്ണുകൾ നിറയുന്നെന്നാൽ
അടക്കിടുന്നൂ ഞാനെൻ ദുസ്സഹ
ഗദ്ഗദമുള്ളിൽത്തന്നെ
തിരിച്ചുവന്നാൽ… അല്ലെന്നാകിൽ
തന്നുടെ വില്പത്രത്തിൽ
കുറിച്ചുവെയ്ക്കും ചടയൻ ‘കണ്ണീർ
ബൂർഷ്വാസിയുടെ മാർഗം’

മേൽപറഞ്ഞ വിവരണം ഒരേസമയം ചടയംമുറിയുടെയും പി.ഭാസ്കരന്റെയും മാത്രമല്ല, കൊച്ചിരാജ്യത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ്ുകാരുടെ ജീവിതത്തിലേക്കും വെളിച്ചംവീശുന്നു. ചടയന്മാർ എന്ന രൂപകത്തിലൂടെ കവി കമ്യൂണിസ്റ്റുകാരെ, വിപ്ലവകാരികളെ മൊത്തത്തിൽ അടയാളപ്പെടുത്തുകയാണ്.

വടക്കൻ പറവൂരിൽ ആന്റണി ചടയംമുറിയുടെയും സാറാമ്മയുടെയും മകനായി 1912ൽ ജനച്ച ജോർജ് ഒരു പ്രൈമറി സ്കൂളിൽ പ്രഥാമാധ്യാപകനായിരുന്നു. പിന്നീട് മദിരാശിയിലേക്ക് പോയി അവിടെ ഒരു പെട്രോൾ ബങ്കിലെ തൊഴിലാളിയായി. ആ ജോലിയും വിട്ട് നാട്ടിൽ തിരിച്ചെത്തി കൊച്ചി തുറമുഖത്ത് ഒരു കമ്പനിയിലെ ടാലി ക്ലാർക്കായി. തൊള്ളായിരത്തിമുപ്പതുകളുടെ ഒന്നാം പകുതിയിൽ അതായത് തനിക്ക് 20‐22 വയസ്സുള്ളപ്പോഴാണ് ഇതെല്ലാം നടക്കുന്നത്. പള്ളുരുത്തിയിൽ പി. ഗംഗാധരന്റെ  നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച ലേബർ യൂണിയനെക്കുറിച്ചറിഞ്ഞ ജോർജ് അതുമായി സഹകരിക്കുകയാണാദ്യം. ലേബർ യൂണിയനാണെങ്കിലും ചില സംരംഭകരും ചില മുതലാളിമാരും വരെ അംഗങ്ങളായ ഒരു ക്ലബ്ബാണ് വാസ്തവത്തിൽ അത്. അതിൽ കൂടുതൽപ്പേരും തൊഴിലാളികളാണ്. എന്നാൽ ഒരു വർഗസംഘടനയായിത്തീർന്നിട്ടില്ലാതാനും. അഥവാ അതങ്ങനെ വിഭാവനം ചെയ്യത്തക്കവിധം രാഷ്ട്രീയബോധം ആദ്യഘട്ടത്തിൽ നാട്ടിലെവിടെയുമുണ്ടായിരുന്നില്ല. ഹോമിയോ കോളേജിൽ പഠിക്കാനെത്തിയ പി എസ് നമ്പൂതിരി ലേബർ യൂണിയനുമായി ബന്ധപ്പെടുന്നതടക്കമുള്ള കാര്യങ്ങൾ പി എസിനെക്കുറിച്ചുള്ള അധ്യായത്തിൽ വിവിരിച്ചത് ഓർക്കുക. ആലപ്പുഴയിലെ തൊഴിലാളിയൂണിയൻ നേതാവായ പി കേശവദേവും ലേബർ യൂണിയനുമായി ബന്ധമുണ്ടാക്കുന്നു. അങ്ങനെ ഒരു നാൽവർ സംഘം രൂപപ്പെടുന്നു. ലേബർ യൂണിയൻ മെല്ലെമെല്ലെ ഒരു വർഗസംഘടനയായി മാറുകയാണ്. പിൽക്കാലത്ത് കേരളത്തിന്റെ വ്യവസായകേന്ദ്രമായിത്തീർന്ന കൊച്ചിയിൽ ഒരു വർഗസംഘടന; പി ഗംഗാധരനും പി എസ് നന്പൂതിരിയും പി കേശവദേവും ജോർജ് ചടയംമുറിയും അതിനെ നയിക്കുന്നു. അവരുടെ നേതൃത്വത്തിൽ പള്ളരുത്തിയിലെ ടിൻഫാക്ടറി സമരം. ഐതിഹാസികമായ ആ സമരത്തെക്കുറിച്ച് പി എസ് നമ്പൂതിരിയെക്കുറിച്ചുള്ള അധ്യായത്തിൽ വിശദമായി പ്രതിപാദിക്കുകയുണ്ടായി. ആ സമരത്തിന്റെ ഭാഗമായി 1934ൽ കൊച്ചിയിലും മട്ടാഞ്ചേരിയിലും ആദ്യമായി ചെങ്കൊടിയുമായി തൊഴിലാളികൾ നടത്തിയ പ്രചരണ ജാഥ‐ അതുന്നയിച്ച് ഗംഗാധരനും ചടയംമുറിയും കേശവദേവും പി ഗംഗാധരനും ചെറിയാൻ മാഞ്ഞൂരാനും.  കൊച്ചിയിൽ അങ്ങനെ ചെങ്കൊടി പാറി.

ടിൻ ഫാക്ടറി തൊഴിലാളികളുടെ സമരത്തോടെ കൊച്ചിയിലെ ഓരോ തൊഴിൽശാലകളിലും ട്രേഡ് യൂണിയൻ സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിൽ ജോർജ് ചടയംമുറി അസാമാന്യമായ സംഘാടനാപാടവത്തോടെ ഇടപെട്ടു. യൂണിയൻ പ്രവർത്തനത്തിലൂടെ ദേശീയപ്രസ്ഥാനത്തിലേക്കും പ്രവേശനമായി. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായി ചടയംമുറി മാറി. കൊച്ചിരാജ്യത്ത് തൃശൂർ കേന്ദ്രീകരിച്ചാണ് കോൺഗ്രസും കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയും ആദ്യം പ്രവർത്തനം തുടങ്ങിയത്. എറണാകുളത്തേക്ക് അത് വ്യാപിപ്പിക്കുന്നതിൽ ചടയംമുറി നേതൃത്വപരമായ പങ്കുവഹിച്ചു.

കൊച്ചിയിൽ സ്വാതന്ത്ര്യസമരപ്രസ്ഥാനം ശക്തിപ്പെട്ടത് കോൺഗ്രസ്സും കോൺഗ്രസിലെ ഇടതുപക്ഷവുമെല്ലാം ഉൾപ്പെട്ട് പ്രജാമണ്ഡലത്തിന്റെ രൂപീകരണത്തോടെയാണല്ലോ. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളാകാൻപോകുന്ന പ്രവർത്തകരും പ്രജാമണ്ഡലത്തിന്റെ ഭാഗമായിരുന്നു ആദ്യം. അച്യുതമേനോനോടും മറ്റുമൊപ്പം ചടയംമുറി പ്രജാമണ്ഡലത്തിന്റെ നേതൃത്വത്തിലുള്ള സമരങ്ങളിൽ പങ്കുകൊണ്ടു. കമ്യൂണിസ്റ്റാണെങ്കിലും പ്രജാമണ്ഡലത്തിന്റെ ബാനറിലായിരുന്നു. അങ്ങനെ അറസ്റ്റു ചെയ്യപ്പെട്ട്‌ ജയിലിലായപ്പോഴാണ് പി ഭാസ്കരനടക്കമുള്ളവർ സഹതടവുകാരായത്.

കൊച്ചിൻ ഹാർബറിലെ തൊഴിലാളികളെ സംഘടിപ്പിച്ച് ഹാർബർ വർക്കേഴ്സ് യൂണിയനുണ്ടാക്കാൻ നേതൃത്വം നൽകിയത് ചടയംമുറിയാണ്. കൊച്ചിൻ ട്രേഡ് യൂണിയന്റെ ആദ്യത്തെ പ്രസിഡന്റായ ചടയംമുറി  സീതാറാം മില്ലിൽ യൂണിയനുണ്ടാക്കി. കൊച്ചിൻ ഹാർബറിലെ കാർഗോ ജീവനക്കാരുടെ യൂണിയനുണ്ടാക്കി. കൊച്ചി തുറമുഖത്തെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന് മുദ്രാവാക്യമുയർത്തി ആദ്യമായി സമരത്തിന് നേതൃത്വം നൽകിയതും ചടയംമുറിയാണ്. ഇതിനകംതന്നെ കൊച്ചിയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന സംഘാടകനായിത്തീർന്ന ചടയംമുറി 1942ലെ  സവിശേഷസാഹചര്യത്തിൽ കൊച്ചി മേഖലയിലാകെ ഒരു കാൽനടജാഥ നയിച്ചു. രണ്ടാം ലോകയുദ്ധത്തെ ജനകീയയുദ്ധമായി പാർട്ടി വിലയിരുത്തിയ സാഹചര്യത്തിൽ പ്രവർത്തകർക്കും അനുഭാവികൾക്കുമിടയിലുണ്ടായ സംശയം ദൂരീകരിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ആ ജാഥ കൊച്ചിമേഖലയിൽ പാർട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കാനുതകി. ജനങ്ങളുടെ കണ്ണിലുണ്ണിയായ നേതാവായി ചടയംമുറി മാറി.

ഇങ്ങനെ എറണാകുളം‐ കൊച്ചിമേഖലയിൽ അടിത്തറയുണ്ടാക്കാൻ നേതൃത്വം നൽകിയശേഷമാണ് ഏനമ്മാവ്‐പെരിങ്ങോട്ടുകരി മേഖലയിലെ, അതായത് അന്തിക്കാട്ടെ ചെത്തുതൊഴിലാളികളെ സംഘടിപ്പിക്കാൻ ചടയംമുറി പാർട്ടി നിയോഗിക്കുന്നത്. ആ മേഖലയിലെ പ്രവർത്തനകാലഘട്ടമാണ് മുകളിൽ ഉദ്ധരിച്ച പി ഭാസ്കരന്റെ കവിതയിൽ വിവരിക്കുന്നത്. അന്തിക്കാട് ഫർക്കയിലെ 12 വില്ലേജുകളിലായുള്ള ആയിരത്തഞ്ഞൂറോളം ചെത്തുതൊഴിലാളികൾ അസംഘടിതരായിരുന്നു. അവർ കോൺട്രാക്റ്റർമാരുടെ കൊടിയ ചൂഷണത്തിനിരയാവുകയായിരുന്നു. പറയടിസ്ഥാനത്തിലാണ് അന്ന് കള്ള് അളക്കുക. ഒരു പറ കള്ളിന് കൂലി ഒമ്പതണയാണ്. പത്തിടങ്ങഴിയാണ് ഒരു പറ. പല കാരണങ്ങൾ പറഞ്ഞ് പത്തിന് പകരം പതിനൊന്നും പന്ത്രണ്ടും ഇടങ്ങഴിയാണ് ഒരു പറയായി കോൺട്രാക്റ്റർ കണക്കാക്കുക. പലപ്പോഴും കൂലി ഒമ്പതിന് പകരം ആറണയായിരിക്കും. തൊഴിലാളികളെ അടിമസമാനമാണ് കരാറുകാർ പരിഗണിച്ചത്. ഈ പ്രശ്നം കമ്യൂണിസ്റ്റ്‌ പാർട്ടി തുടക്കത്തിലേതന്നെ പരിഗണിച്ചു. പാർടി നിരോധിതമായ ആദ്യകാലമാണ്. ട്രേഡ്‌ യൂണിയൻ സംഘാടനത്തിൽ പ്രതിഭ തെളിയിച്ച ചടയമുറിയെ പാർട്ടി ഏനമ്മാവ്‐ പെരിങ്ങോട്ടുകരി മേഖലയിലേക്ക്‌ നിയോഗിച്ചു. അവിടെ ഒളിവിൽ കഴിഞ്ഞുകൊണ്ട്‌ മുഴുവൻ ചെത്തുതൊഴിലാളികളെയും ചെങ്കൊടിക്കീഴിൽ അണിനിരത്തുകയെന്ന ശ്രമകരമായ പ്രവൃത്തിയാണ് അതീവരഹസ്യമായി, നിശ്ശബ്ദമായി ചടയംമുറി നിർവഹിച്ചത്.

ഏതാനും മാസത്തെ പ്രവർത്തനഫലമായി 12 വില്ലേജുകളിലായി തൊഴിലാളി യൂണിയന്റെ 44 ഘടകങ്ങളാണ് ചടയംമുറിയുടെ നേതൃത്വത്തിൽ രൂപീകരിച്ചത്. ടി എൻ നമ്പൂതിരി, ടി ഡി ഗോപി, എൻ ഡി വാസുദേവൻ നമ്പൂതിരി എന്നിവരാണ് ചടയംമുറിയോടൊപ്പം യൂണിയൻ രൂപീകരണത്തിന് നേതൃത്വം നൽകിയത്.  44 യൂണിറ്റുകളുടെയും സംയുക്ത സമ്മേളനം 1942 ജനുവരി രണ്ടിന് അന്തിക്കാട്ട് നടന്നു. മുഴുവൻ ചെത്തുതൊഴിലാളികളും ചെത്തുകത്തികളുമായാണ് സമ്മേളനത്തിന്റെ റാലിയിൽ അണിനിരന്നത്.  കമ്യൂണിസ്റ്റ് നേതാവായ എം കാക്കു ഉദ്ഘാടനംചെയ്തു. യൂണിയന്റെ പ്രസിഡണ്ട് കെ രാമനും സെക്രട്ടറി കെ ജി ദാമോദരനുമായിരുന്നു. ചൂഷണം അവസാനിപ്പിച്ചില്ലെങ്കിൽ അടിയന്തരമായി സമരംചെയ്യുമെന്ന് യൂണിയൻ പ്രഖ്യാപിച്ചു. കാരാറുകാരും അവർക്ക്‌ ഒത്താശനൽകുന്ന സർക്കാരും എക്സൈസും നിലപാടിൽ മാറ്റംവരുത്തിയില്ല. സമ്മേളനം കഴിഞ്ഞ് രണ്ടാഴ്ചക്കകംതന്നെ പണിമുടക്കാൻ തൊഴിലളികൾ നിർബന്ധിതരായി. ചെത്തിയ കള്ള്‌, ഷാപ്പുകളിൽ അളക്കാതെ ചെരിച്ചുകളയുകയായിരുന്നു. സമരം പൊളിക്കാൻ കരാറുകാർ എക്സൈസിന്റെ സഹായത്തോടെ ഏതാനും കരിങ്കാലികളെ സംഘടിപ്പിച്ച് മാട്ടങ്ങളുമായി (തെങ്ങിൽനിന്ന് കള്ള് ശേഖരിക്കുന്ന മാട്ടുപാനികൾ) ഷാപ്പിലെത്തിയെങ്കിലും സമരംചെയ്യുന്ന തൊഴിലാളികളെത്തി അത് തല്ലിപ്പൊളിച്ചു. പോലീസും എക്സൈസും കരിങ്കാലികളുമെല്ലാം ഓടിരക്ഷപ്പെടുന്ന സാഹചര്യമാണുണ്ടായത്. മലബാറിലും തിരുവിതാംകൂറിലും കൊച്ചിയിലുമെല്ലാം കൂട്ടിയാലും ഇത്തരം സമ്പൂർണ പണിമുടക്കവും ഊർജസ്വലതയും നടാടെയായിരുന്നു. പുന്നപ്ര വയലാർ സമരത്തെപ്പോലെ ഒരു വമ്പിച്ച ചെറുത്തുനില്പ്പ്.  തൊഴിലാളികൾക്കിടയിൽനിന്നുതന്നെ നിരവധി പ്രവർത്തകരും നേതാക്കളും ഉയർന്നുവന്നു. തട്ടല ശങ്കരൻകുട്ടി, കെ.വി.രാമൻകുട്ടി, ടി.കെ.കുമാരൻ, സി.എം.വേലായുധൻ തുടങ്ങി നിരവധി തൊഴിലാളികളുടെ സമരം കമ്യൂണിസ്റ്റ് അട്ടിമറിയുടെ ഭാഗമാണെന്ന് ഭരണകൂടം ആരോപിച്ചു. വൻതോതിൽ പോലീസ് ഏനമ്മാവ്‐പെരിങ്ങോട്ടുകര മേഖലയിൽ എത്തി. 12 വില്ലേജുകളിലും പോലീസ് ക്യാമ്പ് തുറന്നു. പോലീസിനെയും എക്സൈസിനെയും ആക്രമിച്ചുവെന്നാരോപിച്ച് 300 പേർക്കെതിരെ കേസെടുത്തു. പോലീസ് രണ്ടുദിവസം തുടർച്ചയായി അന്തിക്കാട് മേഖലയിൽ റൂട്ടുമാർച്ച്‌ നടത്തി. നേതാക്കളായ ടി എൻ നമ്പൂതിരി, കെ പി പ്രഭാകരൻ, ഗോപിമാസ്റ്റർ, കെ ഈശാൻ, കെ ജി കേളപ്പൻ, വി ജി മാധവൻ, കെ ജി ദാമോദരൻ, അയ്യപ്പക്കുട്ടി എന്നിവരെ അറസ്റ്റുചെയ്തു. യൂണിയൻ ഓഫീസ് പോലീസ് സീൽവെച്ചു. അതിനെതിരെ ഓഫീസ് തുറക്കൽ സമരം നടത്തിയത് 40 ദിവസമാണ്. പിന്നീട് ഓഫീസ് കണ്ടുകെട്ടി. സമരത്തെ തകർക്കാൻ പലമേഖലകളിൽനിന്നായി കരിങ്കാലികളെ ഇറക്കാൻ ശ്രമമുണ്ടായപ്പോൾ ഒറ്റരാത്രികൊണ്ട്‌ ആയിരക്കണക്കിന് തെങ്ങുകളിലെ കുലകൾ മുറിച്ചിട്ടു. കുലമുറിക്കൽ സമരം കരാറുകാരെയും ഭരണകൂടത്തെയും ഞെട്ടിച്ചു. വീടുകൾ തകർത്തും പരക്കെ മർദനമഴിച്ചുവിട്ടുമാണ് പോലീസ് സമരത്തെ നേരിട്ടത്. നിരവധി പേരെ ജയിലിലടച്ചു. 28 പേരെ ആറുമാസം തടവിന് ശിക്ഷിച്ചു. പൊലീസുമായും എക്സൈസുമായും പല സ്ഥലത്തും ജനക്കൂട്ടം ഏറ്റുമുട്ടി. നിരോധനാജ്‌ഞയ്‌ക്ക് പുറമെ കർഫ്യൂ പ്രഖ്യാപിക്കപ്പെട്ടു. പോലീസ് വീടുകൾ ആക്രമിക്കുകയും സ്ത്രീകളെ അപമാനിക്കുകയും ചെയ്തു. പോലീസുദ്യോഗസ്ഥൻ ബലാൽസംഗം നടത്തിയ സംഭവംവരെയുണ്ടായി. സമരം പലതവണ പലരൂപത്തിൽ ആവർത്തിക്കപ്പെട്ടു. പോലീസ് ഭീകരതയ്ക്കെതിരായ ചെറുത്തുനിൽപ്പുമായി ബന്ധപ്പെട്ട് മഹിളാസംഘവും ബാലസംഘവുമടക്കമുള്ള ബഹുജനസംഘടനകൾ രൂപപ്പെടുകയും ശക്തിയാർജിക്കുകയുംചെയ്തു. ഈ സംഭവങ്ങളെല്ലാമുണ്ടാകുന്നത് ഏനമ്മാവ് പെരിങ്ങോട്ട്‌ മേഖലയിലെ തൊഴിലാളികളെ ഒന്നടങ്കം വർഗസംഘടനയിൽ അണിനിരത്താനായതിനാലാണ്. അതിന് തുടക്കംകുറിച്ച, ത്യാഗപൂർണമായ നേതൃത്വം നൽകിയവരിൽ പ്രധാനിയത്രെ ജോർജ് ചടയംമുറി.

കൊച്ചിയിലെ കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചുകൊണ്ട് 1950 ജനുവരി രണ്ടിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ട് ജോർജ് ചടയംമുറി ഹൈക്കോടതിയിൽ നൽകിയ കേസ് കേരളത്തിലെ നീതിന്യായചരിത്രത്തിൽ പ്രസിദ്ധമാണ്. എ കെ ജി നൽകിയ ഹേബിയസ് കോർപ്പസ് കേസുപോലെതന്നെ സുപ്രധാനമാണ് ആ കേസും. കൊച്ചിയിൽ 1125ൽ നിലവിൽവന്ന നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് പാർട്ടിയെ കൊച്ചിരാജ്യത്ത് നിരോധിച്ചത്. നാട്ടുരാജ്യങ്ങളിൽ നിയമദൃഷ്ട്യാ പ്രത്യേകമായ അസ്തിത്വമാണ് പാർട്ടിക്ക്. അതായത് കൊച്ചിൻ കമ്യൂണിസ്റ്റ് പാർട്ടി, തിരുവിതാംകൂർ കമ്യൂണിസ്റ്റ്‌ പാർട്ടി എന്നിങ്ങനെ. കൊച്ചിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചശേഷവും ആ പാർട്ടിയുടെ സിദ്ധാന്തവും നയപരിപാടികളും പ്രചരിപ്പിച്ചു, യോഗം ചേർന്നു എന്നെല്ലാം ചൂണ്ടിക്കാട്ടിയാണ് ജോർജ് ചടയംമുറിയടക്കമുള്ളവരെ അറസ്റ്റുചെയ്തതും കേസ്‌ ചാർജ്‌ ചെയ്തതും. മാർച്ച്‌ 26‐ന് ചടയംമുറിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ യോഗം നടത്തിയെന്നു പറഞ്ഞ്‌ പ്രഥമവിവിരറിപ്പോർട്ട് രജിസ്റ്റർ ചെയ്തത് ഏപ്രിൽ ആദ്യമാണ്. ഇന്ത്യൻഭരണഘടന നിലവിൽവന്നശേഷം കൊച്ചിയിലെ നിയമഭേദഗതിക്ക് നിലനിൽപില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ചടയംമുറി അഡ്വക്കറ്റുമാരായ കെ ജി കുഞ്ഞുകൃഷ്ണപിള്ള, കെ കെ മാധവൻ എന്നിവർ മുഖേന കോടതിയെ സമീപിച്ചത്. തങ്ങൾക്കെതിരെയുള്ള കുറ്റപത്രം തള്ളണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഹൈക്കോടതിയുടെ ഡിവിഷൻബെഞ്ച് വിശദമായ വാദംകേട്ടശേഷം കേസ് ഫയൽ ബെഞ്ചിന് വിട്ടു. ജസ്റ്റിസുമാരായ കോശി, ഗോവിന്ദപിള്ള, വിതയത്തിൽ എന്നിവരടങ്ങിയ ഫുൾബെഞ്ച്  1951 ഡിസംബർ 10നാണ് വിധി പറഞ്ഞത്. ഇന്ത്യൻ ഭരണഘടന നിലവിൽവന്നശേഷം പഴയ കൊച്ചിനിയമത്തിന് പ്രസക്തിയില്ലെന്നും അതിനാൽ ചടയമുറിക്കും കൂട്ടർക്കുമെതിരെയുള്ള കുറ്റപത്രം നിലനിൽക്കില്ലെന്നുമാണ് വിധിച്ചത്. കേസിലെ പ്രതികളെ വിട്ടയക്കാൻ ഒറ്റയടിക്ക്‌ ഉത്തരവിടുന്നില്ല, കേസിലെ ആരെങ്കിലും ഇപ്പോൾ ജയിലിലുണ്ടെങ്കിൽ തൃശൂർ കോടതി ഈ വിധിയുടെ അടിസ്ഥാനത്തിൽ അത് പ്രത്യേകം പരിശോധിച്ച്‌ യുക്തമായ ഉത്തരവ്‌ നൽകണമെന്നാണ് ഫുൾബെഞ്ച് വിധിച്ചത്.  അപ്പോഴേക്കും രാജ്യത്തെ സാഹചര്യങ്ങളിൽ വലിയ മാറ്റംവന്നിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി നിരോധനത്തിൽനിന്ന് മുക്തമാവുകയുമായിരുന്നു. ഭാര്യ: സുഭദ്രാമ്മ തങ്കച്ചി, മക്കൾ: പ്രഭ ജി ചടയംമുറി, പരേതനായ പ്രകാശ് ചടയംമുറി, ലീനാ കുമാരി, പ്രദീപ് ചടയംമുറി, മായാദേവി.

l

Hot this week

എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ്‌ എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

Topics

എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ്‌ എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...
spot_img

Related Articles

Popular Categories

spot_imgspot_img