ചരിത്രത്തിൽ ഇടം നിഷേധിക്കപ്പെട്ടവരുടെ ചരിത്രം

എ സിയാവുദ്ദീൻ

1757ലെ സാമ്രാജ്യത്വത്തിനെതിരെയുള്ള പ്ലാസി യുദ്ധം മുതലിങ്ങോട്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം അനേകം ഉൾപ്പിരിവുകളും സംയോജനങ്ങളും ഇടകലർന്നതാണെന്നു കാണാം. ഈ സമരങ്ങളുടെ ചരിത്രം രേഖപ്പെടുത്താൻ നിരവധി പരിശ്രമങ്ങൾ നടന്നിട്ടുണ്ട്. അവ പലപ്പോഴും വസ്തുനിഷ്ഠവും പക്ഷപാതരഹിതവുമായല്ല നടന്നിട്ടുള്ളതെന്ന് പ്രസിദ്ധീകരിക്കപ്പെട്ട രേഖകൾ വ്യക്തമാക്കുന്നുണ്ട്.സംഭവങ്ങളുടെ തെറ്റായ ആഖ്യാനവും നീതീകരിക്കാൻ കഴിയാത്ത വിലയിരുത്തലുകളും വ്യാഖ്യാനങ്ങളും ചരിത്രത്തെ തന്നെ വികലമാക്കുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വർഗീയ ചേരിതിരിവ് രൂക്ഷമാക്കി ചരിത്രമാകെ വളച്ചൊടിച്ച് ഒരു അപനിർമാണം തകൃതിയായി നടക്കുന്ന ഘട്ടമാണിത്. പുതിയ തലമുറയെ വഴിതെറ്റിക്കാൻ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കിടയിൽ വസ്തുതകൾ ജനശ്രദ്ധയിൽ കൊണ്ടുവരാൻ നടത്തുന്ന ഏതൊരു ശ്രമവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. നാവിക കലാപം: തമസ്കൃത ചരിത്രത്തിന് ഒരു പുനർവായന എന്ന തൻ്റെ പുസ്തകത്തിലൂടെ എ കെ രമേശ് നിർവഹിക്കുന്നത് ആ കടമയാണ്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യ നയിച്ച സ്വാതന്ത്ര്യസമരത്തിൽ മൂന്നു കൈവഴികൾ നമുക്ക് കണ്ടെത്താനാവും. ഒന്ന് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന അഹിംസാത്മകസമരം. രണ്ട് ,വലതുപക്ഷ വർഗീയശക്തികൾ സ്വീകരിച്ച സാമ്രാജ്യത്വ അനുകൂല നിലപാടുകൾ. ഹിംസാത്മകതയെ തള്ളിപ്പറയാതെ ഭരണ വർഗത്തിനെതിരെ ഇടതുപക്ഷം ഇടപെട്ട് നടത്തിയ ഉജ്ജ്വലമായ ഏറ്റുമുട്ടലുകളാണ് മൂന്നാമത്തേത്. അതായത് കൊളോണിയൽ ശക്തികൾക്കും അവർക്ക് സ്തുതി പാടിയ തീവ്ര വലതുപക്ഷത്തിനും എതിരെ ഒന്നാമത്തെയും മൂന്നാമത്തെയും ധാരകൾ ഒന്നിച്ചും ചിലപ്പോൾ വ്യത്യസ്ത രീതികളിലും നടത്തിയ സമരങ്ങളാണ് രാജ്യത്തിൻറെ സ്വാതന്ത്ര്യ സമ്പാദനത്തിന് വഴിതുറന്നത്.

കടന്നുപോയ ഈ ചരിത്രവഴികൾ രേഖപ്പെടുത്തുമ്പോൾ അതിൽ ഈ രണ്ടു ധാരകളും നിർവഹിച്ച പങ്ക് ഉൾപ്പെട്ടേ മതിയാവൂ.അതിൽ ഏതെങ്കിലും ഒന്നിനെ കുറച്ചുകാണുകയോ തമസ്കരിക്കുകയോ ചെയ്യുമ്പോൾ അത് ചരിത്രത്തോടു നീതി പുലർത്തുന്നില്ല എന്ന് പറയേണ്ടിവരും. ഈ സമീപനം ഈ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ദേശാഭിമാനികളായ ജനസഹസ്രങ്ങളോടും അതിനു നേതൃത്വം നൽകിയ വ്യക്തികളോടും പ്രസ്ഥാനങ്ങളോടും അതിനുവേണ്ടി ജീവൻ ത്യജിച്ച രക്തസാക്ഷികളോടും ചെയ്യുന്ന മാപ്പർഹിക്കാത്ത കുറ്റമാണ്.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ചോദ്യം ചെയ്യപ്പെടുന്ന രീതിയിൽ വിഘടനശക്തികളുടെ താണ്ഡവ നൃത്തം നടമാടുന്ന ഈ ഘട്ടത്തിൽ യഥാർത്ഥ ചരിത്രത്തിൻ്റെ പുനർവായന അനിവാര്യമാണ്.

പ്രക്ഷോഭങ്ങളുടെ നാൾവഴികളിൽ എന്തുകൊണ്ടും പ്രാധാന്യമർഹിക്കുന്ന ഒരു ഏടാണ് 1946ലെ നാവിക കലാപം. ബ്രിട്ടീഷ് നുകത്തിൽ നിന്ന് ഇന്ത്യ മോചിതമാകാനുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങുന്ന കാലം. രാജ്യത്തിന്റെ പൂർണ സ്വാതന്ത്ര്യത്തിനായുള്ള ചർച്ച വിവാദങ്ങൾ സൃഷ്ടിച്ച് പരമാവധി നീട്ടിക്കൊണ്ടുപോകാൻ ബ്രിട്ടീഷ് സാമ്രാജ്യത്വം നീക്കം നടത്തുന്ന അവസരം. അതിനെതിരെ അലയടിച്ചുയരുന്ന കർഷകരുടെയും തൊഴിലാളികളുടെയും പ്രതിഷേധങ്ങൾ. ഈ സന്ദർഭത്തിലാണ് 1946 ഫെബ്രുവരി 18ന് നാവിക കലാപം പൊട്ടിപ്പുറപ്പെടുന്നത്.

നാവികസേനയുടെ ലോവർ ഡെക്കിൽ പണിയെടുക്കുന്ന ‘റേറ്റിംഗ്സ്’ എന്ന് നാമകരണം ചെയ്യപ്പെട്ട ജീവനക്കാരുടേത് വിവേചനപരവും അടിമസമാനവുമായ അവസ്ഥയായിരുന്നു. അച്ചടക്കത്തിന്റെ മറവിൽ എല്ലാ അർത്ഥത്തിലുമുള്ള വിധേയത്വം, വിശ്രമമില്ലാത്ത ജോലി, പിരിച്ചുവിടൽ ഭീഷണി, മോശം ഭക്ഷണം എന്നിവയൊക്കെ പ്രക്ഷോഭത്തിന് ഉള്ള രാസത്വരകമായി എന്നത് നേരാണ്‌. എന്നാൽ തുറമുഖ അതിർത്തിക്കുള്ളിലെ സേനയ്ക്കുള്ളിൽ തൊഴിലാളികൾ നേരിടുന്ന പീഡനത്തിനപ്പുറം രാജ്യമാകെ ജനരോഷം അഗ്നിപർവ്വതമെന്നപോലെ പുകഞ്ഞുനീറുകയായിരുന്നു. നാവിക കലാപത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചത് അകത്തു തൊഴിലാളികളും പുറത്ത് ജനങ്ങളും ഒരുമിക്കുന്ന ഒരു സംയുക്ത പൊട്ടിത്തെറിയായിരുന്നു.

1857ലെ സ്വാതന്ത്ര്യ സമരത്തെ ‘ശിപായി ലഹള’ എന്നു ലളിതവൽക്കരിച്ചതു പോലെ നാവിക കലാപത്തെ കേവലമൊരു ക്രമ സമാധാന പ്രശ്നമെന്ന രീതിയിൽ കൈകാര്യം ചെയ്യാനാണ് ബ്രിട്ടീഷ് ഭരണം തയ്യാറായത്. അച്ചടക്ക ലംഘനത്തിനെതിരെ സ്വീകരിച്ച നടപടികൾ ഒരു കലാപമാക്കി മാറ്റി ഭരണ അസ്ഥിരത സൃഷ്ടിക്കാൻ ഏതാനും പേർ ശ്രമിച്ചു എന്നായിരുന്നു അവരുടെ നിലപാട്. അതിനു നേതൃത്വം നൽകിയവരെ കൈകാര്യം ചെയ്യാനാണ് മുതിർന്നത്.

ഈ സമീപനത്തോടുള്ള തൊഴിലാളികളുടെ പ്രതികരണം പുസ്തകത്തിൽ രമേശ് പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.

“അച്ചടക്കലംഘനത്തെ നേരിട്ടോളൂ, ഞങ്ങളുടെ വഴി ഞങ്ങൾ കണ്ടെത്തിക്കഴിഞ്ഞു എന്ന പ്രഖ്യാപനമായിരുന്നു അത്. ദ മ്യൂട്ടിനി ഓഫ് ദ ഇന്നസെൻസിൽ അതേപ്പറ്റി ദെത്ത് പറയുന്നത് ഇങ്ങനെയാണ്: “ഞങ്ങൾ ഗ്രൂപ്പുകളോട് സംസാരിച്ചു. വ്യക്തികളോട് സംസാരിച്ചു. ഓരോ മിനിറ്റും ഏറെ വിലപ്പെട്ടതായിരുന്നു. ഇതായിരുന്നു ഞങ്ങളുടെ വിഷയം. ഇതൊരു വെറും ഭക്ഷ്യ കലാപമല്ലെന്ന് റേറ്റിംഗ്സ് മനസ്സിലാക്കണം. തങ്ങൾ ചരിത്രം രചിക്കാൻ പോവുകയാന്നെന്ന് അവർ അറിയണം. അവരുടെ നടപടി സ്വതന്ത്ര ഇന്ത്യയ്ക്ക് അഭിമാനത്തിന്റെ പൈതൃകമാണ് സൃഷ്ടിക്കുക. സന്ദർഭത്തിന്റെ കടുത്ത യാഥാർത്ഥ്യം അവരോട് പറയാൻ ഞങ്ങൾ സന്ദേഹിച്ചില്ല. ഞങ്ങൾ അവരെ ബോധ്യപ്പെടുത്തിയത് ഇത്രയുമാണ്. അവരുടെ ഇപ്പോഴത്തെ നില മോശമാണ്. ഭാവി അതിലും മോശമാവാം. അവരുടെ സേവനമില്ലാതെ തന്നെ ബ്രിട്ടീഷുകാർക്ക് കാര്യം നടത്തിക്കൊണ്ടു പോവാം. അതുകൊണ്ടുതന്നെ അവർ ഒട്ടും മര്യാദയില്ലാതെ തെരുവിലേക്ക് എറിയപ്പെടാം. ജനങ്ങൾ സഹാനുഭൂതി കാട്ടിയില്ല എന്നും വരാം. പക്ഷേ ഇപ്പോൾ ഒറ്റ രാത്രികൊണ്ട് അതെല്ലാം മാറ്റിമറിക്കാം. പോരാളികളായ അവർക്ക് ഇന്ത്യയുടെ മോചനത്തിൽ പങ്കാളികളാവാം. ഇന്ത്യൻ നേവി പിടിച്ചെടുക്കുക എന്നതിനാവണം ശ്രമം. അത് സാധിച്ചു കഴിഞ്ഞാൽ മറ്റൊന്നും ചെയ്യാനില്ല. സ്വാതന്ത്ര്യസമര സേനാനികൾക്ക് അത് കൈമാറിയാൽ മതി. ദശകങ്ങൾ കൊണ്ട് നേടാനാവാത്തത് ദിവസങ്ങൾ കൊണ്ട് നേടിയെടുക്കാനാകും.

1946. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾ മൂർഛിച്ച് അതിൻറെ പാരമ്യത്തിൽ എത്തിയ നാളുകളാണ്. ബംഗാളിലെ തേഭാഗ സമരം, കേരളത്തിൽ പുന്നപ്ര, വയലാർ, ബോംബെയിലെ ടെക്സ്റ്റൈൽ തൊഴിലാളികളുടെ പണിമുടക്ക്, ഭഗത് സിംങ്ങിന്റെ രക്തസാക്ഷിത്വം, 1943ലെ ബംഗാൾ കലാപം, തൊഴിലാളി‐കർഷക പ്രക്ഷോഭങ്ങൾ, രണ്ടാം ലോക മഹായുദ്ധാനന്തരം വിലക്കയറ്റത്തിനെതിരെ നടന്ന മുന്നേറ്റം, കാൺപൂർ‐മീററ്റ് ഗൂഢാലോചന കേസുകൾ, INA സൈനികർക്കെതിരെയുള്ള കേസ് വിചാരണ എന്നിങ്ങനെ കലുഷമായ അന്തരീക്ഷം.

പ്രക്ഷോഭം ആരംഭിച്ചതോടെ ഉയർത്തുന്ന ഡിമാന്റിന്റെ രീതിയാകെ മാറി. അവരുടെ പോസ്റ്ററുകൾ വിളിച്ചു പറഞ്ഞു. “ക്വിറ്റ് ഇന്ത്യ.’ അവർ ബ്രിട്ടീഷ് പതാക താഴ്ത്തി. അതിന്റെ സ്ഥാനത്ത് കോൺഗ്രസിന്റെ മൂവർണ കൊടിയും മുസ്ലിം ലീഗിന്റെ പച്ചക്കൊടിയും ഉയർത്തി. ജയ് ഹിന്ദ്, ഇങ്കുലാബ് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങൾ അവിടെയെല്ലായിടത്തും മുഴങ്ങി. ബോംബെയിൽ ജനങ്ങൾ പ്രക്ഷോഭകർക്ക് എല്ലാ സഹായവും നൽകി. തൊഴിലാളികൾ ഐക്യദാർഢ്യ പണിമുടക്ക് നടത്തി. ദേശാഭിമാനപരമായ ഈ പ്രക്ഷോഭത്തിന്റെ ആരംഭഘട്ടത്തിൽ ഇടതു പക്ഷത്തിനൊപ്പം നിന്ന കോൺഗ്രസും ലീഗും ചുവടുമാറ്റി കോളനി മേധാവികൾക്കൊപ്പം നിന്നു എന്നു മാത്രമല്ല പണിമുടക്ക് പിൻവലിക്കാൻ വൻ സമ്മർദ്ദവും ഭീഷണിയും നേതൃത്വത്തിനു മേൽ ചുമത്തുകയും ചെയ്‌തു. പ്രതികാര നടപടികൾ ഉണ്ടാവില്ലെന്ന് ഉറപ്പു നൽകുകയും ചെയ്തു. ഒട്ടേറെ പേർ പിന്നീട് പ്രതികാര നടപടികൾക്കു വിധേയരായി എന്നതും ചരിത്രം.

നാവിക കലാപത്തെ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ ഭാഗമായി കണക്കാക്കാൻ തയാറാകാതെ തങ്ങൾ നേതൃത്വം നൽകിയ സമാധാനപരമായ സമരത്തെ മാത്രം ഉയർത്തിപ്പിടിക്കാനും മറ്റു പ്രക്ഷോഭങ്ങളെ ഇകഴ്ത്തി കാണിക്കുകയോ അവഗണിക്കുകയോ ചെയ്യുവാനുള്ള വ്യഗ്രതയുടെ അടിസ്ഥാനം സ്വതന്ത്ര ഇന്ത്യയുടെ ഭരണം ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്നും എത്രയും വേഗം അന്നത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ നിയന്ത്രണത്തിലാക്കുക എന്നതായിരുന്നു. അതിനാൽ കലാപത്തിൽ ഏർപ്പെട്ടവരുടെ നേർക്ക് ബ്രിട്ടീഷ് ഭരണം വെച്ചുപുലർത്തിയ ശത്രുത ചോദ്യം ചെയ്യാനോ അക്കാര്യത്തിൽ അവരുമായി ഏറ്റുമുട്ടാനോ കോൺഗ്രസ് തയ്യാറായില്ല. മാത്രമല്ല സ്വതന്ത്ര ഭാരതത്തിൽ ഭരണം കയ്യാളിയ കോൺഗ്രസ് ത്യാഗപൂർണമായ സംഭാവന നൽകിയ ഈ സഖാക്കളെ സൗകര്യപൂർവ്വം കയ്യൊഴിയുകയും ചെയ്തു.

തമസ്കരിക്കപ്പെട്ട ഈ ചരിത്രത്തിൻറെ പുനർവായന പുതിയ തലമുറയ്ക്ക് മാർഗദർശകമാകും എന്ന് ഞാൻ കരുതുന്നു. l

Hot this week

പിയർ ഒഗസ്റ്റിൻ റെന്വയുടെ ചിത്രപ്രപഞ്ചം

ഫ്രാൻസ് ലോക ചിത്രകലയിൽ ഒരുപാട് മഹാരഥൻമാരെ സംഭാവന ചെയ്ത നാടാണ്. കലയുടെ...

യുഡിഎഫ്‌ വന്ദേമാതരത്തിൽ അലിഞ്ഞുചേരുമ്പോ

മുസ്ലിംലീഗിലെയും കോൺഗ്രസിലെയും സുഹൃത്തുക്കൾക്ക് ഫൗസിയ ഷെയ്ഖിനെയും റുബിന ഇഖ്ബാലിനെയും അറിയുമോ? ഈ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 25

മാർക്‌സിസത്തെ പുനർനിർമിക്കുന്ന ലെനിൻ ‘‘ഇരുപതാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട സുപ്രധാന കൃതികളിലൊന്നാണ്‌ ലെനിന്റെ...

ആനന്ദഭൈരവിയിൽ അലിഞ്ഞുതീരുന്ന വേദന!

കാലം 1800കൾ, മുത്തുസ്വാമി ദീക്ഷിതർ ഉത്തരേന്ത്യാ യാത്രയിൽ... -കാശി, വാരാണസി, ഗംഗാതീരം...

Topics

പിയർ ഒഗസ്റ്റിൻ റെന്വയുടെ ചിത്രപ്രപഞ്ചം

ഫ്രാൻസ് ലോക ചിത്രകലയിൽ ഒരുപാട് മഹാരഥൻമാരെ സംഭാവന ചെയ്ത നാടാണ്. കലയുടെ...

യുഡിഎഫ്‌ വന്ദേമാതരത്തിൽ അലിഞ്ഞുചേരുമ്പോ

മുസ്ലിംലീഗിലെയും കോൺഗ്രസിലെയും സുഹൃത്തുക്കൾക്ക് ഫൗസിയ ഷെയ്ഖിനെയും റുബിന ഇഖ്ബാലിനെയും അറിയുമോ? ഈ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 25

മാർക്‌സിസത്തെ പുനർനിർമിക്കുന്ന ലെനിൻ ‘‘ഇരുപതാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട സുപ്രധാന കൃതികളിലൊന്നാണ്‌ ലെനിന്റെ...

ആനന്ദഭൈരവിയിൽ അലിഞ്ഞുതീരുന്ന വേദന!

കാലം 1800കൾ, മുത്തുസ്വാമി ദീക്ഷിതർ ഉത്തരേന്ത്യാ യാത്രയിൽ... -കാശി, വാരാണസി, ഗംഗാതീരം...

ഒരു വീടും അതിലെ ശാന്തത/അശാന്തത

2024ൽ പുറത്തിറങ്ങിയ ‘ഭരതനാട്യം' എന്ന സിനിമയുടെ രണ്ടാം ഭാഗമാണ്‌ ഭരതനാട്യം 2:...

വിദ്വേഷപ്രചാരണങ്ങൾ അതിരു കടക്കുന്നുവോ?

വിദ്വേഷപ്രസംഗത്തിന്റെ കാര്യത്തിൽ നിയമനിർമാണങ്ങളില്ലെന്നത് തെറ്റിദ്ധാരണയാണെന്നും, ശത്രുത വളർത്തുന്നതും മതവികാരങ്ങളെ പ്രകോപിപ്പിക്കുന്നതും പൊതു...

ഹിന്ദു ടു ഹിന്ദു ഇക്കോണമി

മതനൂനപക്ഷങ്ങളെ, വിശേഷിച്ച് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും സാമ്പത്തികമായും സാമൂഹികമായും ബഹിഷ്കരിക്കാനുള്ള പരസ്യമായ ആഹ്വാനങ്ങൾ...
spot_img

Related Articles

Popular Categories

spot_imgspot_img